ദിലീപിനെ ചോദ്യം ചെയ്തത് തെളിവില്ലാതെ തന്നെ: വിവാദ അഭിമുഖം തള്ളിപ്പറയാതെ സെന്‍കുമാര്‍

ദിലീപിനെ ചോദ്യം ചെയ്ത പ്പോള്‍ തെളിവ് ഇല്ലായിരുന്നുവെന്നാണ് പറഞ്ഞത്. ആ സമയം വരെ തെളിവില്ല. അതിനു ശേഷം ഉണ്ടായിട്ടുണ്ടോ എന്നറിയില്ല.
ദിലീപിനെ ചോദ്യം ചെയ്തത് തെളിവില്ലാതെ തന്നെ: വിവാദ അഭിമുഖം തള്ളിപ്പറയാതെ സെന്‍കുമാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യം ചെയ്തത് തെളിവില്ലാതെയെന്ന് സ്ഥാനമൊഴിഞ്ഞ ഡിജിപി ടിപി സെന്‍കുമാര്‍. കോടതിയില്‍ കൊടുക്കാനുളള ഒരു തെളിവുമില്ലാതെയാണ് ദിലിപീനെ ചോദ്യം ചെയ്തത്. കേസില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ മുന്നോട്ടുപോയതില്‍ എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട് ഉണ്ടായിരിക്കാമെന്ന് ചോദ്യത്തിനു മറുപടിയായി സെന്‍കുമാര്‍ പ്രതികരിച്ചു. ദിലീപിനെതിരെ തെളിവില്ലെന്നും കേസില്‍ നടക്കുന്ന ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നുമുള്ള, സമകാലിക മലയാളം അഭിമുഖത്തിലെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഓരോ കേസിനും വേണ്ട സ്വാഭാവിക നടപടിക്രമങ്ങളുണ്ട്. ഒപ്പം ശാസ്ത്രീയ തെളിവുകളും ശേഖരിക്കണം. സശയവും തെളിവും രണ്ടാണ്. സംശയങ്ങള്‍ സംശയങ്ങളായി നിന്നിട്ടു കാര്യമില്ല. സംശയങ്ങളെ തെളിവിലേക്ക് എത്തിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. അതിന് ചില നടപടിക്രമങ്ങളും പ്രയോറിറ്റികളും പാലിക്കണം. ദിലീപിനെ ചോദ്യം ചെയ്ത പ്പോള്‍ തെളിവ് ഇല്ലായിരുന്നുവെന്നാണ് പറഞ്ഞത്. ആ സമയം വരെ തെളിവില്ല. അതിനു ശേഷം ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. കടയില്‍ പരിശോധന നടത്തുന്നതും തെളിവു ശേഖരണവുമെല്ലാം ചോദ്യം ചെയ്യലിനു മുമ്പു വേണമായിരുന്നു. എങ്കിലേ അതിനെ റിസള്‍ട്ടിലേക്ക് എത്തിക്കാനാവൂ. ദിലീപ് ഉള്‍പ്പെടെ ആര്‍ക്കും താന്‍ ്ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

അന്വേഷണത്തില്‍ ഏകോപനമില്ലായിരുന്നു എന്നത് എനിക്കു ബോധ്യപ്പെട്ട കാര്യമാണ്. പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ എന്തുകൊണ്ട് അന്വേഷണ തലവന്‍ ഉണ്ടായിരുന്നില്ല. ദിനേന്ദ്ര കശ്യപ് മികച്ച ഉദ്യോഗസ്ഥനാണ്. അതുകൊണ്ടാണ് ഈ അന്വേഷണത്തിന്റെ തലവനായി വച്ചത്. ദിലീപീനെ ചോദ്യം ചെയ്തപ്പോള്‍ എന്തുകൊണ്ടാണ് ദിനേന്ദ്ര കശ്യപ് ഇല്ലാതിരുന്നതെന്ന് സെന്‍കുമാര്‍ ചോദിച്ചു. കേസില്‍ ദിനേന്ദ്ര കശ്യപ് അറിയാത്ത കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് താന്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഇപ്പോള്‍ ദിനേന്ദ്ര കശ്യപ് അറിഞ്ഞാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നത് സന്തോഷകരമായ കാര്യമാണന്നും സെന്‍കുമാര്‍ പറഞ്ഞു.

ദിനേന്ദ്ര കശ്യപ് പരാതിപ്പെട്ടിട്ടില്ല എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ പരാതി കൊടുക്കുന്നതെല്ലാം ബുദ്ധിമുട്ടായിരിക്കും. എന്തുകൊണ്ട് അദ്ദേഹം അറിഞ്ഞില്ല, എന്തുകൊണ്ട് അദ്ദേഹത്തെ വിളിച്ചില്ല എന്നതാണ് കാര്യം. ദീര്‍ഘമായ ഒരു ചോദ്യം ചെയ്യലാണ്. ്്അതിലേക്ക് അദ്ദേഹത്തെ വിളിച്ചിരുന്നു എന്ന് ആരെങ്കിലും പറയട്ടെ. അങ്ങനെ ഉണ്ടായിട്ടില്ല എന്നു തന്നെയാണ് എന്റെ അറിവ്. വേറൊരു എഡിജിപി കേസില്‍ സംശയിക്കപ്പെടുന്നയാളെ സന്ദര്‍ശിച്ച വിവരം തനിക്കു കിട്ടിയിരുന്നു. ഇത് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. തന്റെ കാലാവധി തീരും മുമ്പ് തീരുന്ന കേസല്ലെന്ന നിഗമനത്തിലാണ് കേസില്‍ താന്‍ കൂടുതല്‍ ഇടപെടാതിരുന്നതെന്നതും സെന്‍കുമാര്‍ പറഞ്ഞു. 

ഈ കേസില്‍ പ്രതി ആരായാലും കണ്ടുപിടിക്കണം. കേസില്‍ തെളിവില്ലെന്നല്ല താന്‍ പറഞ്ഞത്. ആ ഘട്ടത്തില്‍ ആരെയും പ്രതിയാക്കാനുള്ള തെളിവ് ഇല്ലായിരുന്നു. കോടതിയില്‍ കൊടുക്കാനുള്ള ഒരു തെളിവും ഇല്ലായിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്ന കാര്യമാണെന്നും സെന്‍കുമാര്‍ പറഞ്ഞു. 

എഡിജിപി ബി സന്ധ്യ ഈ കേസിലെന്നല്ല, ഒരു കേസിലും തന്നെ ബ്രീഫ് ചെയ്തിട്ടില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. എഡിജിപിയെ അഭിനന്ദിച്ചുകൊണ്ട് പൊലീസ് മേധാവി കത്തു നല്‍കി എന്നതെല്ലാം പൊലീസിന്റെ ആഭ്യന്തര കാര്യമാണ്. താനിപ്പോള്‍ പൊലീസില്‍ ഇല്ലാത്തതുകൊണ്ട് അതില്‍ പ്രതികരിക്കുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com