പത്തനംതിട്ട: മനിതി പ്രവര്‍ത്തകർ എത്തിയ സ്വകാര്യ വാഹനം നിലയ്ക്കൽ കടന്നതു പരിശോധിക്കുമെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷക സമിതി. നിലവിൽ സ്വകാര്യ വാഹനങ്ങള്‍ക്ക് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കു കർശന നിയന്ത്രണമുണ്ട്. തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിൽ നിന്ന് കടത്തി വിടുന്നില്ല. നിരോധനം നിൽക്കെ ഇവരെ കടത്തിവിട്ടത് പരിശോധിക്കുമെന്നും ഇക്കാര്യം ശരിയോ തെറ്റോയെന്ന് ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് നല്‍കുമെന്നും സമിതി വ്യക്തമാക്കി.
അതിനിടെ, മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തിറങ്ങിയ മനിതി സംഘത്തെ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ തടഞ്ഞു. ഇവരെ റെയില്‍വേ പൊലീസ് പണിപ്പെട്ടാണു മറ്റൊരു ട്രെയിനിൽ കയറ്റി തിരിച്ചയച്ചത്. സംഘത്തെ ഭിന്നശേഷിക്കാരുടെ കംപാർട്ട്മെന്റിലാണു കയറ്റിവിട്ടതെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ സ്റ്റേഷൻ മാസ്റ്ററുടെ റൂം ഉപരോധിച്ചു. യാത്രയ്ക്കിടെ ഇവർക്കുനേരെ മുട്ടയേറുമുണ്ടായി.
ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് കെ അമ്മിണി കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറെ കണ്ടു ശബരിമല ദർശനത്തിനു സുരക്ഷ ആവശ്യപ്പെട്ടു. സുരക്ഷ നൽകാമെന്നു പൊലീസ് അറിയിച്ചു. വയനാട്ടിൽ പോയി മടങ്ങി വന്ന ശേഷം പിന്നീടു ശബരിമല യാത്ര സംബന്ധിച്ചു തീരുമാനിക്കും. കഴിഞ്ഞ ദിവസം മലകയറാനെത്തിയ അമ്മിണിക്ക് പ്രതിഷേധത്തെ തുടർന്ന് യാത്ര വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates