Kerala

തെറ്റായ പെരുമാറ്റം അംഗീകരിക്കാനാവില്ല; എസ് രാജേന്ദ്രനില്‍ നിന്ന് സിപിഎം വിശദീകരണം തേടും 

ദേവികുളം സബ്കലക്ടറെ പരസ്യമായി അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടി പരിശോധിക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ദേവികുളം സബ്കലക്ടറെ പരസ്യമായി അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടി പരിശോധിക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍. സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച് കൊണ്ട് മൂന്നാര്‍ എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി വിലയിരുത്തുമെന്നും കെ കെ ജയചന്ദ്രന്‍ പറഞ്ഞു. തെറ്റായ പെരുമാറ്റം പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ല. എംഎല്‍എയില്‍ നിന്ന് ഇതുസംബന്ധിച്ച് വിശദീകരണം തേടുമെന്നും ജയചന്ദ്രന്‍ പറഞ്ഞു. കയ്യേറ്റവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികളില്‍ ഇടപെടില്ലെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി. 

എസ് രാജേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന ഘട്ടത്തിലാണ് എംഎല്‍എയുടെ നടപടി പരിശോധിക്കാന്‍ സിപിഎം ജില്ലാ ഘടകം തയ്യാറായിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് സിപിഎം ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്. 

കഴിഞ്ഞദിവസം രേണുരാജിനെ പരസ്യമായി അധിക്ഷേപിച്ചതിന് മാപ്പുപറയില്ലെന്ന് ഇന്നലെ ചാനല്‍ചര്‍ച്ചയ്ക്കിടെ എസ് രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. തന്റെ ഫോണ്‍ കട്ട് ചെയ്യാന്‍ സബ് കലക്ടര്‍ക്ക് അധികാരമില്ലെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം എസ് രാജേന്ദ്രനെ താന്‍ അധിക്ഷേപിച്ചതായുളള ആരോപണം ശരിയല്ലെന്ന് സബ് കലക്ടര്‍ രേണുരാജ് വ്യക്തമാക്കി. അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും രേണുരാജ് വിശദീകരിക്കുന്നു. 

മൂന്നാറില്‍ പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം തടഞ്ഞതാണ് എംഎല്‍എ യുടെ ആക്ഷേപത്തിന് കാരണം. ഒരു ജനപ്രതിനിധിയെന്നോ മുതിര്‍ന്ന വ്യക്തിയെന്ന നിലയിലോ ഉള്ള യാതൊരു പരിഗണനയും സബ് കലക്ടര്‍ നല്‍കിയില്ലെന്നും എംഎല്‍എയുടെ പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് രേണു രാജിനെ ആക്ഷേപിച്ചു കൊണ്ട് എംഎല്‍എ രംഗത്തെത്തിയത്. 

പഴയമൂന്നാറില്‍ മുതിരപ്പുഴയാറിന്  തീരത്ത് എന്‍.ഒ. സി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിര്‍മ്മാണത്തിനാണ്  കഴിഞ്ഞ ദിവസം  റവന്യൂ വകുപ്പ് സ്‌റ്റോപ് മെമ്മോ നല്‍കിയത്. കെ ഡി എച്ച് കമ്പനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായ് വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ് കലക്ടര്‍ രേണു രാജിന്റെ നടപടി. എന്നാല്‍ പഞ്ചാത്തിന്റെ നിര്‍മ്മാണങ്ങള്‍ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു എംഎല്‍എ സബ്ബ് കളക്ടറെ ബോധമില്ലാത്ത അവളെന്ന് പറഞ്ഞ് ആക്ഷേപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT