കൊച്ചി : മാലദ്വീപില്‍ നിന്ന് പ്രവാസി ഇന്ത്യാക്കാരുമായി രണ്ടാമത്തെ നാവികസേന കപ്പല്‍ ഇന്ന് കൊച്ചി തീരത്തെത്തും. ഐഎന്‍എസ് മഗര്‍ ഇന്ന് വൈകീട്ടാണ് കൊച്ചി തീരത്തെത്തുക. 202 യാത്രക്കാരാണ് കപ്പലിലുള്ളത്. ഞായറാഴ്ച രാത്രിയാണ് പ്രവാസി ഇന്ത്യാക്കാരുമായി കപ്പല്‍ മാലിയില്‍ നിന്നും പുറപ്പെട്ടത്.
യാത്രക്കാരില്‍ 91 പേര്‍ മലയാളികളാണ്. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുള്ളവരും കപ്പലിലുണ്ട്. തിരുവനന്തപുരം (17), കൊല്ലം (11), പത്തനംതിട്ട (4), ആലപ്പുഴ (7), ഇടുക്കി (5), കോട്ടയം (7), എറണാകുളം (6), കണ്ണൂര്‍ (6), കാസര്‍കോട് (2), കോഴിക്കോട് (5), മലപ്പുറം (2), പാലക്കാട് (5), തൃശൂര്‍ (10), വയനാട് (4) എന്നിങ്ങനെയാണ് മലയാളികളുടെ എണ്ണം.
കപ്പല്‍ യാത്രക്കാരില്‍ 83 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവര്‍: പശ്ചിമ ബംഗാള്‍-5, ചണ്ഡിഗഢ്, ലക്ഷദ്വീപ്, പഞ്ചാബ്, രാജസ്ഥാന്‍-ഒന്നുവീതം, ആന്ധ്രപ്രദേശ്, ന്യൂഡല്‍ഹി, ഹിമാചല്‍പ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര-രണ്ടുവീതം, ഉത്തര്‍പ്രദേശ്-മൂന്ന്, ഛത്തീസ്ഗഢ്-രണ്ട്, ജാര്‍ഖണ്ഡ-നാല് എന്നിങ്ങനെയാണ്.
യാത്രികരില്‍ ആര്‍ക്കും ഇതുവരെ കോവിഡ് ലക്ഷണങ്ങള്‍ ഇല്ല. ആരോഗ്യ പരിശോധനയ്ക്കുശേഷമാണ് ഇവരെ കയറ്റിയത്. കൊച്ചി തീരത്തെത്തിച്ച ശേഷം വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
മലയാളികളെ അവരവരുടെ ജില്ലകളിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലാകും നിരീക്ഷണത്തിലാക്കുക. ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി മാലദ്വീപില്‍ നിന്ന് പ്രവാസി ഇന്ത്യക്കാരുമായി ഐഎന്‍എസ് ജലാശ്വ കഴിഞ്ഞദിവസം കൊച്ചി തീരത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates