മഞ്ചേരി: സിപിഎം നേതാവ് പി ജയരാജനെതിരെ വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകന്‍ കോടതിയില്‍ മാപ്പു പറഞ്ഞു. എടവണ്ണ സ്വദേശി പറങ്ങോടന്‍ അപ്പുവാണ് മഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പി ജയരാജനോട് മാപ്പ് പറഞ്ഞത്.
സാമൂഹ്യമാധ്യമത്തിലൂടെ വധഭീഷണി മുഴക്കി എന്നായിരുന്നു കേസ്. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി നടപടി ആരംഭിച്ചയുടനെ അപ്പു നിരുപാധികം മാപ്പു പറയുമെന്ന് അറിയിച്ചു.
തെറ്റുപറ്റിപ്പോയതാണ്, പൊറുക്കണം, ഇനിമേലില്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതി മാപ്പ് പറഞ്ഞു. തെറ്റ് മനസ്സിലാക്കി ആത്മാര്‍ത്ഥമായി മാപ്പ് ചോദിച്ച സാഹചര്യത്തില്‍ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് ജയരാജന്‍ കോടതിയെ അറിയിച്ചു. കേസില്‍ സാക്ഷി പറയാനായി രാവിലെയാണ് ജയരാജന്‍ എത്തിയത്.
2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരേ സിപിഎം പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനം നോക്കിക്കാണുന്ന പടം പി ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിന്നു. ഇതിനുതാഴെയാണ് പ്രതി വധഭീഷണി മുഴക്കി കമന്റിട്ടത്. 'നിന്റെ പടവും ഒരുനാള്‍ അഴീക്കോടന്‍ ഓഫീസില്‍ തൂങ്ങും' എന്നായിരുന്നു കമന്റ്.
ഇതിനെതിരേ പി ജയരാജന്‍ ഡിജിപിക്ക് പരാതിനല്‍കി. ഇതിന് ഏതാനും ദിവസങ്ങള്‍മുന്‍പ് തപാലിലും ജയരാജന് വധഭീഷണിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എടവണ്ണ പൊലീസിനോട് കേസ് രജിസ്റ്റര്‍ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates