തിരുവനന്തപുരം: പ്രസിദ്ധീകരിക്കേണ്ടാത്തത് ഒന്നുമില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടാണ് ടിപി സെന്‍കുമാര്‍ സമകാലിക മലയാളത്തിന് അഭിമുഖം നല്‍കിയത്. ഇടയ്ക്കുവന്ന ഫോണ്‍കോളുകളില്‍ പറഞ്ഞ കാര്യങ്ങളും കൂടെയുണ്ടായിരുന്ന ആളുമായി സംസാരിച്ച കാര്യങ്ങളും ഉള്‍പ്പെടെ റോക്കോഡ് ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന സെന്‍കുമാറിന്റെ വാദം വസ്തുതാ വിരുദ്ധമെന്ന് അഭിമുഖം തയാറാക്കിയ ലേഖകന്‍ പിഎസ് റംഷാദ് വിശദീകരിച്ചു.
സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളൊന്നും അദ്ദേഹം നിഷേധിച്ചിട്ടില്ല. എന്നാല്‍ അഭിമുഖത്തേക്കുറിച്ച് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞതതില്‍ വാസ്തവ വിരുദ്ധമായ മൂന്നു കാര്യങ്ങളുണ്ടെന്ന് റംഷാദ് ചൂണ്ടിക്കാട്ടി. ഒന്ന്, ഞാന്‍ അഭിമുഖത്തിനല്ല അനുവാദം ചോദിച്ചതും അദ്ദേഹത്തെ കണ്ടതും എന്നതാണ്. 55 ദിവസത്തെ കാര്യങ്ങളെക്കുറിച്ച് ചോദിക്കാനാണെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഞാന്‍ അഭിമുഖത്തിനായി അദ്ദേഹത്തെ ബന്ധപ്പെട്ടത്. തിരക്കിലായതുകൊണ്ടാകാം അദ്ദേഹം ഫോണെടുത്തില്ല. ഞാന്‍ അദ്ദേഹത്തിന് ഒരു എസ്എംഎസ,് അയച്ചു. 'ഗുഡ് മോണിംഗ് സര്‍, ഒരു അഭിമുഖത്തിന് ദയവായി നാളെ സമയം അനുവദിക്കാമോ. റംഷാദ്, മലയാളം വാരിക.' കുറച്ചുകഴിഞ്ഞ് അദ്ദേഹത്തിന്റെ മറുപടി വന്നു. 'ഓക്കെ.' 'നന്ദി, സര്‍, എപ്പോഴാംണ് സമയം?' എന്ന് എന്റെ അടുത്ത മെസ്സേജ്. '11 എ എം' എന്ന് മറുപടി. ഇതില്‍ നിന്നുതന്നെ അദ്ദേഹത്തോട് ചോദിച്ചതും അദ്ദേഹം അനുവദിച്ചതും അഭിമുഖമാണെന്ന് വ്യക്തമാണല്ലോ. മാത്രമല്ല, പിറ്റേന്നു തമ്മില്‍ സംസാരിക്കുന്നതിനിടെ, താന്‍ നന്നായി ഉറങ്ങിയിട്ട് ദിവസങ്ങളായെന്നും കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ ചാനല്‍ അഭിമുഖങ്ങളെല്ലാമായി ക്ഷീണിതനാണെന്നും പറഞ്ഞ അദ്ദേഹം, ഇനിയെന്തെങ്കിലുമുണ്ടോ എന്ന് ഇടയ്ക്ക് ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അഭിമുഖത്തിലാണല്ലോ സ്വാഭാവികമായും ആ ചോദ്യമുണ്ടാവുക.
രണ്ടാമത്, അനുവാദമില്ലാതെയാണ് റെക്കോര്‍ഡ് ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. ഉത്തരവാദിത്തമുള്ള മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ തികച്ചും സുതാര്യതയോടെയാണ് ഇത്തരം കാര്യങ്ങള്‍ ഞാന്‍ നിര്‍വഹിക്കാറുള്ളത്. അദ്ദേഹം കാണ്‍കെത്തന്നെ ഫോണ്‍ കൈയില്‍ പിടിച്ച് റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. അല്ലാതെ മറച്ചു പിടിച്ചോ ഒളിച്ചുവച്ചോ അല്ല. അത് അദ്ദേഹത്തിനു മനസിലായിട്ടുമുണ്ട്. സംസാരിച്ചുകൊണ്ടിരിക്കെ തലസ്ഥാനത്തെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി മുന്‍ ബ്യൂറോ ചീഫും പിന്നീട് ഇന്ത്യാവിഷന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന എസ് അനില്‍ വന്നു. അനിലും ഇതെല്ലാം കേട്ടുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.
