Kerala

യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു; ശേഷം യുവാവ് ട്രെയിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വാടക വീട്ടില്‍ താമസിച്ചിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഇന്നലെ പുലര്‍ച്ചെ കൊട്ടാരക്കര വെണ്ടാറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോട്ടാത്തല ഏറത്ത് ജംഗ്ഷന്‍ ഓരനല്ലൂര്‍ വീട്ടില്‍ രാജന്‍-ശാന്ത ദമ്പതികളുടെ മകളും രണ്ടു കുട്ടികളുടെ അമ്മയുമായ സ്മിത ദീപേഷാണ് (34) കൊല്ലപ്പെട്ടത്. സ്മിതയുടെ ഭര്‍ത്താവ് ദീപേഷ് ഖത്തറിലാണ്. കിളികൊല്ലൂര്‍ കാഞ്ഞിരക്കാട്ട് മേലതില്‍ സത്യവ്രതന്‍  ലതിക ദമ്പതികളുടെ മകന്‍ സനീഷാണ് (32) ട്രെയിനിന് മുന്നില്‍ ജീവനൊടുക്കിയത്. 

മീയണ്ണൂരിലെ സ്വകാര്യ കമ്പനിയിലെ ജെസിബി ഓപ്പറേറ്ററാണ് സനീഷ്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ:സനീഷ് തന്റെ ഭര്‍ത്താവിന്റെ മാതൃസഹോദരിയുടെ മകനാണെന്നാണ് സ്മിത മറ്റുള്ളവരോട് പറഞ്ഞിരുന്നത്. ദീപേഷ് വിദേശത്ത് പോകുമ്പോഴും അല്ലാത്തപ്പോഴും സനീഷ് ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. കോട്ടാത്തല ജംഗ്ഷനില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്മിതയും മക്കളും അടുത്തിടെയാണ് വെണ്ടാറിലേക്ക് താമസം മാറിയത്. 

ബുധനാഴ്ച വൈകിട്ടോടെ സനീഷ് ഇവരുടെ വീട്ടിലെത്തി. അടുത്ത ഞായറാഴ്ച സനീഷിന്റെ വിവാഹ നിശ്ചയം നടക്കാനിരുന്നതാണ്. ഇതേച്ചൊല്ലി സ്മിതയും സനീഷുമായി വാക്കേറ്റമുണ്ടാവുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. കുട്ടികളുടെ മുന്നില്‍വച്ചാണ് ഇരുവരും തമ്മില്‍ ഉന്തുംതള്ളുമൊക്കെ ഉണ്ടായത്. പിന്നീട് കുട്ടികള്‍ ഉറങ്ങാന്‍ കിടന്നശേഷമാണ് കൊലപാതകം നടന്നത്. 

സ്മിതയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിയേറ്റ പാടുകളുണ്ട്.പുലര്‍ച്ചെ 6 മണിയോടെ സ്മിതയുടെ കൂട്ടുകാരിയായ കോട്ടാത്തല സ്വദേശിനിയെ സനീഷ് ഫോണില്‍ വിളിക്കുകയും സ്മിതയ്ക്ക് സുഖമില്ലെന്നും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞു. 

ഇതിന്‍പ്രകാരം കൂട്ടുകാരിയും ഭര്‍ത്താവും ബൈക്കില്‍ സ്മിതയുടെ വാടകവീട്ടിലെത്തി. പുറത്ത് നിന്നു പൂട്ടിയിരുന്നെങ്കിലും താക്കോല്‍ കതകില്‍ത്തന്നെ ഉണ്ടായിരുന്നു. സനീഷ് സ്ഥലത്തുണ്ടായിരുന്നില്ല. കൂട്ടുകാരിയും ഭര്‍ത്താവും വീട് തുറന്ന് അകത്ത് കടന്നപ്പോള്‍ കട്ടിലില്‍ സ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ അടുത്ത മുറിയില്‍ ഉറക്കത്തിലായിരുന്നു. ഉടനേ നാട്ടുകാരെയും സ്മിതയുടെ ബന്ധുക്കളെയും വിളിച്ചുവരുത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

കൊലപാതകമെന്ന സൂചന ലഭിച്ചതിനാല്‍ സനീഷിനെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങി. 9.45 ഓടെയാണ് കൊല്ലത്ത് ഫാത്തിമ കോളജിന് സമീപത്തായി റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടിയ നിലയില്‍ സനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സനീഷിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 5ന് സംസ്‌കരിക്കും. ദീപേഷ് ഇന്ന് രാവിലെ ഖത്തറില്‍ നിന്ന് എത്തിയശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് കോട്ടാത്തല ഏറത്ത് ജംഗ്ഷനിലെ വീട്ടുവളപ്പില്‍ സ്മിതയുടെ മൃതദേഹം സംസ്‌കരിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT