തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്ന് ഉമ്മന്‍ചാണ്ടി. സീറ്റ് വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. നാളെ ഞാന്‍ ആന്ധ്രയിലേക്ക് പുറപ്പെടും മുമ്പ് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രാഹുലിന്റെ തീരുമാനം നാളെയുണ്ടാകാമെന്ന് ടി സിദ്ധിഖ് പറഞ്ഞു.
രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നേരത്തെ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. രാഹുല്‍ മല്‍സരിക്കുമെന്ന സൂചന താന്‍ നല്‍കിയിട്ടില്ല. രാഹുല്‍ കേരളത്തില്‍ മല്‍സരിക്കണമെന്ന ആവശ്യം മുന്നോട്ട് വെക്കുകയാണ് ചെയ്തത്.
രാഹുല്‍ഗാന്ധി ഒരു സമയത്തും രണ്ടാമതൊരു സീറ്റില്‍ മല്‍സരിച്ചിട്ടില്ല. രണ്ടാമതൊരു സീറ്റില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം ഇതുവരെ സൂചന പോലും നല്‍കിയിട്ടില്ല. കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആവശ്യമുയര്‍ന്നതിന് പിന്നാലെ, കേരളത്തില്‍ നിന്നും അദ്ദേഹം മല്‍സരിക്കണമെന്ന് താന്‍ ആവശ്യം ഉന്നയിക്കുകയാണ് ചെയ്തത്.
അതല്ലാതെ രാഹുല്‍ വരുമെന്ന സൂചനയൊന്നും താന്‍ നല്‍കിയിട്ടില്ല. വരുമെന്ന സൂച രാഹുല്‍ഗാന്ധിക്ക് മാത്രമേ നല്‍കാനാകൂ. വയനാട് സീറ്റിന്റെ കാര്യത്തില്‍ വൈകാതെ തന്നെ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരളത്തില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുന്നത് തടയാന്‍ ഡല്‍ഹിയില്‍ ചിലര്‍ നാടകം കളിക്കുന്നു എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെതള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. ഇതേപ്പറ്റി തനിക്ക് അറിയില്ല. മുല്ലപ്പള്ളിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ഗാന്ധിയെ പോലുള്ള ശക്തനായ നേതാവ് ദക്ഷിണേന്ത്യയില്‍ മല്‍സരിച്ചാല്‍ മതേതര ശക്തികള്‍ക്ക് വന്‍ പിന്തുണ കിട്ടും എന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കേരളത്തില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടത്. അദ്ദേഹം ഇതുവരെ മല്‍സരിക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ. അല്‍പ്പം കൂടി കാത്തിരിക്കാം. പോസ്റ്റീവായ മറുപടി ഉണ്ടാകുമെന്നാണ് ഇപ്പോഴും തന്റെ പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുല്‍ഗാന്ധി കേരളത്തില്‍ മല്‍സരിക്കേണ്ടതില്ലെന്നുള്ള എന്‍സിപിയുടെ അഭിപ്രായം കണ്ടിരുന്നു. അവര്‍ അഭിപ്രായം പറഞ്ഞാലും, തീരുമാനം എടുക്കേണ്ടത് രാഹുല്‍ഗാന്ധിയും ഹൈക്കമാന്‍ഡുമാണെന്നും ചെന്നിത്തല പറഞ്ഞു.
രാഹുല്‍ പോരാട്ടം നയിക്കുന്നത് ബിജെപിക്കെതിരെയാണ്. അമേഠിയില്‍ ബിജെപിയാണ് മുഖ്യ എതിരാളി. അവിടെ നല്ല ഭൂരിപക്ഷത്തില്‍ രാഹുല്‍ഗാന്ധി വിജയിക്കും. അതേസമയം തന്നെ ദേശീയ നേതാക്കള്‍ മുമ്പും രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയും സോണിയാഗാന്ധിയും വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ജനവിധി തേടിയിട്ടുണ്ട്. അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തീരുമാന്തതിന്റെ അടിസ്ഥാനത്തിലാണ്. കെ കരുണാകരന്‍ രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ചിട്ടുള്ള കാര്യവും രമേശ് ചെന്നിത്തല എടുത്തുപറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates