ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഒരാഴ്ചത്തെ പ്രതിഷേധസമരത്തിനൊരുങ്ങി ഇടതുപാര്‍ട്ടികള്‍. ജനുവരി ഒന്ന് മുതല്‍ ഏഴ് വരെയാണ് പ്രതിഷേധ പരിപാടികള്‍. അഞ്ച് ഇടതുപാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജനുവരി എട്ടിന് ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കിനും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഗ്രാമീണ ബന്ദിനും ഇടതുപാര്‍ട്ടികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സിപിഎം, സിപിഐ, സിപിഐഎംഎല്‍, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ സമാധാനപരമായി സമരം നടത്തുന്നവരെ ബിജെപി സര്‍ക്കാരുകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ്. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും ഗുജറാത്തിലും ത്രിപുരയിലും അതാണ് കണ്ടത്. കേന്ദ്രഭരണത്തിന്റെ സ്വാധീനത്തില്‍ ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കകുയാണെന്ന് ഇടതുപാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഭരണഘടനയിലെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഒരാഴ്ച നീണ്ട പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്താന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്നും ഈ സമരത്തോടൊപ്പം അണിചേരാനും സീതാറാം യെച്ചൂരി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പൗരത്വനിയമഭേദഗതിക്കെതിരായി രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. കൊല്‍ക്കത്തിയല്‍ ഇന്ന് നടന്ന മഹാറാലിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയത്. നിയമം പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്നും ബിജെപിയുടെ തീക്കൊള്ളിക്കളിയില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും മമത പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസിനെതിരെ അമിത് ഷാ രംഗത്തെത്തി.പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ ഒന്നും പറയാത്തവരാണ് പുറത്തിറങ്ങി ഭയപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസും ദേശവിരുദ്ധരും തമ്മില്‍ ബന്ധമുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന അക്രമത്തിന് പിന്നിലും ഇവരാണ്. അതിന് ഡല്‍ഹി ജനത തക്കതായ ശിക്ഷ നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ഡല്‍ഹിയില്‍ കിംവദന്തികള്‍ പരത്തുന്നത് കോണ്‍ഗ്രസ് ആണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യതലസ്ഥാനത്തെ അതിക്രമങ്ങള്‍ക്ക് കാരണക്കാരും ഇവരാണ്. ഡല്‍ഹിയിലെ തുക്‌ഡെതുക്‌ഡെ ഗാങ്ങിനെ പാഠം പഠിപ്പിക്കാനുള്ള സമയമായെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates