ന്യൂഡൽഹി: കേരളത്തിലെ നാലു സീറ്റുകളിലേക്ക് കൂടിയുള്ള കോൺഗ്രസ് സ്ഥാനാർത്ഥിമാരുടെ പ്രഖ്യപനം ഇന്നുണ്ടാകും. വടകര മണ്ഡലത്തിൽ ആരെ സ്ഥാനാർത്ഥിയാക്കുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്താൻ കഴിയാതായതോടെയാണ് കേരളത്തിലെ പട്ടിക നീണ്ടുപോയത്. എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനെതിരെ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തരുതെന്ന ആവശ്യം ഹൈക്കമാൻഡിന് മുന്നിലെത്തിയതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍
വീണ്ടും മത്സരിക്കണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു.
എന്നാൽ മത്സരത്തിന് താൻ ഇല്ലെന്ന് തന്നെയാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികിനോടും മുല്ലപ്പള്ളി ഇന്നലെ വ്യക്തമാക്കിയത്. ശക്തനായ സ്ഥാനാർത്ഥിയെന്ന നിലയിലും സിറ്റിങ് എംപി എന്ന നിലയിലുമാണ് കെപിസിസി പ്രസിഡന്റിനെ തന്നെ പരിഗണിക്കുന്നത്. വീറുറ്റ രാഷ്ട്രീയ പോരാട്ടം നടത്തിയില്ലെങ്കിൽ അത് മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിച്ചേക്കുമെന്നും മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിരുന്നു. ഇപ്പോൾ ഉയർന്ന് കേൾക്കുന്ന പേരുകൾ ദുർബലമാണെന്നും അവരെ കൊണ്ട് വടകര നിലനിർത്താൻ സാധിക്കില്ലെന്നും ആർഎംപിയും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സജീവ് മാറോളി, ബിന്ദു കൃഷ്ണ എന്നിവരുടെ പേരാണ് വടകരയിൽ ഇപ്പോൾ കേൾക്കുന്നത്.
വയനാടില്ലെങ്കിൽ മത്സരിക്കാനില്ലെന്ന ടി സിദ്ദിഖിന്റെ സമ്മർദ്ദ തന്ത്രം വിജയത്തിലെത്തുകയായിരുന്നു. എ ഗ്രൂപ്പിന്റെ ആവശ്യത്തിന് വഴങ്ങി , ടി സിദ്ദിഖിന് വയനാട് നൽകാൻ ധാരണയായി എന്ന റിപ്പോർട്ടുകൾ ഇന്നലെ പുറത്ത് വന്നിരുന്നു.ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂർ പ്രകാശും മത്സരിക്കും. പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് മുമ്പായി ഉണ്ടാകുമെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates