മലപ്പുറം : ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ ശശി തരൂര്‍ എംപിയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്തെത്തി. തരൂരിന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. രാജ്യം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്ഥാന്‍' ആയി മാറുമെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. ശക്തമായ മതത്തിന്റെ അടിത്തറയില്‍ നിര്‍മിക്കപ്പെട്ട പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളോടു വിവേചനം കാട്ടുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുകയാണ്. രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്റെ യുക്തി അംഗീകരിക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാകിസ്ഥാന്റെ തനിപ്പകര്‍പ്പാണ്. മതാധിപത്യത്തിലൂന്നി ന്യൂനപക്ഷങ്ങളെ കീഴാളരായി പരിഗണിക്കുന്ന ഇടമാകും അത്. അതൊരു ഹിന്ദു പാക്കിസ്ഥാന്‍ ആയിരിക്കും. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം നടന്നത് അതിനുവേണ്ടിയായിരുന്നില്ല. പാക്കിസ്ഥാന്റെ ഹിന്ദു പതിപ്പായി മാറാതെ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ കാത്തു സൂക്ഷിക്കുകയാണു വേണ്ടതെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു.
വിവാദ പരാമർശത്തിന്റെ പേരിൽ ശശി തരൂരിന് കൊൽക്കത്ത കോടതി സമൻസ് അയച്ചിട്ടുണ്ട്. അടുത്തമാസം 14 ന് തരൂരിനോട് നേരിട്ട് ഹാജരാകാനാണ് കോടതി നിർദേശിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് സുമിത് ചൗധരി എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates