Kerala

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരന്‍ കസ്റ്റഡിയില്‍ ; കൂടുതല്‍ അറസ്റ്റിന് സാധ്യത

രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ ഏറ്റവും ക്രൂരമായി മര്‍ദിച്ചത് നിയാസും എഎസ്‌ഐ റജിമോനും ആണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ നിയാസാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്. നെടുങ്കണ്ടത്തെ ക്രൈംബ്രാഞ്ച് ക്യാംപ് ഓഫീസില്‍ നിയാസിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.

രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ ഏറ്റവും ക്രൂരമായി മര്‍ദിച്ചത് നിയാസും എഎസ്‌ഐ റജിമോനും ആണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസിലെ കൂട്ടുപ്രതികളായ ശാലിനിയും മഞ്ജുവും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയ നിയാസ് യൂണിഫോം ധരിക്കാന്‍ പോലും നില്‍ക്കാതെ രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ശാലിനി വെളിപ്പെടുത്തിയിരുന്നു.

രാജ്കുമാറിന്റെ കണ്ണിലും രഹസ്യഭാഗത്തും കാന്താരി മുളക് പ്രയോഗത്തിനും എസ്‌ഐ സാബുവിനൊപ്പം നിയാസും ഉണ്ടായിരുന്നതായി ശാലിനി പറഞ്ഞിട്ടുണ്ട്. ശാലിനിയോട് പൊലീസുകാരന്‍ മോശമായി പെരുമാറിയെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായി മല്‍ദിക്കാന്‍ പൊലീസ് ഡ്രൈവറായ നിയാസിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. 

ചിട്ടിതട്ടിപ്പുകേസില്‍ കൂട്ടുപ്രതിയായ ശാലിനിയോടും ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട മൊഴിയെടുക്കുകയും, സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും ലക്ഷ്യമിട്ടാണ് ശാലിനിയെയും വിളിച്ചുവരുത്തുന്നത്. കസ്റ്റഡി മര്‍ദന കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു