കോഴിക്കോട്: ശബരിമലയിൽ യുവതികൾ കയറിയതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കാരണം കാണിക്കൽ നോട്ടീസ്. സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മീഷനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ശബരിമലയിൽ പ്രവേശിച്ച യുവതികളിൽ ഒരാൾ ദളിത് ആണ്. ആയതിനാൽ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണെന്ന് നോട്ടീസിൽ കമ്മീഷൻ വ്യക്തമാക്കി.
ഈ മാസം 17-ന് ഹിയറിംഗിനായി ഹാജരാവാൻ തന്ത്രിക്കു നോട്ടീസ് അയച്ചിരുന്നു. ഈ ദിവസം കമ്മീഷൻ മുമ്പാകെ ഹാജരാവാത്തതു കൊണ്ട് തുടർ നടപടി എന്ന നിലയ്ക്കാണ് തന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്ന് കമ്മീഷൻ അംഗം എസ്. അജയകുമാർ അറിയിച്ചു. ഒരു തന്ത്രിയും ഭരണഘടനയ്ക്കും നിയമ വ്യവസ്ഥയ്ക്കും അതീതനല്ല. ഇത്തരത്തിലുള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിർക്കപ്പെടേണ്ടതാണെന്നും അജയകുമാർ പറഞ്ഞു.
ജനുവരി രണ്ടിനാണ് ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമലയിൽ ദർശനം നടത്തിയത്. പുലർച്ചെയാണ് ഇവർ സന്നിധാനത്തെത്തി ദർശനം നടത്തിയത്. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ തന്ത്രി ശബരിമല നട അടച്ച് ശുദ്ധിക്രിയ ചെയ്യുകയായിരുന്നു. ദേവസ്വം ബോർഡിനോട് ആലോചിക്കാതെയാണ് ശുദ്ധിക്രിയ നടത്തിയതെന്നും, ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും തന്ത്രിയോട് ബോർഡും ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates