തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് 13 ജില്ലാ കേന്ദ്രങ്ങളിലും യുഡിഎഫിന്റെ മനുഷ്യ ഭൂപട സമരം. ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചാണ് ഈ സമരം നടത്തുന്നത്. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ചും നടത്തും. കേന്ദ്രത്തിനും ഗവര്‍ണ്ണര്‍ക്കും ഒപ്പം സംസ്ഥാന സര്‍ക്കാറിനുമെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
പൗരത്വ നിയമത്തിനെതിരായ എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയ്ക്ക് പിന്നാലെയാണ് യുഡിഎഫ് മനുഷ്യഭൂപട സമരം സംഘടിപ്പിക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഭൂപടം തീര്‍ക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയില്‍ നേതാക്കളും അണികളും മൂവര്‍ണ്ണ നിറത്തിലെ തൊപ്പികള്‍ ധരിച്ച് അണിചേരും. നാലുമണിക്ക് റിഹേഴ്‌സല്‍ നടക്കും. നാലരക്കാണ് പൊതുയോഗം. 5.05 ന് ഭൂപടം തീര്‍ക്കും.
ഗാന്ധിജി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തിരുവനന്തപുരത്ത് എ കെ ആന്റണിയും മറ്റിടങ്ങളില്‍ പ്രമുഖ നേതാക്കളും നേതൃത്വം നല്‍കും. മനുഷ്യ ശൃംഖലയിലെ ന്യൂനപക്ഷ സമുദായ പ്രാതിനിധ്യം കണക്കിലെടുത്ത് പരമാവധി മതസാമൂഹ്യസാംസ്‌ക്കാരിക നേതാക്കളെ അണിനിരത്താനാണ് യുഡിഎഫിന്റെ നീക്കം.
കല്‍പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നിന്നും പുതിയ സ്റ്റാന്‍ഡ് വരെയാണ് വയനാട് എംപി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി. തുടര്‍ന്ന്, രാഹുല്‍ഗാന്ധി പൊതുസമ്മേളനത്തില്‍ സംസാരിക്കും. യുഡിഎഫ് ജില്ലാ കമ്മറ്റിയാണ് റാലി സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. റാലിയോടനുബന്ധിച്ച് കല്‍പറ്റയില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ കര്‍ശന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates