Kerala

രമേശല്ല, എസ് രാമചന്ദ്രൻ പിള്ളയാണ് ആർഎസ്എസ്; ശാഖ ശിക്ഷക് ആയിരുന്നെന്നും  ബിജെപി മുഖപത്രം

ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രമേശ് ചെന്നിത്തലയല്ല, സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എസ് രാമചന്ദ്രൻ പിള്ളയാണ് ആർഎസ്എസ് എന്ന് ബിജെപി മുഖപത്രം.  ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല, രാമചന്ദ്രന്‍ പിള്ള കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നു. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് എസ്ആര്‍പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ജന്മഭൂമി ദിനപ്പത്രത്തിലെ ലേഖനത്തിൽ പറയുന്നു. 

ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയും പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്യുകയായിരുന്നു. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്ആര്‍പി. ആ മാന്യതക്കു കാരണം അദ്ദേഹത്തിന്റെ ആര്‍എസ്എസ് സംസ്‌കാരമാണ് എന്നു പറയുന്നവരുമുണ്ട്. 

രമേശ് ചെന്നിത്തലയെ ആര്‍എസ്എസ് ആക്കാനാണ് കോടിയേരി ബാലകൃഷ്ണന്റെ കഠിന ശ്രമം. ആദ്യമായിട്ടല്ല ചെന്നിത്തലയ്ക്ക് ആര്‍എസ്എസ് അംഗത്വം സിപിഎം കൊടുക്കുന്നത്. രമേശ് ആര്‍എസ്എസ് ആയിരുന്നില്ലെങ്കിലും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍എസ്എസിനെ സ്‌നേഹിച്ചിരുന്നു. ചെന്നിത്തല മഹാത്മാ സ്‌ക്കൂളിലെ അധ്യാപകനായ അദ്ദേഹം  ആര്‍എസ്എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. 

കോണ്‍ഗ്രസുകാരിയായിരുന്ന രമേശിന്റെ അമ്മ ദേവകിയമ്മ തൃപ്പെരുന്തുറ പഞ്ചായത്ത് പ്രഡിഡന്റായിരുന്ന കാലത്താണ് സിപിഎം ചെന്നിത്തലയില്‍ അക്രമ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ  വെട്ടിക്കൊന്നുകൊണ്ടായിരുന്നു അത്. കെഎസ്‌യു കളിച്ചു നടന്ന രമേശിനുനേരെയും അക്കാലത്ത് സിപിഎം അതിക്രമം നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ തല്ലാന്‍ വളഞ്ഞപ്പോള്‍, രാമകൃഷ്ണന്‍ സാറിന്റെ മകന്‍ എന്ന നിലയില്‍ രക്ഷപ്പെടുത്തിയിട്ടുണ്ടാകാം. അതിനപ്പുറം രമേശിന് ആര്‍എസ്എസിന്റെ ഒരു മണോം ഗുണോം ഇല്ലെന്ന് ആ സംഘടനയെ അറിയാവുന്ന ആര്‍ക്കുമറിയാം.

കോണ്‍ഗ്രസില്‍ എല്ലാ അര്‍ത്ഥത്തിലും രമേശിനേക്കാള്‍ വലിയ നേതാവായിരുന്നല്ലോ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍.. ആത്മാഭിമാനിയും ഹിന്ദുത്വാഭിമാനിയുമായിരുന്ന ആര്‍ ശങ്കര്‍ കൊല്ലത്തെ ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകനായിരുന്നു. കൊല്ലത്ത് ആര്‍എസ്എസ് പ്രചാരകനായിരുന്ന ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍  ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ട്. താനും ശങ്കറുമൊന്നിച്ച് തിരുവനന്തപുരം റസിഡന്‍സിയില്‍ ചെന്ന് ശ്യാമപ്രസാദ് മുഖര്‍ജിയെ കണ്ട് ചര്‍ച്ച നടത്തിയെന്നാണ് മന്നം ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്‍എസ്എസ് പ്രസിദ്ധീകരിച്ച മന്നത്തിന്റെ 'സമ്പൂര്‍ണ കൃതികള്‍' എന്ന ഗ്രന്ഥത്തിന്റെ 293-ാം പേജിലാണ് ഇതേക്കുറിച്ച് പറയുന്നത്.

 ആര്‍ ശങ്കറിന്റെ മകനും ഇപ്പോള്‍ കെപിസിസി അംഗവുമായ മോഹന്‍ശങ്കറും ഇടക്കാലത്ത് ബിജെപിയില്‍ ചേരുകയും സംസ്ഥാന വൈസ് പ്രസിഡന്റാകുകയും ആര്‍എസ്എസ് നേതാക്കളുമായി നല്ല ബന്ധത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ശാഖയില്‍ വന്നു എന്നതിന്റെ പേരില്‍ ആര്‍.ശങ്കറിനെയും എസ് രാമചന്ദ്രന്‍പിള്ളയേയും തങ്ങളുടെ ആളാക്കാന്‍ ആര്‍എസ്എസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. മുന്‍ കെപിസിസി പ്രസിഡന്റ് കെ കേളപ്പന്‍ അവസാനകാലത്ത് ആര്‍ എസ് എസ് സഹയാത്രികനായിരുന്നു എന്നത് രമേശിന് ഓര്‍മ്മയില്ലങ്കിലും കോടിയേരിക്ക് അറിയാമല്ലോ എന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT