പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ 92 വയസുള്ള സ്ത്രീയെ കഴുത്തറുത്ത് കൊന്നത് ജയിലില്‍ പോകാന്‍ വേണ്ടിയെന്ന് പ്രതി. കേസില്‍ അറസ്റ്റിലായ മയില്‍ സ്വാമി (62) യാണ് കൊലപാതക കാരണം പൊലീസിനോട് വെളിപ്പെടുത്തിയത്. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹായിയായി നിന്നിരുന്ന മയില്‍സാമി പൊലീസിന് കീഴടങ്ങുകയായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു കൊലപാതകം നടന്നത്.
ബന്ധുവായ സ്ത്രീ വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും പരാജയപ്പെട്ടതോടെ ശേഷിക്കുന്ന കാലം ജയിലില്‍ കഴിച്ചുകൂട്ടാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൊലപാതകം സംബന്ധിച്ച് മൂന്നു പേജുകളിലായി കത്തെഴുതിവച്ചിട്ടാണ് ഇയാള്‍ കൃത്യം നടത്തിയത്.
കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്താണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വീട്ടിലെ സ്വീകരണമുറിയില്‍ അടുക്കളയോട് ചേര്‍ന്ന് നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു ജാനകിയുടെ മൃതദേഹം. തനിച്ചു താമസിച്ചിരുന്ന ജാനകിയമ്മയ്ക്ക് സഹായത്തിന് നിന്നിരുന്നത് തമിഴ്‌നാട് സ്വദേശിയായ പുഷ്പ എന്നു വിളിക്കുന്ന ഭൂപതിയാണ്. ബന്ധുവായ ഭൂപതി തന്നെ വിവാഹം കഴിക്കുമെന്നാണ് കരുതിയത്. ഇത് നടക്കാതെ വന്നപ്പോള്‍ വിഷം കഴിച്ചു മരിക്കാന്‍ ശ്രമിച്ചു.
ഇതു പരാജയപ്പെട്ടപ്പോഴാണ് ജാനകിയെ കൊന്ന് ജയിലില്‍ പോകാന്‍ തീരുമാനിച്ചത് എന്ന് മയില്‍ സ്വാമി പറഞ്ഞു. ഇന്നലെ രാവിലെ റോഡില്‍ മത്സ്യവില്‍പ്പനക്കാരന്‍ വന്നപ്പോള്‍ പുറത്തേക്കു വന്ന സമീപവാസിയായ വീട്ടമ്മയോട് പത്രത്തില്‍ ഒരു കത്ത് വച്ചിട്ടുണ്ടെന്നും അത് നോക്കണമെന്നും മയില്‍സ്വാമി ആവശ്യപ്പെട്ടു. പത്രത്തില്‍ അമ്മയെ താന്‍ കൊന്നു എന്ന് മലയാളത്തില്‍ എഴുതിയ കത്ത് വച്ചിരുന്നു. ഇത്തരത്തിലുള്ള കത്ത് വീടിന്റെ പലഭാഗത്തുമായി വെക്കുകയും ചെയ്തിരുന്നു.
പത്രത്തിലെ കത്തു കണ്ട സമീപവാസി ഉടന്‍ അടുത്തുള്ളവരെ വിളിച്ച്കൂട്ടി വീട്ടിലെത്തി ജനലില്‍കൂടി നോക്കിയെങ്കിലും ജാനകിയെ കണ്ടില്ല. മയില്‍സ്വാമിയെ വിളിച്ചപ്പോള്‍ താന്‍ ജാനകിയെ കൊന്നതായും പോലീസ് എത്തിയശേഷം കതക് തുറക്കാമെന്നും പറഞ്ഞു. പോലീസും ബന്ധുക്കളും എത്തിയപ്പോഴാണ് പ്രതി കതക് തുറന്നത്. ഇയാള്‍ മുമ്പ് ശബരിമല ഇടത്താവളത്തില്‍ വെച്ചും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മയില്‍ സ്വാമിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായും പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates