നെടുങ്കണ്ടം : രാജ്കുമാറിനെ പൊലീസ് അനധികൃതമായി കസ്റ്റഡിയിൽ വെച്ച് ക്രൂരമായ മർദനമുറകൾക്ക് വിധേയനാക്കിയത് എന്തിനെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിൽ ക്രൈംബ്രാഞ്ച്. രാജ്കുമാറിന്റെ കൈവശമുണ്ടായിരുന്ന പണം ആരാണ് കൈപ്പറ്റിയിരുന്നത് എന്ന് കണ്ടെത്തിയാൽ മൂന്നാംമുറയ്ക്ക് പിന്നിലെ നിഗൂഢത വെളിച്ചത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മൂന്നാംമുറ പ്രയോഗിച്ച ഉദ്യോഗസ്ഥർ ആരൊക്കെ, ഇതിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം, അനധികൃത കസ്റ്റഡി ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നു എന്ന ആരോപണത്തിന് കൂടുതൽ തെളിവുകൾ, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.
ക്രൈംബ്രാഞ്ച് സംഘം മൂന്ന് ഗ്രൂപ്പായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. വലിയ വിദ്യാഭ്യാസമില്ലാത്ത രാജ്കുമാർ കോടികളുടെ ഇടപാടിന് പ്രാപ്തനല്ലെന്നും, മറ്റാരുടെയെങ്കിലും ബിനാമി ആയിരിക്കുമെന്നുമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. രാജ്കുമാർ ജീവനക്കാരോട് സൂചിപ്പിച്ച ബോസ് ആരാണെന്ന് കണ്ടെത്താനും പൊലീസ് സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ‘ബോസി’നെ ഇയാൾ ഭയപ്പെട്ടിരുന്നെന്നും സൂചനയുണ്ട്. നിക്ഷേപകരിൽനിന്ന് ലഭിച്ച ലക്ഷങ്ങൾ കുമളിയിലെ രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നെന്ന വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരുന്നു.
കാര്യമായ തുകയൊന്നും കൈയിലില്ലെന്ന് വ്യക്തമായിട്ടും രാജ്കുമാറിനെ കൈകാര്യം ചെയ്യാൻ പൊലീസിനു പ്രേരകമായത് തുക കൊണ്ടുപോയവരുടെ താൽപര്യമാകാമെന്നാണ് സംശയിക്കുന്നത്. പണം കൈക്കലാക്കിയവർക്ക് രാജ്കുമാറിനെ ഇല്ലാതാക്കേണ്ടതോ ഭയപ്പെടുത്തി നിശ്ശബ്ദനാക്കേണ്ടതോ ഉണ്ടായിരുന്നു. ഇതാരെന്ന് കണ്ടെത്തിയാൽ ക്രൂരകസ്റ്റഡി മർദനത്തിന് ഇരയാക്കിയ പൊലീസുകാരുടെ താൽപര്യവും വ്യക്തമാകുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates