തിരുവനന്തപുരം: ഇടുക്കി രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസധനമായി അഞ്ച് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇടുക്കി ജില്ലയിലെ മൂന്നാര്‍ രാജമല പെട്ടിമുടിലുണ്ടായ മണ്ണിടിച്ചില്‍ ഈ കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ ദുഖത്തിലാഴ്ത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുപ്പത് മുറികളുള്ള നാല് ലയങ്ങള്‍ മണ്ണിടിച്ചിലില്‍ പൂര്‍ണമായി ഇല്ലാതായി എന്നാണ് ലഭ്യമായ റിപ്പോര്‍ട്ട്. ആകെ 80 ലേറെ പേര്‍ താമസിച്ചിരുന്നു. 15 പേരെ രക്ഷപ്പെടുത്തി 15 പേര്‍ മരിച്ചു. മറ്റുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. ഇവരുട നിര്യാണത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജമലയിൽ പുലർച്ചെയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് വൈദ്യുതി, വാർത്താവിനിമയ ബന്ധം തടസ്സപ്പെട്ടു. അതിനാൽ ദുരന്തം പുറംലോകമറിയാൻ താമസമുണ്ടായി. ഇവിടേക്കുള്ള പാലം ഒലിച്ചു പോയത് രക്ഷാപ്രവർത്തകർക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാക്കി.
സബ് കലക്ടറുടെ നേതൃത്വത്തിൽ പൊലീസ്, അഗ്നിശമനസേന സംഘങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രവും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം അതീവ പ്രയാസം നിറഞ്ഞതായിരുന്നു. ദേശീയ ദുരന്ത പ്രതികരണ സേന പെരിയ വനപാലം പിന്നിട്ട് സ്ഥലത്തെത്തുന്നതായാണ് റിപ്പോർട്ട്.
കനത്ത ദുരന്തം മുന്നിൽ കണ്ട് ദേശീയ ദുരന്ത പ്രതികരണസേനയുടെ ഒരു യൂണിറ്റിനെ ഇടുക്കിയിൽ നിയോഗിച്ചിരുന്നു. എന്നാൽ വാഗമണ്ണിൽ ഇന്നലെ ഒരു കാർ ഒലിച്ചുപോയതിനെ തുടർന്ന് എൻഡിആർഎഫ് അവിടെ രക്ഷാപ്രവർത്തനം നടത്തി. രാവിലെയാണ് അവരെ രാജമലയിൽ നിയോഗിച്ചത്. ഇതുകൂടാതെ അഗ്നിശമന സേനയുടെ പരിശീലനം ലഭിച്ച അൻപതംഗ ടീമിനെ ഇവിടേക്ക് നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷപ്പെട്ടവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ളവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതില്‍ പളനിയമ്മാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരില്‍ എട്ടു പുരുഷന്മാര്‍, 5 സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (45), മയില്‍ സ്വാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43) തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
പുലര്‍ച്ചെയോടെയാണ് മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. മുപ്പതുമുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ആകെ 78 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതില്‍ 12 പേര്‍ രക്ഷപ്പെട്ടു. 66 പേരെ കാണാതായിട്ടുണ്ട്.മണ്ണും കൂറ്റന്‍ പാറകളും വന്ന് 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായി മൂടി.
അപകടസമയത്ത് എണ്‍പതോളം പേര്‍ ലയങ്ങളിലുണ്ടായിരുന്നുവെന്നാണ് വിവരം. സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങള്‍ മണ്ണിനടിയിലാകുകയും ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ തകരാറിലാകുകയും ചെയ്തതാണ് വിവരം പുറത്തറിയാന്‍ വൈകിയത്. ആളുകള്‍ കിലോമീറ്ററുകള്‍ നടന്നെത്തി ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates