പ്രതീകാത്മക ചിത്രം 
Kerala

പ്രണയവിവാഹം: തട്ടിക്കൊണ്ടുപോയ നവവരന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് പുനലൂരില്‍നിന്ന് 

പുനലൂരിനു സമീപം ചാലിയക്കര തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയ വിവാഹം ചെയ്തതിനു പിന്നാലെ കാണാതായ കോട്ടയം മാന്നാനം സ്വദേശിയായ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂരിനു സമീപം ചാലിയക്കര തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രണയ വിവാഹം ചെയ്തതിന് വധുവിന്റെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസ് കരുതുന്നു. തട്ടിക്കൊണ്ടുപോയെന്നു സംശയിക്കുന്ന കാര്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഇതു വധുവിന്റെ ബന്ധുവിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഭാര്യയും വരന്റെ സുഹൃത്തും ബന്ധുക്കളും പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു വീട്ടുകാര്‍ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അതിക്രമത്തിനു പിന്നില്‍ തന്റെ സഹോദരനാണെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്.

നവവരനൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഗുണ്ടാസംഘം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇയാള്‍ തിരികെയെത്തി വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ലെന്നും ഭാര്യ പറയുന്നു

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ റജിസ്‌ട്രേഷന്‍ ഓഫിസില്‍ കെവിന്‍ (23) എന്ന യുവാവും പെണ്‍കുട്ടിയും വിവാഹിതരായത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ഗുണ്ടാസംഘമെത്തി വീട് അടിച്ചു തകര്‍ത്ത ശേഷം കെവിനെയും ബന്ധു മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെയും (30) തട്ടിക്കൊണ്ടു പോവുകയായിരുന്നു.

കൊല്ലം തെന്മല സ്വദേശിനിയായ പെണ്‍കുട്ടിയെ കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ വിരോധത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും അവര്‍ക്കൊപ്പം എത്തിയവരുമാണ് വീട് കയറി ആക്രമിച്ച ശേഷം ഇരുവരെയും തട്ടിക്കൊണ്ടുപോയെന്നുമാണ് പൊലീസ് നിഗമനം. അക്രമി സംഘവുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്ന് പറഞ്ഞെന്നാണ് പൊലീസ് ഭാഷ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT