കോഴിക്കോട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കണമെന്ന് കെ മുരളീധരന്‍ എംപി. 2001 ലെ യുഡിഎഫ് സര്‍ക്കാരാണ് ഈ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിലെത്തിയത്. മുഖ്യമന്ത്രി എകെ ആന്റണി വൈദ്യതി മന്ത്രി കടവൂര്‍ ശിവദാസനുമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിന് കെപിസിസി അംഗീകാരവും നല്‍കി. എന്നാല്‍ അന്ന് ഇടതുപക്ഷം എതിര്‍ത്തതെന്ന് മുരളി പറഞ്ഞു.
ഞാന്‍ വൈദ്യുതി മന്ത്രിയായപ്പോഴും ആ പദ്ധതിക്കായി പ്രവര്‍ത്തിച്ചു. പിന്നീട് വന്ന വൈദ്യുതി മന്ത്രിമാരും അത് വേണമെന്ന രീതിയിലാണ് മുന്നോട്ട് പോയത്. ഇപ്പോള്‍ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടിയല്ല സര്‍ക്കാര്‍ ഇക്കാര്യം പറയുന്നത്. കോവിഡ് പരാജയത്തിന്റെ ചര്‍ച്ച വഴിമാറ്റാനാണ് പദ്ധതിക്ക് എന്‍ഒസി കൊടുത്തതെന്നും മുരളി പറഞ്ഞു. പദ്ധതി നടപ്പിലാക്കാനുള്ള സമയം സര്‍ക്കാരിന്റെ കൈയിലില്ല. ആദ്യം എല്‍ഡിഎഫ് യോജിപ്പിലെത്തണം. പിന്നീട് സര്‍വകക്ഷി യോഗം ചേരുമ്പോള്‍ കോണ്‍ഗ്രസ് നിലപാട് അറിയിക്കും. ഭരണകക്ഷിക്ക് യോജിപ്പില്ലാത്ത ഒരു കാര്യത്തില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ സീരിയസായി ഇടപെടേണ്ടതില്ല. ഇത് കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്ന് മുരളി പറഞ്ഞു.
ആതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ജനവഞ്ചന ആണെന്നും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. പദ്ധതി ഉപേക്ഷിച്ചെന്ന് മന്ത്രി സഭയില്‍ പറഞ്ഞതാണെന്നും എന്‍ഒസി ഉടന്‍ പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷം പറയുന്നത്. കൊവിഡിന്റെ മറവില്‍ എന്ത് തോന്നിയവാസവും കാണിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates