image_(1) 
Kerala

മഴ കനത്തു; മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നു; ഓറഞ്ച് അലര്‍ട്ട്

115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 114.03 മീറ്ററായി ഉയര്‍ന്നു 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മലമ്പുഴ ഡാം തുറന്നു. നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്‍പാത്തിപ്പുഴ, ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. 115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 114.03 മീറ്ററിലേക്ക് ഉയര്‍ന്നതോടെയാണ് തുറന്നത്.

അതേസമയം, സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത നല്‍കി ന്യൂനമര്‍ദം വെള്ളിയാഴ്ച ലക്ഷദ്വീപിനു സമീപം രൂപമെടുക്കും. ലക്ഷദ്വീപിനു സമീപം 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാനും സാധ്യയുണ്ട്. ചുഴലിക്കാറ്റായി മാറിയാല്‍ ഒമാന്‍ തീരത്തേക്കു നീങ്ങാനാണു സാധ്യത. മത്സ്യത്തൊഴിലാളികള്‍ ഇന്നു തന്നെ തീരത്തു മടങ്ങിയെത്തണമെന്നു കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു.

തൃശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കനത്ത മഴ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. മിതമായ മഴയും കാറ്റുമാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലര്‍ട്ട് മാത്രം. പൊരിങ്ങല്‍ക്കുത്തിലെ വാല്‍വുകള്‍ തുറക്കും. ചാലക്കുടി പുഴയില്‍ രണ്ടടി വെള്ളം ഉയര്‍ന്നേക്കാം. 

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 129.10 അടിയായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് ബുധനാഴ്ച മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതിനെ തുടര്‍ന്നു അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കൂടിയിട്ടുണ്ട്.  മാട്ടുപെട്ടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളില്‍ രണ്ടെണ്ണം തുറന്നു. 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഒരു ഷട്ടര്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഉയര്‍ത്തിയിരിക്കുകയായിരുന്നു.

മൂന്നാറിലും മഴ ശക്തമാകുകയാണ്. വ്യാഴാഴ്ച രാവിലെ മുതല്‍ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഹൈറേഞ്ച് മേഖലകളില്‍ ചിലയിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. വെള്ളിയാഴ്ച മുതല്‍ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്കുളള യാത്രയ്ക്ക് നിരോധനമുണ്ട്. തുടര്‍ച്ചയായി ഉരുള്‍പൊട്ടുന്ന നെല്ലിയാമ്പതി മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു പാലക്കാട് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. മലയോരമേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കാനും പൊതു നിര്‍ദേശമുണ്ട്.

സംസ്ഥാനത്തു ഇന്നു മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഞായറാഴ്ച ലക്ഷദ്വീപിനു സമീപം അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തമാകുമെന്നും തിങ്കളാഴ്ച ചുഴലിക്കാറ്റാകുമെന്നുമാണു പ്രവചനം.  ഏഴിനു കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇടുക്കി,മലപ്പുറം, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശവുമുണ്ട്. 
മിക്ക ജില്ലകളിലും അഞ്ചു മുതല്‍ ഏഴു വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളില്‍ നാലിന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകും. ഇടുക്കിയില്‍ നാലു മുതല്‍ ആറു വരെ തീയതികളിലും തൃശൂരും പാലക്കാടും ആറിനും പത്തനംതിട്ടയില്‍ ഏഴിനും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT