Kerala

'പൊളിഞ്ഞു പോയ ഒരു ബിസിനസ്‌ ഡീൽ ആയിരുന്നു ഈ പക പോക്കലിന്റെ കാരണം, പക്ഷേ കാഞ്ഞബുദ്ധിയിൽ കഞ്ഞി വെന്തില്ല'

'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ പ്രതികരണം സർക്കാരിന്റെ ഫിനാൻസ്‌ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയെക്കുറിച്ചായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമർശനവുമായി എംഎൽഎ കെഎം ഷാജി. ഭരണസംവിധാനത്തിന്റെ ദുരിതക്ഷേമപ്രവർത്തനങ്ങളുടെ സെന്റിമന്റ്‌ സീനുകൾക്ക്‌ പിറകിൽ കൊടിയ വഞ്ചനയുടെ നിഴലാട്ടം കാണുമ്പോൾ മിണ്ടാതിരിക്കുന്നത് അപകടമാണെന്നാണ് ഷാജി പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ പ്രതികരണം സർക്കാരിന്റെ ഫിനാൻസ്‌ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയെക്കുറിച്ചായിരുന്നു. എന്നാൽ ഈ പോസ്റ്റിൽ അല്ല മുഖ്യമന്ത്രി വയലന്റായത്. സ്പ്രിം​ഗ്ലർ കമ്പനിയുമായുള്ള ബിസിനസ് ഡീൽ പൊളിഞ്ഞതാണ് പകപോക്കലിന് കാരണം എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിൽ കെഎം ഷാജി കുറിച്ചത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി കെഎം ഷാജിക്കെതിരെ വിമർശനം ന‌ടത്തിയതിന് പിന്നാലെ എംഎൽഎയ്ക്കെതിരെ അഴിമതി കേസിൽ വിജിലൻസ് കേസെടുത്തിരുന്നു. ഇത് രാഷ്ട്രീയ പകപോക്കലാണെന്നാണ് പ്രതിപക്ഷ ആരോപണം. 

കെഎം ഷാജിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

എപ്പോഴാണു രാഷ്ട്രീയം പറയേണ്ടത്‌ എന്ന ചർച്ചയിലായിരുന്നു പലരും. രോഗദുരിതങ്ങൾക്കിടയിൽ രാഷ്ട്രീയം പറയാമോ എന്ന ചോദ്യം പരസ്പരം ചോദിക്കുന്നതിന്റെ അർത്ഥം തന്നെ നമ്മൾക്ക്‌ പലതും ചോദിക്കാനുണ്ട് എന്ന് തന്നെയാണ്!!‌

ഒരു ഭരണസംവിധാനം ദുരിത ക്ഷേമ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവരോട്‌ ചോദ്യങ്ങൾ ഉന്നയിച്ച്‌ അലോസരമുണ്ടാക്കരുത് എന്ന വിലക്ക്‌ ശരിയല്ലേ എന്ന് ആർക്കും തോന്നിപ്പോവും. പക്ഷെ, ഈ സെന്റിമന്റ്‌ സീനുകൾക്ക്‌ പിറകിൽ കൊടിയ വഞ്ചനയുടെ നിഴലാട്ടം കാണുമ്പോൾ മിണ്ടാതിരിക്കുന്നതാണു അപകടം!!

സ്പ്രിങ്ക്ലർ കമ്പനിയുമായുള്ള കരാർ അങ്ങനെ ഒന്നാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞപ്പോൾ സൈബർ ഗുണ്ടകൾ ആ മനുഷ്യനെ സോഷ്യൽ മീഡിയ തെരുവിൽ കല്ലെറിഞ്ഞു.

ആ സൈബർ ലിഞ്ചിങ് പോലും പെയ്ഡ്‌ പി ആർ വർക്കിന്റെ ഭാഗമായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

ഒരു പൊതുപ്രവർത്തകൻ എന്ന നിലക്ക്‌ ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാരിന്റെ ഫിനാൻസ്‌ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയെക്കുറിച്ചായിരുന്നു.

മുഖ്യമന്ത്രി വയലന്റായത്‌ ആ എഫ്‌ ബി പോസ്റ്റിലല്ല എന്ന് ഇപ്പോൾ തിരിച്ചറിയുന്നു; പൊളിഞ്ഞു പോയ ഒരു ബിസിനസ്‌ ഡീൽ ആയിരുന്നു ഈ പക പോക്കലിന്റെ കാരണം.

സ്പ്രിങ്ക്ലർ എന്ന കമ്പനിയുടെ കരാറിൽ നിന്ന് മാധ്യമ/പൊതുജന ശ്രദ്ധ തിരിക്കാൻ ഒരു വിഷയം വേണം. കരുവാക്കാൻ നല്ലത്‌ ഞാനാണെന്നും തോന്നിക്കാണും!!

പക്ഷെ, ആ കാഞ്ഞബുദ്ധിയിൽ കഞ്ഞി വെന്തില്ല.
സത്യം മൂടിവെക്കാൻ കോടികളുടെ പി ആർ കമ്പനിക്കുമാവില്ല; കാരണം, ഇത്‌ കേരളമാണ്‌!!

സ്പ്രിങ്ക്ലർ കമ്പനിയുടെ റൂട്ട്‌ മാപ്പ്‌ ഉണ്ടാക്കി വന്നപ്പോൾ വലിയ സോഷ്യൽ ഡിസറ്റൻസിംഗ്‌ കാണുന്നില്ല.

ആരൊക്കെയോ അടുത്തടുത്ത്‌ നിൽക്കുന്നു.
വ്യക്തമാവാത്ത വസ്തുതാപരമല്ലാത്ത ഒരു കാര്യം ഇവിടെ ഉന്നയിക്കുന്നില്ല.

മക്കൾക്ക്‌ വേണ്ടി ആളുകൾ ക്ഷോഭിച്ച്‌ പോവുന്നതിൽ കുറ്റം പറയാനാവില്ല.
ബർലിൻ കുഞ്ഞനന്തൻ നായരുടെ വാക്കുകളിൽ പറഞ്ഞാൽ എല്ലാ ആദർശങ്ങളും മറന്ന് പോകും മക്കൾക്ക്‌ വേണ്ടി!!

2000 ജൂലൈ പത്തൊമ്പത്‌ കാലത്തൊക്കെ നിങ്ങളിൽ പലരുടെയും മക്കൾ തെരുവിലായിരുന്നു സഖാക്കളെ;പാർട്ടി സെക്രട്ടറിയുടെ ആഹ്വാനം കേട്ട്‌ സ്വാശ്രയ കോളേജുകൾക്കെതിരെയുള്ള സമരത്തിൽ!!

സെക്രട്ടറിയാണെങ്കിൽ കോയമ്പത്തൂരിൽ വരദരാജൻ മുതലാളിയുടെ വീട്ടിൽ വിശ്രമത്തിലും;
അമൃത എഞ്ചിനീയറിംഗ്‌ കോളേജിൽ മകൾക്ക്‌ സീറ്റ്‌ കിട്ടിയ സന്തോഷത്തിൽ!!

അത്‌ കൊണ്ട്‌ എന്നെ വിജിലൻസ്‌ കേസിൽ ഉൾപെടുത്തുന്നതിൽ ആശങ്ക വേണ്ട പ്രിയപ്പെട്ടവരേ! അത്‌ നിയമത്തിന്റെ വഴിക്ക്‌ പോകട്ടെ!!

എന്നാൽ,ഇതിനിടയിൽ കൂടി
നമ്മളെ ഒന്നാകെ വിൽക്കുന്ന കച്ചവടം നടത്തുന്നത് കാണുമ്പോൾ അരുതെന്ന് പറഞ്ഞോളൂ;

അതിനാണു രാഷ്ട്രീയം എന്ന് പറയുക;

ആ രാഷ്ട്രീയം കൊക്കിൽ ജീവനുള്ള കാലത്തോളം പറയുകയും ചെയ്യണം!!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT