കൊച്ചി : ഫ്ലക്സ് നിരോധനം നടപ്പാക്കുന്നതിലെ സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നിരോധനം സർക്കാർ തന്നെ അട്ടിമറിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. ഭരണകക്ഷിയുടെ ഫ്ലക്സ് ബോർഡ് തന്നെ സെക്രട്ടേറിയറ്റിൽ വെച്ചിരിക്കുകയാണ്. വനിതാ മതിൽ പരിപാടിയുടെ അടക്കം ഫ്ലക്സ് ബോർഡുകൾ പലയിടത്തുമുണ്ട്.
ഹർത്താൽ വേളയിൽ നിരവധി ഫ്ലക്സ് ബോർഡുകളാണ് സമരാനുകൂലികൾ കത്തിച്ചത്. ഫ്ലക്സുകൾ കത്തിക്കുന്നത് ക്യാൻസറിന് വരെ കാരണമാകും. ഫ്ലക്സ് ബോർഡ് മാറ്റുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഇതുവരെ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറൽ കോടതിയിലെത്തി വിശദീകരണം നൽകണം. ഫ്ലക്സ് ബോർഡ് മാറ്റാതെ അലംഭാവം തുടർന്നാൽ ചീഫ് സെക്രട്ടറിയെ കോടതിയിൽ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അനധികൃത ഫ്ലക്സുകൾ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കാൻ തയാറാകണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ആർജവം കാണിക്കണം. സ്വന്തം ചിത്രങ്ങൾ ഉള്ള ഫ്ലക്സുകൾ വഴിയരികിൽ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കോടതിവിധികൾ നടപ്പാക്കാൻ ആവേശം കാണിക്കുന്ന മുഖ്യമന്ത്രി സ്വന്തം മുഖമുളള ബോർഡുകൾ നീക്കാൻ അണികളോട് ആവശ്യപ്പെടണം.
ഭരണമുന്നണിയിലെ പാർട്ടികൾ വരെ നിർബാധം ഫ്ലക്സുകൾ സ്ഥാപിക്കുകയാണ്. വേലി തന്നെ വിളവ് തിന്നുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഫ്ലക്സുകൾ സ്ഥാപിക്കുന്നതിനാൽ കർശനമായി വിധി നടപ്പാക്കാൻ കഴിയുന്നില്ല. സ്വന്തം ചിത്രങ്ങൾ ഉള്ള ഫ്ലക്സുകൾ വഴിയരികിൽ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് നേതാക്കൾ ഉറപ്പാക്കണം. രാഷ്ട്രീയപ്പാർട്ടികളുടെ നിയമലംഘനം വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates