തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതു ഇടങ്ങളില്‍ പരിശോധനാ കിയോസ്‌കുകള്‍ സ്ഥാപിക്കും. ഇവിടെ സര്‍ക്കാര്‍ നിരക്കില്‍ ആന്റിജന്‍ പരിശോധന നടത്താം. പദ്ധതിയുടെ പൂര്‍ണ ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സര്‍ക്കാര്‍ നല്‍കി.
പരിശോധനാ കിയോസ്‌കുകള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയും നടത്തും. പരിശോധനകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാകും ഈടാക്കുക.
കോവിഡ് രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ ഇനി ആശുപത്രിയില്‍ ബന്ധുവിനെ അനുവദിക്കും. ബന്ധു പൂര്‍ണ ആരോഗ്യമുള്ള ആളായിരിക്കണം. രോഗിയുടെ അവസ്ഥയും സഹായത്തിന്റെ സാഹചര്യവും മനസ്സിലാക്കിയാകും കൂട്ടിരിപ്പുകാരെ അനുവദിക്കുക. കോവിഡ് മെഡിക്കല്‍ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കൂട്ടിരിക്കുന്നയാള്‍ നേരത്തെ കോവിഡ് പോസിറ്റീവ് ആയ വ്യക്തിയാണെങ്കില്‍, നെഗറ്റീവ് ആയി ഒരു മാസം കഴിഞ്ഞിരിക്കണം.
കൂട്ടിരിക്കുന്നയാള്‍ രേഖാമൂലമുള്ള സമ്മതം നല്‍കിയിരിക്കണം. കൂട്ടിരിക്കുന്ന ആള്‍ക്ക് പിപിഇ കിറ്റ് നല്‍കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. തിരുവനന്തപുരത്ത് കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്, കോവിഡ് പ്രോട്ടോക്കോളില്‍ ആരോഗ്യവകുപ്പ് മാറ്റം വരുത്തിയിട്ടുള്ളത്.
കേരളത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞദിവസം കേരളം പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ദിവസവും പതിനായിരത്തിന് അടുത്ത് ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തിലാണ് പരിശോധന വര്‍ധിപ്പിക്കാനും രോഗവ്യാപനം തടയാനും സര്‍ക്കാര്‍ നീക്കം.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയാണ് നിരക്ക്.ആര്‍.ടി പി.സി.ആര്‍. പരിശോധനയ്ക്ക് 2750 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. സിബിനാറ്റിന് 3000 രൂപയും ട്രൂനാറ്റിന് ആദ്യഘട്ടത്തില്‍ 1500ഉം രണ്ടാംഘട്ടം ആവശ്യമാണെങ്കില്‍ വീണ്ടും 1500ഉം അടയ്ക്കണം. ഏറ്റവും വേഗത്തില്‍ ഫലമറിയാവുന്ന സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്നതാണ് കോവിഡ് ആന്റിജന്‍ പരിശോധന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates