വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നെത്തിയപ്പോൾ കരഘോഷങ്ങളാണ് അയാളെ വരവേറ്റത്. നാല് ദിവസത്തെ തുടർച്ചായായ ജോലിക്ക് ശേഷം മടങ്ങിയെത്തിയ ആ യുവാവിന് കൂടുതൽ ഊർജ്ജം പകരുന്നതായിരുന്നു അയൽവാസികൾ ചേർന്ന് പകർന്ന സ്നേഹം.
കളമശ്ശേരി മെഡിക്കൽ കോളജിലെ ജീവനക്കാരനായ എം എം പ്രജിത്ത് എന്ന യുവാവിനാണ് ഇത്തരത്തിലൊരു സ്വീകരണം ലഭിച്ചത്. ആശുപത്രിയിൽ ലാബ് അസിസ്റ്റന്റ് ആയി ജോലിചെയ്യുന്ന പ്രജീത്ത് ഭിന്നശേഷിക്കാരനാണ്. വീട്ടിൽ മടങ്ങിയെത്തിയപ്പോൾ നാട്ടുകാർ പ്രകടിപ്പിച്ച സ്നേഹത്തിന് മറുപടി കൈ ഉയർത്തലിൽ ഒതുക്കിയ പ്രജിത്ത് നേരെ പോയത് വീടിന്റെ പിൻവശത്തേക്കാണ്. ഇവിടെ നിന്ന് ലാബ് വസ്ത്രങ്ങൾ കഴുകാനെടുക്കുന്ന പ്രജിത്തിനെ വിഡിയോയിൽ കാണാം.
കോവിഡ് 19 ലോകമെമ്പാടും ഭീതി പടർത്തിയിരിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് ജനങ്ങളെല്ലാം. ഇന്ത്യയിൽ 415 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് സർക്കാർ നിർദേശം. പല സംസ്ഥാനങ്ങളും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചുകഴിഞ്ഞു.
വൈറസ് വ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഇന്നലെ രാജ്യമൊട്ടാകെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചത്. ഇതോടൊപ്പം കോവിഡിനെ നേരിടാൻ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ അടക്കമുള്ളവരെ അഭിനന്ദിക്കാനും രാജ്യം മറന്നില്ല. വൈകിട്ട് അഞ്ചുമണിക്ക് വീട്ടുമുറ്റത്തും ബാൽക്കണിയിലുമൊക്കെ എത്തി കരഘോഷം മുഴക്കിയും പാത്രങ്ങൾ കൂട്ടിമുട്ടിച്ചുമൊക്കെ ജനങ്ങൾ സ്നേഹം പ്രകടിപ്പിച്ചു. എന്നാൽ അഞ്ച് മിനിറ്റിൽ അവസാനിക്കില്ല അവർ നൽകുന്ന കരുതൽ എന്ന് വെളിപ്പെടുത്തുകയാണ് പ്രജിത്തിന് കിട്ടിയ ഈ അംഗീകാരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates