ശബരിമല: ശബരിമല ദര്‍ശനത്തിന് എത്തിയ മനിതി കൂട്ടായ്മ ആക്ടിവിസ്റ്റുകളുടെ സംഘടനയെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം മലകയറാനെത്തിയത് നക്‌സലുകളാണോ എന്ന് പന്തളം കൊട്ടാരപ്രതിനിധി ശശികുമാര വര്‍മ സംശയം പ്രകടിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കണം. തങ്ക അങ്കി ഘോഷയാത്ര പുറപ്പെടുന്ന ദിവസം തന്നെ എത്തിയത് സംശയാസ്പദമെന്നും ശശികുമാര വര്‍മ പറഞ്ഞു.
ഇതിനിടെ, യുവതീപ്രവേശ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷകസമിതി വ്യക്തമാക്കി. ക്രമസമാധാനപാലനം പൊലീസിന്റെ ഉത്തരവാദിത്തമാണ്. നിരീക്ഷണച്ചുമതലയാണ് സമിതിക്കുള്ളതെന്നും വ്യക്തമാക്കുന്ന സമിതി നിലപാട് സര്‍ക്കാരിനെ അറിയിച്ചു. നിലവിലെ സാഹചര്യം സര്‍ക്കാരോ പൊലിസോ നിരീക്ഷക സമിതിയെ അറിയിച്ചിട്ടില്ല. സമിതി പരിശോധിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളാണെന്നും ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്നും നിരീക്ഷക സമിതി അറിയിച്ചു.
എന്നാല്‍ മനിതിസംഘത്തിന് ദര്‍ശനം അനുവദിക്കണോയെന്ന് ഹൈക്കോടതി നിരീക്ഷകസമിതി തീരുമാനിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍
നേരത്തെ പറഞ്ഞിരുന്നു. ഹൈക്കോടതി നിയോഗിച്ച സമിതി ശബരിമലയിലുണ്ട്. സമിതി ഉചിതമായ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും മന്ത്രി ആലുവയില്‍ പറഞ്ഞിരുന്നു.
അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘടനയുടെ നേതാവ് ശെല്‍വിയടക്കമുള്ള 11 അംഗ സംഘം ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പുലര്‍ച്ചെ മൂന്നരയോടെ പമ്പയിലെത്തിയ സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. മണിക്കൂറുകളായി ഒരു വശത്ത് പ്രതിഷേധക്കാരും മറുവശത്ത് യുവതീസംഘവും കുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം തുടരുകയാണ്. വയനാട്ടില്‍ നിന്നുള്ള ആദിവാസി നേതാവ് അമ്മിണിയും ഇവര്‍ക്കൊപ്പം ചേരാന്‍ പമ്പയിലേക്ക് തിരിച്ചിട്ടുണ്ട്. ചെറുസംഘങ്ങളായി കൂടുതല്‍ പേര്‍ എത്തുമെന്നും മനിതി നേതാവ് സെല്‍വി പറഞ്ഞു. ആക്ടിവിസ്റ്റുകളല്ല വിശ്വാസികളാണ് സംഘത്തിലുള്ളതെന്നും അവര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates