തിരുവനന്തപുരം: വന്യമൃഗങ്ങളെ കറിവച്ച് കഴിച്ചതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചാല്‍ കൈകാര്യം ചെയ്യാന്‍ താന്‍ നാട്ടുകാരോടു പറഞ്ഞിട്ടുണ്ടെന്ന് സിപിഎം എംഎല്‍എ ജോര്‍ജ് എം തോമസ്. ഒരിക്കലെങ്കിലും ഈ ഇറച്ചി തിന്നവര്‍ അതിന്റെ പേരില്‍ ആരെയും മര്‍ദിക്കില്ല. അത്രയ്ക്കു രുചിയാണ്. ഇനി ഇങ്ങനെ മര്‍ദിക്കാന്‍ വന്നാല്‍ തിരിച്ചു കൈകാര്യം ചെയ്യാന്‍ താന്‍ നാട്ടുകാരോടു പറഞ്ഞിട്ടുണ്ടെന്ന് തിരുവനമ്പാടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. വനംവകുപ്പിന്റെ ധനാഭ്യര്‍ഥനാ ചര്‍ച്ചയില്‍ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തടയുന്നതിനുള്ള നടപടികള്‍ വിഷയമായപ്പോഴാണ് ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം.
കാട്ടുപന്നിക്ക് മാത്രമല്ല, മുള്ളന്‍പന്നിയിറച്ചിക്കും നല്ല രുചിയാണ്. നാട്ടുകാര്‍ മുള്ളന്‍പന്നിയെ കറിവെച്ച് കഴിക്കാന്‍ തുടങ്ങുമ്പോഴേക്കും വനംവകുപ്പ് ജീവനക്കാര്‍ അവരെ ഇടിച്ച് ഇഞ്ചപ്പരുവമാക്കും. നിയമപ്രകാരമുള്ള നടപടിയെടുക്കാതെ എന്തിനാണ് മര്‍ദിക്കുന്നത്? ഒരിക്കലെങ്കിലും ഈ ഇറച്ചി തിന്നവര്‍ ഇതിന്റെപേരില്‍ ആരെയും മര്‍ദിക്കില്ല. അത്രയ്ക്ക് രുചിയാണ്- ജോര്‍ജ് പറഞ്ഞു.
കാട്ടുപന്നിയിറച്ചി കഴിക്കാറുണ്ടെന്ന് എംഎല്‍എ പറഞ്ഞത് അന്വേഷിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു. എന്നാല്‍ വനംമന്ത്രി ഇതിനു മറുപടി പറഞ്ഞില്ല.
എണ്ണം പെരുകുന്നതിനാലാണ് വന്യമൃഗങ്ങള്‍ കാട്ടില്‍ ഇറങ്ങുന്നതെന്നും അവയെ വെടിവച്ചുകൊല്ലുകയാണ് വേണ്ടതെന്നും പിസി ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ വനവിസ്തൃതി കൂടുന്നതിനെ പി.സി. ജോര്‍ജ് വിമര്‍ശിച്ചു. ''കേരളത്തില്‍ 29 ശതമാനം വനമാണ്. ഇനിയും എങ്ങോട്ട് വനമുണ്ടാക്കണമെന്നാ ഈ പറയുന്നത്? കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് വാങ്ങി പുട്ടടിക്കുന്ന രാഷ്ട്രീയക്കാരുള്‍പ്പടെയുള്ളവരുടെ തട്ടിപ്പാണ് ഈ വാദം'' ജോര്‍ജ് പറഞ്ഞു.
ആനകളുടെ എണ്ണം കൂടുന്നതുകൊണ്ടാണ് അവ മനുഷ്യനെ ചവിട്ടിക്കൊല്ലുന്നതെന്ന് കെ. രാജേന്ദ്രന്‍ പറഞ്ഞു. വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ എന്താണ് വഴിയെന്ന് രാജേന്ദ്രന്‍ ആവര്‍ത്തിച്ച് ചോദിച്ചു. എണ്ണം കുറയ്ക്കാന്‍ ചില രാജ്യങ്ങള്‍ കശാപ്പ് നടത്താറുണ്ടെന്ന് സി.കെ. ശശീന്ദ്രന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates