കാസര്‍കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച ഇറക്കിയ സര്‍ക്കുലറിനെ സംബന്ധിച്ച് എംഇഎസില്‍ തന്നെ അഭിപ്രായ ഭിന്നത. സര്‍ക്കുലറിനെ എതിര്‍ത്ത് എംഇഎസിന്റെ കാസര്‍കോട് ഘടകം രംഗത്തെത്തി. മുസ്ലിം മതാചാര പ്രകാരമുള്ള വസ്ത്രധാരണത്തെ കുറിച്ച് എംഇഎസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ നടത്തിയ അഭിപ്രായപ്രകടനം ശരിയായില്ലെന്നും കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസ് നേതാവുമായ ഡോ.ഖാദര്‍മാങ്ങാട് പ്രസിഡന്റായ എംഇഎസിന്റെ ജില്ലാ ഘടകം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി,ട്രഷറര്‍ എ ഹമീദ്ഹാജി എന്നീവരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പ്രസിഡന്റിന്റെ മാത്രം സൃഷ്ടിയാണെന്നും എംഇഎസിന്റെ ഔദ്യോഗിക നിലപാടല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
നയപരമായ തീരുമാനമാകണമെങ്കില്‍ അത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു. എന്നാല്‍ മാര്‍ച്ച് 30ന് കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളജില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിലോ ഏപ്രില്‍ എട്ടിന് പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളജില്‍ നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലോ ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല.
എംഇഎസ് പ്രസിഡന്റിന്റെ വ്യക്തിപരമായ നിലപാട് സ്ഥാപനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates