തിരുവനന്തപുരം: പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച കോടതി വിധിക്ക് പിന്നാലെ, ശബരിമലയിൽ കയറാനെത്തിയ രഹന ഫാത്തിമക്കെതിരെ ബിഎസ്എൻഎൽ നടപടി എടുത്തേക്കും. കേന്ദ്രസർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമോ ജീവനക്കാരോ ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താൻ കൂട്ടുനിൽക്കില്ല. വ്യക്തിതാത്പര്യങ്ങളുടെ പേരിൽ ഏതെങ്കിലും ജീവനക്കാർ ശബരിമല വിഷയത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പെരുമാറിയിട്ടുണ്ടെങ്കിൽ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷ നടപ്പിലാക്കുമെന്നും ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചു.
ഭാരതത്തിന്റെ നിയമങ്ങള്‍ കാത്തു സൂക്ഷിച്ചു കൊണ്ട്, ഭാരതത്തിന്റെ മത നിരപേക്ഷത കാത്തു സൂക്ഷിച്ചു കൊണ്ട്, നമ്മുടെ സാഹോദര്യം കാത്തു സൂക്ഷിച്ചു കൊണ്ട്, ഏതു സമയത്തും എന്നും ഞങ്ങള്‍ കൂടെ ഉണ്ടാകും എന്ന് ഒരിക്കല്‍ കൂടി ഞങ്ങള്‍ ഉറപ്പു തരുന്നു.
ബിഎസ്എൻഎൽ പുറത്തുവിട്ട വിശദീകരണ കുറിപ്പിന്റെ പൂർണരൂപം
പ്രിയ ബി.എസ്.എൻ.എൽ ഉപഭോക്താക്കളെ , മാന്യ ശബരിമല വിശ്വാസികളേ,
ഭാരതത്തിന്റെ നിയമവും അഖണ്ഡതയും കാത്തു സൂക്ഷിച്ചു കൊണ്ട് കേന്ദ്ര സർക്കാരിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു ടെലികോം പൊതുമേഖലാ സ്ഥാപനമാണ് ബി.എസ്.എൻ.എൽ. ഏതെങ്കിലും മത വികാരത്തെ വ്രണപ്പെടുതാണോ എന്തെങ്കിലും നിയമങ്ങൾ ലംഘിക്കാനോ ബി.എസ്.എൻ.എൽ എന്ന സ്ഥാപനം കൂട്ട് നിൽക്കില്ല എന്ന് ഞങ്ങളുടെ മാന്യ വരിക്കാരേയും അഭ്യുദയകാംക്ഷികളെയും അറിയിച്ചു കൊള്ളുന്നു.. രണ്ടു ലക്ഷത്തോളം വരുന്ന ജീവനക്കാരിൽ ആരെങ്കിലും വ്യക്തിതാൽപ്പര്യങ്ങളുടെ പേരിൽ ഏതെങ്കിലും മതങ്ങളുടെ വിശ്വാസങ്ങൾ വ്രണപ്പെടുത്തുകയോ അതിനു കൂട്ട് നിൽക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഭാരത സർക്കാർ അംഗീകരിച്ച നിയമാവലി അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കും എന്നറിയിച്ചു കൊള്ളുന്നു. വ്യക്തിപരമായി ഏതെങ്കിലും ജീവനക്കാർ ചെയ്യുന്ന പ്രവർത്തികളെ ബി.എസ്.എൻ.എലിന്റെ തീരുമാനമായി തെറ്റിദ്ധരിക്കരുത് എന്ന് അപേക്ഷിക്കുന്നു.
ശബരിമലയെ സംബന്ധിച്ച് വർഷം മുഴുവൻ സന്നിധാനത്ത് അവിടുത്തെ ശാന്തിമാരുടെയും ദേവസ്വം ജീവനക്കാരുടേയും മറ്റു ഉദ്യോഗസ്ഥന്മാരുടെയും ഉപയോഗാർത്ഥം മൊബൈൽ ടവർ ഓൺ ആക്കി വെയ്ക്കുന്നത് ഒരു ലാഭത്തിനും വേണ്ടിയല്ല മറിച്ചു നിസ്വാർഥമായ സേവനം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് ഞങ്ങൾ അറിയിച്ചു കൊള്ളുന്നു. . മണ്ഡല മകര വിളക്ക് കാലത്തൊഴികെ മറ്റു മലയാള മാസങ്ങളിൽ നട തുറക്കുമ്പോഴും ബി.എസ്.എൻ.എൽ മാത്രമാണ് പമ്പ മുതൽ സന്നിധാനം വരെ മൊബൈൽ കവേറേജ് നൽകുന്നത്. വളരെ അധികം നഷ്ടം സഹിച്ചും ഇത് പോലെ ഉള്ള സർവീസ് നൽകുന്നത് ഇതൊരു സർക്കാർ കമ്പനി ആയത് കൊണ്ടും ജനങ്ങളോടുള്ള ഞങ്ങളുടെ നിസ്വാർത്ഥമായ സേവന മനോഭാവം കൊണ്ടു മാണ്. ബി.എസ്.എൻ.എലിന്റെ മുഴുവൻ നിയന്ത്രണവും കേന്ദ്ര സർക്കാരിൽ അർപ്പിതമാണെന്നും കേന്ദ്ര സർക്കാർ നിർദേശങ്ങൾ നടപ്പിലാക്കാൻ ഞങ്ങൾ സദാ ബാധ്യസ്ഥാരെന്നും എല്ലാ നല്ലവരായ വരിക്കാരെയും ഭക്തന്മാരെയും ഈ പ്രത്യക സാഹചര്യത്തിൽ ഞങ്ങൾ അറിയിച്ചു കൊള്ളുന്നു.
നമ്മളുടെ എല്ലാം നികുതി പണത്താൽ പടുത്തുയർത്തിയ ബി.എസ്.എൻ.എൽ എന്ന ഈ സ്ഥാപനം കേരളത്തിൽ ഇപ്പോൾ കഴിഞ്ഞു പോയ പ്രളയ കാലത്തും മുൻപ് ചെന്നൈയിലും വിശാഖപട്ടണത്തും കാശ്മീരിലും ഉത്തരാഖണ്ഠിലും ഒക്കെ ദുരന്തം വപ്പോൾ മറ്റു ഓപ്പറേറ്റർമാർ അവരുടെ സർവീസ് ഓഫ് ചെയ്തപ്പോൾ വർധിച്ച ഇന്ധന ചിലവ് സഹിച്ചും വൈദ്യുതി ഇല്ലാത്ത ദിവസങ്ങളിലും ജനങ്ങളുടെ രക്ഷക്ക് അഹോരാത്രം നിസ്വാർഥം പ്രവർത്തിച്ചു എന്നത് നിങ്ങൾ ഒക്കെ അനുഭവിച്ചറിഞ്ഞതാണല്ലോ. തുടർന്നും ഇതേ പോലെ ഉള്ള സേവനങ്ങൾ ചെയ്യുന്നതിന് നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്ന് താഴ്മയായി അറിയിച്ചു കൊള്ളുന്നു.
150 വർഷത്തിനു മുകളിൽ പാരമ്പര്യം ഉള്ള കേന്ദ്ര സർക്കാരിന്റെ ഈ സ്വന്തം സ്ഥാപനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ ഉപദേശവും നിർദ്ദേശങ്ങളും ഞങ്ങൾ തുടർന്നും പ്രതീക്ഷിച്ചു കൊള്ളുന്നു. ഭാരതത്തിന്റെ നിയമങ്ങൾ കാത്തു സൂക്ഷിച്ചു കൊണ്ട്, ഭാരതത്തിന്റെ മത നിരപേക്ഷത കാത്തു സൂക്ഷിച്ചു കൊണ്ട് നമ്മുടെ സാഹോദര്യം കാത്തു സൂക്ഷിച്ചു കൊണ്ട് ഏതു സമയത്തും എന്നും ഞങ്ങൾ കൂടെ ഉണ്ടാകും എന്ന് ഒരിക്കൽ കൂടി ഞങ്ങൾ ഉറപ്പു തരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates