ന്യൂഡൽഹി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തു. കേസ് സിബിഐക്കു വിട്ടു സംസ്ഥാന സർക്കാർ കഴിഞ്ഞ ഡിസംബറിൽ വിജ്ഞാപനമിറക്കിയിരുന്നു. നേരത്തേ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്.
2018 സെപ്റ്റംബർ 25നു പുലർച്ചെയായിരുന്നു അപകടം.ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ നിഗമനം. ഇതിൽ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാൽ ലോക്കൽ പൊലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘവും എത്തിയത്.
ഇതേത്തുടർന്ന് കേസ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിയെ സന്ദർശിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്നും പിതാവ് ആവശ്യപ്പെട്ടു. ബാലഭാസ്‌കറിന്റെ മരണത്തിലുള്ള ദുരൂഹത പൂർണമായും നീക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ലെന്നും കുടുംബം ആരോപിച്ചു. കാർ ഓടിച്ചത് സംബന്ധിച്ചായിരുന്നു ആദ്യം വിവാദം ഉയർന്നത്. ഡ്രൈവർ അർജുനാണ് വാഹനം ഓടിച്ചതെന്ന് കുടുംബം പറയുമ്പോൾ, ബാലഭാസ്‌കറാണ് ഓടിച്ചതെന്ന് അർജുനും വെളിപ്പെടുത്തിയിരുന്നു. എന്നാൽ വാഹനം ഓടിച്ചിരുന്നത് അർജുൻ ആണെന്നും കാർ 120 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നും ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.
മാത്രമല്ല ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് പ്രകാശൻ തമ്പി തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്തുകേസിൽ അറസ്റ്റിലായതും ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വർധിപ്പിച്ചു. ഇതിനിടെ ബാലഭാസ്‌കറിന്റെ മരണശേഷം ദുരൂഹ സാഹചര്യത്തിൽ രണ്ടുപേർ പോകുന്നത് കണ്ടതായി കലാഭവൻ സോബിയും വെളിപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറുമായി അടുപ്പമുള്ള രണ്ടുപേർ സ്വർണ്ണക്കടത്തുമായി പിടിയിലായതോടെയാണ് അപകടത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയതെന്നും സോബി പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates