കോഴിക്കോട്: മനഃപ്രയാസങ്ങള്‍ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നും കൂടത്തായി കൊലക്കേസ് പ്രതി ജോളി കോടതിയില്‍.എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി. മനോരോഗ വിദഗ്ധനെ കാണണോ എന്നു ചോദിച്ചപ്പോള്‍ വേണമെന്നു മറുപടി നല്‍കി.
അതേസമയം കൂടത്തായി സിലി വധക്കേസില്‍ വക്കാലത്ത് എടുക്കാന്‍ ആളില്ലാത്തതിനാല്‍ ജോളി ജോസഫിന് കോടതി സൗജന്യ നിയമസഹായം ഏര്‍പ്പെടുത്തി നല്‍കി. റോയ് തോമസ് വധക്കേസില്‍ ജോളിയുടെ വക്കാലത്ത് എടുത്തത് അഡ്വ. ബി എആളൂരായിരുന്നു. എന്നാല്‍ സൗജന്യ നിയമസഹായമെന്നു കരുതിയാണ് ആ കേസില്‍ വക്കാലത്ത് ഒപ്പിട്ടതെന്നു ജോളി പറഞ്ഞിരുന്നു.
ഇന്നലെ സിലി വധക്കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജോളിക്കുവേണ്ടി ഹാജരായ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ എത്തിയില്ല. തുടര്‍ന്നു കോടതിയുടെ നിര്‍ദേശപ്രകാരം സൗജന്യ നിയമസഹായ പാനലിലുള്ള അഡ്വ കെ ഹൈദര്‍ ജോളിയുടെ വക്കാലത്ത് എറ്റെടുത്തു.
അതിനിടെ, സിലി വധക്കേസിൽ ജോളി ജോസഫിനെ 6 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന ജോളിയെ കഴിഞ്ഞ ദിവസം ജയിലിലെത്തിയാണു സിലി വധക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി 26നു വൈകിട്ട് 4 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടാണ് കോടതി ഉത്തരവ്.
ജോളിയുടെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യയായ സിലിയെ താമരശ്ശേരിയിലെ ദന്താശുപത്രിയിൽ വച്ച് ഗുളികയിൽ സയനൈഡ് പുരട്ടി നൽകി കൊലപ്പെടുത്തിയെന്നാണു കേസ്. 2016 ജനുവരി 11നാണു സംഭവം. ജോളിയെ സ്വദേശമായ കട്ടപ്പനയിൽ കൊണ്ടുപോയി തെളിവെടുപ്പു നടത്തണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
സിലി മരണദിവസം അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ആശുപത്രിയിൽനിന്ന് ഒപ്പിട്ടു വാങ്ങിയത് ജോളിയാണ്. ഈ ആഭരണങ്ങൾ കണ്ടെത്തണം. കൊലപാതകത്തിന് ഉപയോഗിച്ച വിഷവും അതിന്റെ ഉറവിടവും കണ്ടെത്തണം. സംഭവദിവസം സിലി ജോളിയുടെ കാറിലാണ് ദന്താശുപത്രിയിലെത്തിയത്. വിഷം നൽകിയ ശേഷം സിലിയെ ആശുപത്രിയിലേക്കു കൊണ്ടുപോയതും ഇതേ കാറിലാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഈ കാറും കണ്ടെത്തണമെന്നു പൊലീസ് കോടതിയെ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates