Kerala

റെയില്‍വേ ചീഫ് എക്‌സാമിനറായി ചമഞ്ഞു, വിശ്വസിപ്പിക്കാന്‍ പരീക്ഷ നടത്തി; 300 പേരില്‍ നിന്ന് 10 കോടി വെട്ടിച്ച തട്ടിപ്പുകാരന്റെ കഥ ഇങ്ങനെ 

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചീഫ് എക്‌സാമിനര്‍ ചമഞ്ഞ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചീഫ് എക്‌സാമിനര്‍ ചമഞ്ഞ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. കാഞ്ഞങ്ങാട് പരപ്പ കമ്മാടം കുളത്തിങ്കല്‍ ഹൗസില്‍ ഷമീമാണ് ഷാഡോ പൊലീസിന്റെ പിടിയിലായത്. 300 പേരില്‍ നിന്നായി 10 കോടി തട്ടിയെടുത്തു എന്നതാണ് കേസിന് ആധാരമായ സംഭവം. 

സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയില്‍ ടിക്കറ്റ് കളക്ടര്‍, ബുക്കിംഗ് ക്ലാര്‍ക്ക്, ജൂനിയര്‍ എന്‍ജിനിയര്‍, ഇലക്ട്രോണിക്‌സ് എന്‍ജിനിയര്‍, നഴ്‌സ്, അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍, സിവില്‍ എന്‍ജിനിയര്‍ എന്നി തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. രണ്ട് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് പലരില്‍നിന്നുമായി തട്ടിയെടുത്തത്.

2017 മാര്‍ച്ച് മുതല്‍ അടുത്തിടെ വരെ ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. കബളിപ്പിക്കപ്പെട്ടവര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് കണ്‍ട്രോള്‍ റൂം അസി.കമ്മിഷണര്‍ വി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷമീം പിടിയിലായത്. ഇയാളില്‍നിന്ന് നിരവധി ഫോണുകളും വ്യാജ സിം കാര്‍ഡുകളും റെയില്‍വേയുടെ വ്യാജരേഖകളും, റെയില്‍വേ മുദ്രയുള്ള വ്യാജ സീലുകളും, നോട്ട് എണ്ണുന്ന രണ്ട് യന്ത്രങ്ങളും പിടിച്ചെടുത്തു. കര്‍ണാടക സര്‍ക്കാരിന്റെ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളും, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ വ്യാജ രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഷമീമിന് പത്താംക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. ഇംഗ്ലീഷ് അടക്കം നിരവധി ഭാഷകള്‍ സംസാരിക്കും.

ആഡംബര വാഹനങ്ങളില്‍ കറങ്ങിനടന്ന് റെയില്‍വേ ചീഫ് എക്‌സാമിനറെന്നും റെയില്‍വേ ഫുട്ബാള്‍ ടീം അംഗമാണെന്നും പറഞ്ഞ് പരിചയപ്പെട്ട ശേഷം ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. താത്പര്യമറിയിക്കുന്നവരോട് ബംഗളൂരു റെയില്‍വേ സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെടും. പ്ലാറ്റ്‌ഫോമില്‍ റെയില്‍വേയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചെത്തുന്ന ഷമീം റെയില്‍വേ മുദ്രയുള്ള വ്യാജഅപേക്ഷ ഫോം പൂരിപ്പിച്ചു വാങ്ങും. പല തട്ടിലുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനായി പണം പല കവറുകളിലാക്കി നല്‍കാനും ആവശ്യപ്പെടും. ഒരാഴ്ച കഴിഞ്ഞുള്ള തീയതിയില്‍ പരീക്ഷ എഴുതാന്‍ തയ്യാറായെത്താനും നിര്‍ദ്ദേശിക്കും. 

ബംഗലൂരുവിലെ കെട്ടിടം വാടകയ്‌ക്കെടുത്ത് പരീക്ഷാ ഹാളായി സജ്ജമാക്കി സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയുടെ പേര് അച്ചടിച്ച കവറില്‍ ചോദ്യപേപ്പറും ഉത്തരം അടയാളപ്പെടുത്താനുള്ള ഒ.എം.ആര്‍ ഷീറ്റും നല്‍കി പരീക്ഷ എഴുതിപ്പിക്കും. മറ്റൊരു ദിവസം മെഡിക്കല്‍ ടെസ്റ്റിനായി 10,000 രൂപയുമായി റെയില്‍വേ ആശുപത്രിയിലെത്താന്‍ നിര്‍ദ്ദേശിക്കും. പണവുമായി എത്തുന്നവരെ ആശുപത്രിയുടെ വെളിയില്‍ നിറുത്തിയ ശേഷം അകത്ത് പോയി മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമായി തിരികെയെത്തി ജോലി ശരിയായിട്ടുണ്ടെന്നും ജോലിയില്‍ പ്രവേശിക്കേണ്ട തീയതി ഉടന്‍ അറിയിക്കാമെന്നും ധരിപ്പിച്ച് പറഞ്ഞുവിടും. ജോലി ഉത്തരവ് ലഭിക്കാതെ വിളിക്കുന്നവരോട്, റെയില്‍വേ വിജിലന്‍സ് വിഭാഗം പ്രശ്‌നമുണ്ടാക്കുന്നെന്നും കുറച്ച് ദിവസം കൂടി കാത്തിരിക്കാനും ആവശ്യപ്പെടും. വീണ്ടും വിളിക്കുമ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും. ഇത്തരത്തിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

'നയന്‍താരയുടെ 50 കോടിയുടെ പ്രൈവറ്റ് ജെറ്റ്'; വെറും സോഷ്യല്‍ മീഡിയ തള്ള്! സത്യാവസ്ഥ എന്തെന്ന് ഹാലോ എയര്‍വേയ്‌സ് ഉടമ

25,000 രൂപയില്‍ താഴെ വില, 7,000mAh ബാറ്ററി; ലാവ അഗ്നി ഫോര്‍ ലോഞ്ച് 20ന്, ഫീച്ചറുകള്‍

മംദാനിക്ക് പിന്നാലെ വീണ്ടും ഇന്ത്യന്‍ വംശജയ്ക്ക് വിജയം; വിര്‍ജീനിയ ലെഫ്. ഗവര്‍ണറായി ഗസാല ഹാഷ്മി

മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപ; അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കുന്നത് 12.30 ലക്ഷം, ഇതാ ഒരു വരുമാന പദ്ധതി

SCROLL FOR NEXT