മൂന്നാമതായി, അദ്ദേഹത്തിന് ഇടയ്ക്കുവന്ന ഫോണ്‍കോളുകളില്‍ പറഞ്ഞ കാര്യങ്ങളും അനിലുമായി സംസാരിച്ച കാര്യങ്ങളും ഉള്‍പ്പെടെ റോക്കോഡ് ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. തികച്ചും വാസ്തവ വിരുദ്ധമാണ് അത്. ഫോണ്‍ സംസാരങ്ങളൊക്കെ റെക്കോര്‍ഡായിട്ടുണ്ടാകാം. അനില്‍ ഇടയ്ക്ക് സംസാരിച്ചിട്ടുമുണ്ട്. എന്നാല്‍ അതില്‍ നിന്നൊന്നും ഒരു വാക്കുപോലും അഭിമുഖത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടില്ല. തികച്ചും ഉത്തരവാദിത്തത്തോടെ മാധ്യമ പ്രവര്‍ത്തനം നടത്തുന്നയാളാണ് ഞാന്‍. പ്രമുഖ ദേശീയ ദിനപത്രമായ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ സമകാലിക മലയാളത്തിന്റെ ലേഖകനുമാണ്. മറ്റാരോടെങ്കിലും ഫോണിലോ നേരിട്ടോ പറയുന്ന കാര്യങ്ങള്‍ വാര്‍ത്തയാക്കുന്ന മാധ്യമ പ്രവര്‍ത്തനമല്ല നടത്തുന്നത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. ഇടയ്ക്ക് അദ്ദേഹം നടിയുടെ കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു, സര്‍, ഇതൊക്കെ പ്രസിദ്ധീകരിക്കാന്‍ വേണ്ടിത്തന്നെയാണല്ലോ പറയുന്നത്, അല്ലേ എന്ന്. ഞാനീ പറയുന്നതില്‍ പ്രസിദ്ധീകരിക്കേണ്ടാത്തത് ഒന്നുമില്ല എന്നാണ് സെന്‍കുമാര്‍ മറുപടി പറഞ്ഞത്. അതും റെക്കോര്‍ഡായിട്ടുണ്ട്. 
അദ്ദേഹം ഫോണില്‍ പറഞ്ഞ കാര്യങ്ങളിലോ എന്നോടല്ലാതെ പറഞ്ഞ കാര്യങ്ങളിലോ എനിക്കോ ഞാന്‍ പ്രതിനിധീകരിക്കുന്ന മാധ്യമത്തിനോ താല്‍പര്യമില്ല. അതില്‍ സാമൂഹിക താല്‍പര്യമില്ല എന്നതുകൊണ്ടാണ് അത്. ഞാന്‍ പറഞ്ഞിട്ടാണ് റെക്കോര്‍ഡ് ചെയ്തതെന്ന് അദ്ദേഹത്തെ വിളിച്ച് പറഞ്ഞുവെന്നും മാധ്യമങ്ങളോട് അദ്ദേഹം പറയുന്നത് കേട്ടു. യഥാര്‍ത്ഥത്തില്‍ അഭിമുഖം വിവാദമായപ്പോള്‍ അദ്ദേഹം എന്നെയാണ് വിളിച്ചത്. 
ഒന്നര മണിക്കൂര്‍ അഭിമുഖത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് വാരികയില്‍ പ്രസിദ്ധീകരിച്ചത്. പൂര്‍ണ്ണരൂപം ഓണ്‍ലൈനിലാണുള്ളത്. അദ്ദേഹം പറയുന്നതുപോലെ ഒരു പേജല്ല ഉള്ളത്.  അതില്‍ എല്ലാമുണ്ട്, അദ്ദേഹം പറയാനുദ്ദേശിച്ചതെല്ലാം. പറയാനുദ്ദേശിക്കാത്തത് ഒന്നും അതില്‍ ഇല്ലതാനും.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates