സന്നിധാനം: ശബരിമലയില്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. സര്‍ക്കാരും സിപിഎമ്മും തനിക്കെതിരെ വ്യാജപ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. വിശ്വാസികള്‍ തന്നെ ആചാരലംഘനം നടത്തിയെന്ന പ്രചാരണമാണ് തന്റെ പേരില് ഉന്നയിക്കുന്നത്. പ്രതിഷേധത്തെ വഴിതിരിച്ചുവിടാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. ഇന്ന് രാവിലെയാണ് ഗുരുസ്വാമിക്കൊപ്പം പതിനെട്ടാംപടികയറി കയറിയത്. ശ്രീകോവില്‍ ദര്‍ശനം നടത്തുന്നതിനിടെയാണ് പുറകില്‍ വലിയ ബഹളമുണ്ടാകുന്നത്. തന്റെ കൈയിലുള്ള ഇരുമുടിക്കെട്ട് കൂട്ടാളികളെ ഏല്‍പ്പിച്ചതിന് ശേഷമാണ് ഭക്തരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അവിടുത്തെ സിസി ടിവി പരിശോധിച്ചാല്‍ വ്യക്തമാകും. ഒരാചരലംഘനവും നടത്തിയിട്ടില്ല. ആചാരലംഘനം നടക്കുന്നുവെന്നറിഞ്ഞ് വേദനപ്പെട്ട മനസ്സുമായാണ് വിശ്വാസികള്‍ ഇവിടെ എത്തിയിട്ടുള്ളത്. ഇത് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്. ആരോ മൈക്ക് തന്നതിന്റെ അടിസ്ഥാനത്തിലാണ് ആഹ്വാനം ചെയ്തത്. ആരുടെ മൈക്കാണ് എന്ന് നോക്കിയിട്ടില്ല. അതിന് പിന്നില്‍ മറ്റൊരു ദുരുദ്ദേശ്യം ഉണ്ടായിട്ടില്ലെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടിടത്ത് സംഘ് പരിവാര്‍ നേതാക്കളള്‍ ക്രമസമാധാന പാലകരായത് ഏറെ പ്രതിഷേധത്തിന് ഇടവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വത്സന്‍ തില്ലേങ്കരി വിശദീകരണവുമായി രംഗത്തെത്തിയത്. ശബരിമലയില്‍ ക്രമസമാധാനം ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടിട്ടില്ല. പതിവിന്ന് വിപരീതമായി ഭക്തജനങ്ങള്‍ ധാരാളമുണ്ട്. അവര്‍ പല പ്രദേശങ്ങളില്‍ നിന്നെത്തിയവരാണ്. തുകൊണ്ട് തന്നെ പൊലീസിനെ സഹായിക്കുകയായിരുന്നു ചെയ്തത്. യുവതികള്‍ പ്രവേശിക്കുമ്പോള്‍ ഭക്തര്‍ പ്രകോപിതരാകുന്നത് സ്വഭാവികമാണ്. ആ സമയത്ത് പൊലീസിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും സന്നിധാനത്ത് പൊലീസിന്റെ ഇടപെടല്‍ ശക്തമായിരുന്നെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
സന്നിധാനത്തെ പ്രതിഷേധം ഒരു ഘട്ടത്തിലും അതിര് കടന്നിട്ടില്ല. ഇത്തരം കാര്യം കൈകാര്യം ചെയ്യുന്നതില്‍ പൊലീസായാലും സൈന്യമായാലും പരിമിതയുണ്ട്. അതുകൊണ്ട് സംഘ്പരിവാര്‍ നേതൃത്വം ക്രമസമാധാനപാലകരായെന്ന പ്രചാരണം ശരിയല്ല. ശബരിമലയിലെ ഭക്തരുടെ പെരുമാറ്റം വൈകാരികമാകാന്‍ കാരണം ഇന്നലെ സന്നിധാനത്തും മറ്റുമുണ്ടായ ചില സംഭവങ്ങളാണ്. എരുമേലിയില്‍ നിന്നും നിലയ്ക്കലിലേക്ക് എത്താന്‍ കെഎസ്ആര്‍ടിസി ബസ്സ് ഉണ്ടായിട്ടും വരാന്‍ തയ്യാറായില്ല. അന്വേഷിച്ചപ്പോള്‍ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് വരാതിരുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിശദീകരണം. ഒടുവില്‍ പ്രതിഷേധത്തിനൊടുവിലാണ് ബസ്സ് സര്‍വീസ് തുടങ്ങിയത്. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ വന്നവരാണ് ഭൂരിഭാഗം. അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. നിലയ്ക്കലില്‍ നിന്ന് നടന്നിട്ടാണ് ഭക്തര്‍ എത്തിയത്. ഇത് ഭക്തരെ പ്രകോപിക്കാന്‍ ഒരുകാരണമായെന്നും വത്സന്‍ തില്ലേങ്കേരി പറഞ്ഞു.
അപ്രതീക്ഷിതമായി ഭക്തരോട് ഐഡന്‍ഡിറ്റി കാര്‍ഡ് ചോദിച്ചത് പ്രശ്‌നങ്ങള്‍ക്ക് കാരണമായി. നേരത്തെ ഇത്തരമൊരു നിര്‍ദ്ദേശം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിനാല്‍ പലരുടെയും കൈയില്‍ ഐഡന്‍ഡിറ്റി കാര്‍ഡ് ഉണ്ടായിരുന്നില്ല.പിന്നെ പമ്പയില്‍ നിന്ന് ഇരുമുടിക്കെട്ട് പരിശോധിക്കുന്ന സ്ഥിതിയും ഉണ്ടായി. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. നിയമപാലകരല്ലാത്തവര്‍ ഭക്തയുടെ ഇരുമുടിക്കെട്ട് പരിശോധിച്ച സ്ഥിതി ശരിയായില്ല. ചിലസമയത്ത് നിയന്ത്രണം വിട്ടപോലെ പെരുമാറിയിട്ടുണ്ട്. തീവ്രസ്വഭാവമുള്ള സംഘടനകളാണ് ഇതിന് പിന്നില്‍. ആരാധാനാലായങ്ങളെ സംഘര്‍ഷഭരിതമാക്കാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ശ്രമിക്കില്ല. മറ്റാരെങ്കിലും നടത്തുന്നത് സംഘ്പരിവാറിന്റെ പ്രവര്‍ത്തകരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ഒരു പ്രശ്‌നം ഉണ്ടാകരുതെന്ന തോന്നലിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് അത് ചെയ്തത്.സംഘര്‍ഷസമയമുണ്ടാകുമ്പോല്‍ ചിലപ്പോള്‍ പൊലീസിന്റെ മൈക്ക് നേതാക്കന്‍മാര്‍ ഉപയോഗിക്കാറുണ്ട്. അതിനെ വിവാദമാക്കേണ്ടതില്ലെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates