ചെന്നൈ : മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിനി കൊല്ലം സ്വദേശിനി ഫാത്തിമയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകന്‍രെ പീഡനമെന്ന് ആവര്‍ത്തിച്ച് കുടുംബാംഗങ്ങള്‍. തന്റെ മരണത്തിന് കാരണം ഒരു അധ്യാപകനാണെന്ന് അയാളുടെ പേര് സഹിതം മൊബൈല്‍ ഫോണില്‍ കുറിച്ച് ഫാത്തിമ സൂക്ഷിച്ചിരുന്നതായി പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞു. ചെന്നൈ ഐഐടിയുലെ എംഎ ഹ്യുമാനിറ്റീസ് ആന്റ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് (ഇന്റഗ്രേറ്റഡ്) ല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫ് കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
ഫാത്തിമയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ട്. ആത്മഹത്യാകുറിപ്പിലുള്ള ഈ അധ്യാപകന്റെ പീഡനത്തെക്കുറിച്ച് മുമ്പും ഫാത്തിമ സൂചിപ്പിച്ചിട്ടുണ്ട്. ഇയാള്‍ മിക്ക കുട്ടികളെയും കരയിക്കാറുണ്ട്. മിക്ക ദിവസവും രാത്രി ഫാത്തിമ മെസ്സ് ഹാളില്‍ തനിച്ചിരുന്ന് കരയാറുണ്ടായിരുന്നതായി വിവരം ലഭിച്ചതായും ലത്തീഫ് വെളിപ്പെടുത്തി. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പൊലീസിന് വ്യക്തമായ തെളിവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ ഐഐടി അധികൃതരും ഒത്തുകളിക്കുന്നതായി സംശയിക്കുന്നുണ്ട്. ഫാത്തിമയുടെ മരണത്തെതുടര്‍ന്ന് ഡിപ്പാര്‍ട്ടുമെന്റ് അടുത്ത 45 ദിവസത്തേക്ക് ക്ലാസുകള്‍ റദ്ദാക്കി. പരീക്ഷ ഡിസംബറിലേക്ക് മാറ്റി. കുട്ടികളോട് വീട്ടിലേക്ക് പൊയ്‌ക്കൊള്ളാന്‍ നിര്‍ദേശം നല്‍കി. ഇത് കേസ് അട്ടിമറിക്കുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും വേണ്ടിയാണെന്ന് സംശയമുണ്ടെന്നും ലത്തീഫ് ആരോപിച്ചു.
ഐഐടി എന്‍ട്രന്‍സ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കോടെയാണ് ഫാത്തിമ വിജയിച്ചതെന്നും ലത്തീഫ് ചൂണ്ടിക്കാട്ടുന്നു. ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ കുട്ടിയായിരുന്നു ഫാത്തിമയെന്ന് അധ്യാപകരും പറഞ്ഞു. ആരോപണ വിധേയനായ അധ്യാപകന്റെ പേപ്പര്‍ ഒഴിച്ച് എല്ലാ പേപ്പറിലും ഫാത്തിമ ക്ലാസ്സില്‍ ഒന്നാമതായിരുന്നുവെന്ന് ഹ്യുമാനിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഉമാകാന്ത് ഡാഷ് അറിയിച്ചു.
ആരോപണ വിധേയനായ അധ്യാപകന്റെ പേപ്പറിന് മാത്രമാണ് ഇന്റേണലില്‍ രണ്ടാം സ്ഥാനത്തായത്. അതും രണ്ടോ, മൂന്നോ മാര്‍ക്ക് മാത്രം കുറവില്‍. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെങ്കില്‍ നിര്‍ഭാഗ്യകരമാണെന്ന് ഡാഷ് പറഞ്ഞു. ഫാത്തിമയുടെ മരണകാരണത്തെക്കുറിച്ച് കുട്ടികള്‍ക്കോ അധ്യാപകര്‍ക്കോ യാതൊരു അറിവുമില്ല. ക്ലാസ്സുകള്‍ 45 ദിവസത്തേക്ക് റദ്ദാക്കിയെന്ന ആരോപണം ശരിയല്ലെന്നും ഡാഷ് പറഞ്ഞു.
ക്ലാസ്സുകള്‍ പതിവുപോലെ നടക്കുന്നുണ്ട്. ഒരു ക്ലാസും സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. ഫാത്തിമയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തരാകാത്ത ഏതാനും സഹപാഠികള്‍ ഇന്റേണല്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി കൈക്കൊള്ളും. ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് താന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമായും സംസാരിച്ചിരുന്നു. ആര്‍ക്കും ഒരു അറിവുമില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡാഷ് വ്യക്തമാക്കി.
ആഗസ്റ്റിലാണ് ഫാത്തിമ ലത്തീഫ് ചെന്നൈ ഐഐടിയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്. അതേസമയം ചെന്നൈ ഐഐടി കുട്ടികളുടെ മരണ കേന്ദ്രമാണെന്നായിരുന്നു ഒരുസീനിയര്‍ അധ്യാപകന്റെ പ്രതികരണം. പലവിധ കാരണങ്ങളാല്‍ നിരവധി കുട്ടികളാണ് ഇവിടെ ജീവനൊടുക്കിയത്. വിദ്യാര്‍ത്ഥികള്‍ വെറും ഇരകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഫാത്തിമയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ ലത്തീഫും കുടുംബവും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates