ഇന്നത്തെപോലും പൊതു പ്രവര്‍ത്തകരുടെ ഭാര്യമാര്‍ സമൂഹത്തില്‍ അദൃശ്യരായിരിക്കുമ്പോള്‍, വളരെ മുമ്പേ സ്വന്തം സാമൂഹിക രാഷ്ട്രീയ പൊതുജീവിതവും പ്രവര്‍ത്തനവും അടയാളപ്പെടുത്തിയ വനിതയാണ് സുശീലാ ഗോപാലനെന്ന് എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ ഗീത. സുശീലയുടെ തന്റേടത്തെയും ആ തന്റേടത്തെ തുല്യ നിലയില്‍ പരിഗണിച്ച എകെജിയെയും താന്‍ ബഹുമാനിക്കുന്നുവെന്ന് ഗീത സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ എഴുതി. ഇരയാകാന്‍ കൂട്ടാക്കാത്ത തന്റേടി ആയിരുന്നു സുശീല എന്നതു കൊണ്ടു കൂടിയാണ് ഗോപാലന് ഭൂമിയിലുറച്ചു നിന്ന് ആകാശത്തിലേക്കു ചിറകു വിടുര്‍ത്താന്‍ കഴിഞ്ഞത്- ഗീതയുടെ കുറിപ്പില്‍ പറയുന്നു
ഗീതയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം:
എന്റെ പ്രശ്‌നം എപ്പോഴും പെണ്ണു തന്നെ.
ഇപ്പോള്‍ വിഷയം
ഏ കെ ജിയാണല്ലോ. ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന ഒരു പക്ഷേ ലെനിനേക്കാളൊക്കെ( അദ്ദേഹം എന്റെ ഭാഷയില്‍ അല്ല സംസാരിച്ചത് എന്നതുകൊണ്ടു കൂടിയാകാം ) എന്നു പറയാം കമ്മ്യുണിസ്റ്റുകാരനാണ്
ഏ കെ ജി. അതിനു ചില കാരണങ്ങളുണ്ട്.
ജാതിവാല്‍ ഉപയോഗിക്കാത്ത മുന്‍നിര കമ്മ്യുണിസ്റ്റായിരുന്നു ഏ കെ ജി. നമ്പൂതിരിപ്പാടും മേനോനും പിള്ളയും കമ്മ്യൂണിസ്റ്റുകാരുടെ പേരോടൊപ്പം നിലനിര്‍ത്തട്ടെ സാഹചര്യത്തില്‍ ഒരു വെറും ഗോപാലനായി നിന്ന തന്റേടം എന്നെ ഇപ്പോഴും അദ്ദേഹത്തിനു മുമ്പില്‍ വിനീതയാക്കുന്നു.
അതിലേറെ ഞാന്‍ ഗോപാലന്റെയും സുശീലയുടെയും പ്രണയത്തെ ഏറെ മതിക്കുന്നു. കാരണം ഇന്നത്തെപോലും പൊതു പ്രവര്‍ത്തകരുടെ ഭാര്യമാര്‍ സമൂഹത്തില്‍ അദൃശ്യരായിരിക്കുമ്പോള്‍ അക്കാലത്ത് സുശീല സ്വന്തം സാമൂഹിക രാഷ്ട്രീയ പൊതുജീവിതവും പ്രവര്‍ത്തനവും അടയാളപ്പെടുത്തി. കെ ആര്‍ ഗൗരിയമ്മക്കും കൂത്താട്ടുകുളം മേരിക്കും ശേഷമുള്ള തലമുറയിലെ ചുരുക്കം ചില സ്ത്രീനാമങ്ങളിലൊന്നായി സുശീല ഗോപാലന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റു ചരിത്രത്തില്‍ രേഖപ്പെടുന്നു. അതത്ര നിസ്സാരമല്ല എന്നു തന്നെ ഞാന്‍ കരുതുന്നു. കാരണം ഇന്ന് എത്ര സ്വരാജുമാരുടെയും ബലരാമന്മാരുടെയും ഭാര്യമാര്‍ സ്വന്തം പൊതുവിടങ്ങളുടെ അവകാശികളായിരിക്കുന്നു?
ഞാന്‍ ഉദ്ദേശിച്ചത് ഏറ്റവും ന്യൂ ജെന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്മാര്‍ക്കു പോലും സ്വന്തം പങ്കാളികള്‍ അവനവന്റെ ജീവിതത്തിനും വീടിനും വേണ്ടി മാത്രമുള്ളവരാണ്. സ്വാതന്ത്ര്യപൂര്‍വ നവോത്ഥാന പ്രതിനിധികള്‍ മാത്രമായി കേരളത്തിലെ പുതുതലമുറ നേതാക്കന്മാര്‍ പലരും സങ്കോചിച്ചിരിക്കുന്നു. അന്നത്തെ ഇന്ദുലേഖമാര്‍ അന്നത്തെ മാധവന്മാര്‍ക്കും അവരുടെ ബംഗ്‌ളാവുകള്‍ക്കും വേണ്ടി മാത്രമായി വാര്‍ത്തെടുക്കപ്പെട്ടവരാണ്. ഇവര്‍ നോക്കി നില്‌ക്കെ ഇളംപ്രായക്കാരികളായ കല്യാണിക്കുട്ടിമാരെ പ്രായമേറെയുള്ള സൂരി നമ്പൂരിപ്പാടന്മാര്‍ എളുപ്പത്തില്‍ റാഞ്ചിക്കൊണ്ടു പോകും. സ്വന്തം സ്വകാര്യ സ്വത്തായ ഇന്ദുലേഖയുടെ രക്ഷ സ്വാര്‍ഥപരമായി ഉറപ്പാക്കുന്ന മാധവന്മാര്‍ക്ക് ഈ സൂരി നമ്പൂരിപ്പാടന്മാരുടെ രോമത്തില്‍പ്പോലും തൊടാനാവുകയുമില്ല.
അതിനാല്‍ സുശീലയുടെ തന്റേടെത്തെയും ആ തന്റേടത്തെ തുല്യ നിലയില്‍ പരിഗണിച്ച ഗോപാലനെയും ഞാന്‍ ബഹുമാനിക്കുന്നു. ഇരയാകാന്‍ കൂട്ടാക്കാത്ത തന്റേടി ആയിരുന്നു സുശീല എന്നതു കൊണ്ടു കൂടിയാണു സുഹൃത്തുക്കളെ ഗോപാലന് ഭൂമിയിലുറച്ചു നിന്ന് ആകാശത്തിലേക്കു ചിറകു വിടുര്‍ത്താന്‍ കഴിഞ്ഞത്. സമകാലികരായ മറ്റു കമ്മ്യൂണിസ്റ്റുകാരെയപേക്ഷിച്ച് അദ്ദേഹത്തെ കൂടുതല്‍ സ്വതന്ത്രനും നിസ്വാര്‍ഥനും ആദരണീയനുമാക്കിയത് സുശീല എന്ന സ്വപ്രത്യയ സ്ഥൈര്യമുള്ള പെണ്ണിന്റെ കൂടെയുള്ള ജീവിതമായിരുന്നു എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. കാരണം പ്രണയമെന്നത് വിവാഹത്തില്‍ എത്തിച്ചേരാനുള്ള ഒരു വഴിയല്ല മരണം വരെയുള്ള ജീവിതം തന്നെയാണ് പ്രണയികള്‍ക്ക് . അതാണ് ദേവയാനി സ്വന്തം ആത്മകഥയില്‍ എഴുതിയ അങ്ങു മുള്ളു കൊള്ളുമ്പോള്‍ ഇങ്ങു വേദനിക്കുന്ന അവസ്ഥ.
ഉത്തമകുടുംബ സ്‌നേഹികള്‍ മാത്രമായവര്‍ ഭാഗ്യം കെട്ടവരാണ്. എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് ഈ പ്രണയം അനുഭവിക്കാനും മനസിലാക്കാനും സന്നദ്ധതയില്ല. അതിന് പ്രായത്തെയും സുരക്ഷയെയും ജീവിതത്തെയും സ്വയവും മറന്ന് ഒന്നു പ്രണയിച്ചു നോക്കണം നേതാക്കന്മാരെ . അപ്പോഴറിയാം അതിന്റെ പ്രഹര ശേഷി. അത് വ്യക്തി കുടുംബം സമൂഹം എന്നിവയെ ഒറ്റയടിക്കു കീഴ്‌മേല്‍ മറിക്കുന്നു.
എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു പ്രണയിനികളായ സുശീലമാര്‍ക്ക് ആത്മകഥകളില്ലാതെ പോയല്ലോ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates