Kerala

'ഭരണഘടനയ്ക്കും സുപ്രിംകോടതിയ്ക്കും മുകളിലാണ് തന്റെ സ്ഥാനം എന്ന് തന്ത്രിയല്ല, ആരവകാശപ്പെട്ടാലും അംഗീകരിച്ചുകൊടുക്കാനാവില്ല' 

എല്ലാ വാദങ്ങളും പരാജയപ്പെട്ടപ്പോള്‍ പഴയൊരു വിധിയും പൊക്കിപ്പിടിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാവുമോ എന്ന് പരീക്ഷിക്കുകയാണ് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ തന്ത്രിയെയും രമേശ് ചെന്നിത്തലയെയും വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഭരണ ഘടനയ്ക്കും സുപ്രിംകോടതിയ്ക്കും മുകളിലാണ് തന്റെ സ്ഥാനം എന്ന് തന്ത്രിയല്ല, ആരവകാശപ്പെട്ടാലും അംഗീകരിച്ചുകൊടുക്കാനാവില്ല. കോടതിവിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായ പരിഹാരമാണ് ശ്രമിക്കേണ്ടത്. കോടതിവിധി നടപ്പിലായാല്‍ ക്ഷേത്രം അടച്ചിടുമെന്ന വെല്ലുവിളി മുഴക്കിയ പശ്ചാത്തലത്തിലാണ് ശബരിമല തന്ത്രി വിമര്‍ശനത്തിനു വിധേയനാകുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. 

എല്ലാ വാദങ്ങളും പരാജയപ്പെട്ടപ്പോള്‍ സുപ്രിംകോടതിയുടെ പഴയൊരു വിധിയും പൊക്കിപ്പിടിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാവുമോ എന്ന് പരീക്ഷിക്കുകയാണ് രമേശ് ചെന്നിത്തലയെന്നും ധനമന്ത്രി പരിഹസിച്ചു. ഈ കേസില്‍ ശബരിമലയുടെ മുഖ്യതന്ത്രിയും കക്ഷിയായിരുന്നു എന്ന വസ്തുത പ്രതിപക്ഷ നേതാവിന് അറിയില്ലേ എന്നും തോമസ് ഐസക്ക് ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാ വാദങ്ങളും പരാജയപ്പെട്ടപ്പോള്‍ സുപ്രിംകോടതിയുടെ പഴയൊരു വിധിയും പൊക്കിപ്പിടിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാവുമോ എന്ന് പരീക്ഷിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുമധ്യത്തില്‍ പരിഹാസകഥാപാത്രമാകാനുള്ള അദ്ദേഹത്തിന്റെ അവകാശങ്ങളെ ചോദ്യം ചെയ്യാന്‍ ഞാനില്ല. എന്നാല്‍ വിവേകമുള്ള ഒരു ജനത ഇതൊക്കെ കാണുന്നുണ്ട് എന്ന ബോധം പരിണിതപ്രജ്ഞനായ ഒരു പൊതുപ്രവര്‍ത്തകനില്‍ ഇല്ലാതെ പോയത് നിരാശാജനകം തന്നെയാണ്.

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുടെ അവസാനവാക്ക് തന്ത്രിയുടേതാണ് എന്നാണ് പ്രതിപക്ഷ നേതാവ് വാദിക്കുന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെയും മൌലികാവകാശങ്ങളുടെയും ലംഘനമാണെന്നാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചല്ലേ വിധിച്ചത്? ഭരണഘടനാലംഘനമാണെന്ന് പരമോന്നത കോടതി വിധിച്ച ആചാരത്തിന്റെ അവസാനവാക്ക് തന്ത്രിയാണെന്ന വാദത്തിന് പിന്നെന്തു പ്രസക്തി? അതും, തന്ത്രിയുടെ വാദങ്ങള്‍ കൂടി പരിഗണിച്ചശേഷമാണ് വിധിയെന്ന യാഥാര്‍ത്ഥ്യം കൂടി പരിഗണിക്കുമ്പോള്‍.

ഈ കേസില്‍ ശബരിമലയുടെ മുഖ്യതന്ത്രിയും കക്ഷിയായിരുന്നു എന്ന വസ്തുത പ്രതിപക്ഷ നേതാവിന് അറിയില്ലേ? അഡ്വ. വി. ഗിരി എന്ന മുതിര്‍ന്ന അഭിഭാഷകനാണ് തന്ത്രിയുടെ വാദങ്ങള്‍ സുപ്രിം കോടതിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ചര്‍ച്ചാവിഷയമായ ആചാരവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളിലും തന്ത്രിയുടെ വാദങ്ങളും കോടതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. അതെല്ലാം പരിഗണിച്ചാണ് വിധി.

അത് അനുസരിക്കില്ലെന്നും ധിക്കരിക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കുമെന്നും വെല്ലുവിളി മുഴക്കുന്നത് കേസിലെ തോറ്റ കക്ഷിയാണ്. ലക്ഷക്കണക്കിന് കേസുകളില്‍ വിധി വരുമ്പോള്‍ പരാജയപ്പെടുന്ന കക്ഷികളുടെ എണ്ണവും അത്രതന്നെയുണ്ടാവും. വിധി മാനിക്കില്ലെന്നും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും പരാജയപ്പെടുന്ന ഓരോ കക്ഷിയും നിലപാടു സ്വീകരിച്ചാല്‍ രാജ്യം എവിടെച്ചെന്നെത്തും?

മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രത്തിലുണ്ടായതും സമാനമായ കോടതി വിധിയാണ്. നൂറ്റാണ്ടുകളായി ആ ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം അനുവദിച്ചിരുന്നില്ല. ആ ആചാരം കോടതിയാണ് തിരുത്തിയത്. അതില്‍ പ്രതിഷേധിച്ച് ഒരു തന്ത്രിയും നടയടച്ചു പോയില്ല. എന്തിന്, ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീലു പോലും പോയില്ല. വിധി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തന്ത്രിയും മറ്റു ക്ഷേത്ര അധികാരികളും വിശ്വാസികളും കോടതി വിധി അംഗീകരിക്കുകയായിരുന്നു.

കോടതിവിധി നടപ്പിലായാല്‍ ക്ഷേത്രം അടച്ചിടുമെന്ന വെല്ലുവിളി മുഴക്കിയ പശ്ചാത്തലത്തിലാണ് ശബരിമല തന്ത്രി വിമര്‍ശനത്തിനു വിധേയനാകുന്നത്. കോടതിവിധി നടപ്പായാല്‍ ക്ഷേത്രം മനപ്പൂര്‍വം അശുദ്ധമാക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന് തന്ത്രികുടുംബാംഗം തന്നെ വെളിപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ആ സമീപനമൊന്നും അംഗീകരിക്കാനാവില്ല. അതിനൊക്കെ പ്രതിപക്ഷ നേതാവിന്റയെും രഹസ്യവും പരസ്യവുമായ പിന്തുണയുണ്ടെങ്കില്‍, പതനം എത്രമാത്രം ആഴത്തിലാണ് എന്നു ബോധ്യമാകുന്നു.

കോടതിവിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായ പരിഹാരമാണ് ശ്രമിക്കേണ്ടത്. ഭരണഘടനയ്ക്കും സുപ്രിംകോടതിയ്ക്കും മുകളിലാണ് തന്റെ സ്ഥാനം എന്ന് തന്ത്രിയല്ല, ആരവകാശപ്പെട്ടാലും അംഗീകരിച്ചുകൊടുക്കാനാവില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT