Kerala

വര്‍ഗ്ഗീയ വിഷം തീണ്ടിയ, കലയുടെ പാരമ്പര്യമെന്തെന്നറിയാത്ത, അക്രമാസക്തമായ ആള്‍ക്കൂട്ടമാണ് മീശ നോവല്‍ പിന്‍വലിപ്പിച്ചത്: പി രാമന്‍

സാഹിത്യവും കലകളുമെല്ലാം അപ്രത്യക്ഷമാവുന്ന പ്രാകൃത കാലം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വര്‍ഗ്ഗീയതയുടേയും വിഭാഗീയതയുടേയും ഇരയായി എഴുത്തുകാരന്‍ മാറുകയാണെന്ന് കവി പി രാമന്‍. അവര്‍, ഇവര്‍ എന്ന വിഭാഗീയതയിലേക്ക് എഴുത്തുകാരനേയും വലിച്ചിഴക്കപ്പെടുകായാണെന്നും രാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നോവലിസ്റ്റ് നോവല്‍ പിന്‍വലിച്ച വാര്‍ത്ത ഇന്നു പുറത്തു വന്നിരിക്കുന്നു. അത് സ്വമേധയാ പിന്‍വലിക്കലല്ല, ഭീഷണിപ്പെടുത്തിയുള്ള നിരോധനം തന്നെയാണ്. നിരോധിച്ചത് ഭരണകൂടമല്ല,വര്‍ഗ്ഗീയ വിഷം തീണ്ടിയ, കലയുടെ പാരമ്പര്യമെന്തെന്നറിയാത്ത, അക്രമാസക്തമായ ആള്‍ക്കൂട്ടമാണ്.പൊതു സമൂഹം തന്നെ ഇങ്ങനെയൊരു ആള്‍ക്കൂട്ടമായിത്തീരാന്‍ അധികം താമസമില്ല.സാഹിത്യവും കലകളുമെല്ലാം അപ്രത്യക്ഷമാവുന്ന പ്രാകൃത കാലം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും ജനാധിപത്യ രാഷ്ട്രീയ കക്ഷികളും നോവല്‍ തിരോധാനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് വ്യക്തമാക്കേണ്ട അടിയന്തര സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം

എസ്. ഹരീഷ് നോവല്‍ പിന്‍വലിച്ചെന്ന വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നു. നമ്മുടെ നാട് അതിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ നല്ല വശങ്ങളെല്ലാം ( തീര്‍ച്ചയായും ചീത്ത വശങ്ങള്‍ അതിലേറെയുണ്ട് )കൈവിട്ട് ഇരുട്ടിലേക്കു പോകുന്നതിന്റെ ഭയജനകമായ ചിത്രം ചുറ്റും ഇരുണ്ടു വരുന്നു.

സമൂഹത്തില്‍ അനാചാരങ്ങളും അസമത്വവും നിലനിന്നിരുന്ന പഴയ കാലത്തുപോലും എഴുത്തുകാരുള്‍പ്പെടുന്ന കലാകാരന്മാര്‍ക്ക് സ്വേച്ഛയാ ചിന്തിക്കാനും ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം കുറേയൊക്കെ കേരളത്തിലുണ്ടായിരുന്നു.കൂടിയാട്ടം, കൂത്ത്, തുള്ളല്‍ എന്നീ കലകള്‍ ആസ്വാതന്ത്ര്യത്തിന്റെ കൂടി മാതൃകകളാണ്. ക്ഷേത്രത്തോടു ചേര്‍ന്നുള്ള കൂത്തമ്പലത്തില്‍ നടക്കുന്ന പുരുഷാര്‍ത്ഥ ക്കൂത്തിലാണ് ചാക്യാര്‍ താഴെ കൊടുത്ത ശ്ലോകം ചൊല്ലി വിശദീകരിക്കുന്നത് :

'ശാന്തി ദ്വിജ പ്രകുരുതേ ബഹു ദീപശാന്തിം
പക്വാജ്യ പായസ ഗുളൈര്‍ ജീരാഗ്‌നി ശാന്തിം
തത്രത്യ ബാല വനിതാ മദനാര്‍ത്തി ശാന്തിം
കാലക്രമേണ പരമേശ്വര ശക്തി ശാന്തിം.

ശാന്തിക്കാര്‍ സ്വതേ കള്ളന്മാരാ.ദേവന്നു വരുന്ന സാധനങ്ങളിലെ ഒരു ഭാഗം, എത്ര മനസ്സിരുത്യാലും ശരി, അവര്‍ കക്കാതിരിക്കില്ല. വിളക്കു വയ്ക്കാന്‍ എണ്ണയോ നിവേദ്യത്തിന് അരിയോ പായസം വയ്ക്കാന്‍ നാളികേരം, ശര്‍ക്കര തുടങ്ങിയതോ ആരെങ്കിലും കൊണ്ടു വന്നാല്‍ ആദ്യം ശാന്തിക്കാരന്‍ തന്റോഹരി ആരും കാണാതെ എടുത്തു വയ്ക്കും........ മാത്രമല്ല, കാണാന്‍ കൊള്ളാവുന്ന സ്ത്രീകളാരെങ്കിലും ക്ഷേത്രപരിസരത്തുണ്ടെങ്കില്‍ അവരുടെ മദനാര്‍ത്തി ശമിപ്പിക്കലും ശാന്തി പ്രവൃത്തിക്കാരന്റെ പണ്യാ.സുന്ദരികളായ ചെറുപ്പക്കാരെ വ്യഭിചരിക്കലാണ് അവരുടെ പണി...... ' എന്നു നീണ്ടുപോകുന്നു ചാക്യാരുടെ കഥ പറച്ചില്‍.('പുരുഷാര്‍ത്ഥ ക്കൂത്ത് '  കേരള സാഹിത്യ അക്കാദമി പത്തു നാല്‍പ്പതു കൊല്ലം മുമ്പ് പുറത്തിറക്കിയ കൃതിയില്‍ നിന്ന്)ക്ഷേത്രത്തോടു ചേര്‍ന്ന കൂത്തമ്പലത്തില്‍ കൂത്ത് കേട്ട് രസിച്ചിരുന്ന കാണികള്‍ അസഹിഷ്ണുതയോടെ ചാക്യാര്‍ക്കുനേരെ വാളോങ്ങിയ ചരിത്രമില്ല. ക്ഷേത്രത്തിലിരുന്ന് ഇങ്ങനെ പറയരുത് എന്ന് ശാന്തിക്കാരും ഭക്തരുമടങ്ങുന്ന സദസ്സ് ചാക്യാരെ വിലക്കിയതായും കേട്ടിട്ടില്ല.

നമ്പ്യാരുടെ തുള്ളല്‍ കൃതികളില്‍ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ജനവിഭാഗങ്ങളെ മാത്രമല്ല, പുരാണ കഥാപാത്രങ്ങളെപ്പോലും കണക്കിനു പരിഹസിച്ചിട്ടുണ്ട്.

'ഉണ്ണികളൊന്നു ധരിച്ചീടേണം
കണ്ണനനേകം വിദ്യകളുണ്ട്
എന്നതുകൊണ്ടവനന്തിക സീമനി
നിന്നു കളിക്കരുതെന്നറിയേണം
കാലേലുള്ള ചിലമ്പും മണിയും
ചാലേ വന്നു പിടിച്ചു പറിക്കും'

എന്നു സ്യമന്തകത്തിലും,

' പാഞ്ചാലിയെന്നൊരു പെണ്ണിനെക്കണ്ടിട്ടു
പഞ്ചബാണാര്‍ത്തി പിടിപെട്ടഹോ നിങ്ങ 
ളഞ്ചു പേരും ചേര്‍ന്നു കൈക്കുപിടിച്ചു കൊ
ണ്ടഞ്ചാതെ വേളി കഴിച്ചെന്നു കേട്ടു ഞാന്‍
അഞ്ചെങ്കിലഞ്ചും കണക്കെന്നവള്‍ക്കൊരു
ചാഞ്ചല്യവുമില്ല തെല്ലു പോലും നിങ്ങ 
ളഞ്ചു ജനത്തെയും കണ്‍മുനത്തല്ലിനാല്‍
വഞ്ചിപ്പതിന്നവള്‍ പോരും വൃകോദരാ
നാലഞ്ചു ഭര്‍ത്താവൊരുത്തിക്കു താനതു
നാലു ജാതിക്കും വിധിച്ചതല്ലോര്‍ക്കണം.'

എന്ന് കല്യാണസൗഗന്ധികത്തിലുമുള്ള വരികള്‍ ഉദാഹരണം.വിവിധ ജാതികളെ കളിയാക്കുന്ന വരികള്‍ക്ക് കണക്കില്ല. ഈ കാവ്യഭാഗങ്ങളെല്ലാം ആസ്വദിച്ചു രസിച്ച് നമ്പ്യാരെ ജനകീയ കവിയാക്കിയത് നിരീശ്വരവാദികളോ ബുദ്ധിജീവികളോ അല്ല,മത വിശ്വാസവും ഭക്തിയും പുലര്‍ത്തിയിരുന്ന സാധാരണ മനുഷ്യരാണ്.

ഇരുപതാം നൂറ്റാണ്ടിലും ഈ പാരമ്പര്യം മുറുക്കെ പിടിച്ചെഴുതിയ എഴുത്തുകാരെ സമൂഹം ആദരിച്ചു പോന്നു. എഴുത്തും വായനയും സാര്‍വത്രികമായതോടെ സ്വന്തം സമുദായത്തിലേയും മതത്തിലേയും അനാചാരങ്ങളെ വിമര്‍ശിച്ചു കൊണ്ട് എത്രയോ എഴുത്തുകാര്‍ രംഗത്തുവന്നു. പൊന്‍കുന്നം വര്‍ക്കി, എം.പി.പോള്‍, സി.ജെ.തോമസ്, വൈക്കം മുഹമ്മദ് ബഷീര്‍, കെ.ടി.മുഹമ്മദ്, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങി എത്രയോ പേര്‍.ആ മഹത്തായ പാരമ്പര്യത്തിന് മുറിവേറ്റിരിക്കുന്നു എന്നതാണ് മീശക്കെതിരായ അസഹിഷ്ണുത നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണത്തില്‍ കടന്നു വരുന്ന അഭിപ്രായങ്ങള്‍ ഒരിക്കലും എഴുത്തുകാരന്റേതല്ല. എഴുത്തുകാരന്റെ സ്വന്തം നിലപാടുകളുടെ പ്രഖ്യാപനമാണ് സാഹിത്യ കൃതികള്‍ എന്നതു തന്നെ കേരളത്തില്‍ സമീപകാലത്ത് വന്നു പെട്ടിട്ടുള്ള മൂഢ ധാരണയാണ്. ജീവിതത്തെ സമഗ്രമായി നോക്കിക്കാണുന്ന കലാകാരന്‍ സ്വതന്ത്രമായി ഒരു ലോകം സൃഷ്ടിക്കുകയാണ്. തന്റെ കഥാപാത്രങ്ങളെ സൃഷ്ടിച്ചും സംഹരിച്ചും തന്നിഷ്ടത്തോടെ പെരുമാറാന്‍ അവരെ അനുവദിച്ചും പോരുന്ന ലീലാലോലുപനായ സൃഷ്ടികര്‍ത്താവാണയാള്‍. അത്രമേല്‍ ആത്മനിഷ്ഠമായ ഒരു കവിതയിലെ പോലും ആഖ്യാതാവ്,അതെഴുതിയ കവിയുടെ കേവല വ്യക്തി സത്തയല്ല.' മീശ 'യുടെ രണ്ടാം അധ്യായത്തിലെ ആഖ്യാതാവായ ഞാന്‍ എസ്.ഹരീഷല്ല. ബുദ്ധിജീവി നാട്യമുള്ള, സ്വതന്ത്ര ചിന്തകനെന്ന മട്ടില്‍ മുന്‍പിന്‍ നോക്കാതെ അഭിപ്രായങ്ങള്‍ തട്ടിവിടുന്ന, മദ്യപനായ ഒരാളാണ് ഇതിലെ ആഖ്യാതാവ്. അത്തരമൊരു കഥാപാത്രത്തിന്റെ വാക്കുകളിലൂടെ തെളിഞ്ഞു വരുന്ന ഒരു സംഭാഷണ ശകലത്തെ മുന്‍നിര്‍ത്തി, നോവല്‍ പിന്‍വലിക്കണമെന്നു ശഠിക്കുന്നതും എഴുത്തുകാരനെ വ്യക്തിപരമായി ഉപദ്രവിക്കുന്നതും കാണുമ്പോള്‍ ഇന്നത്തെ കേരളീയ സമൂഹം ചെന്നുവീണിരിക്കുന്ന ഇരുള്‍ക്കുണ്ടിന്റെ ആഴം നമ്മെ ഞെട്ടിക്കുന്നു.

വര്‍ഗ്ഗീയതയുടേയും വിഭാഗീയതയുടേയും ഇരയായി എഴുത്തുകാരന്‍ മാറുകയാണ്. അവര്‍, ഇവര്‍ എന്ന വിഭാഗീയതയിലേക്ക് എഴുത്തുകാരനേയും വലിച്ചിഴക്കുന്നു. അവരെ വിമര്‍ശിച്ചാല്‍ അവര്‍ ശരിപ്പെടുത്തും, അപ്പോള്‍ ഞങ്ങളെ വിമര്‍ശിച്ചാല്‍ ഞങ്ങളും ശരിപ്പെടുത്തും എന്ന വാദം ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നു.

നോവലിസ്റ്റ് നോവല്‍ പിന്‍വലിച്ച വാര്‍ത്ത ഇന്നു പുറത്തു വന്നിരിക്കുന്നു. അത് സ്വമേധയാ പിന്‍വലിക്കലല്ല, ഭീഷണിപ്പെടുത്തിയുള്ള നിരോധനം തന്നെയാണ്. നിരോധിച്ചത് ഭരണകൂടമല്ല,വര്‍ഗ്ഗീയ വിഷം തീണ്ടിയ, കലയുടെ പാരമ്പര്യമെന്തെന്നറിയാത്ത, അക്രമാസക്തമായ ആള്‍ക്കൂട്ടമാണ്.പൊതു സമൂഹം തന്നെ ഇങ്ങനെയൊരു ആള്‍ക്കൂട്ടമായിത്തീരാന്‍ അധികം താമസമില്ല.സാഹിത്യവും കലകളുമെല്ലാം അപ്രത്യക്ഷമാവുന്ന പ്രാകൃത കാലം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും ജനാധിപത്യ രാഷ്ട്രീയ കക്ഷികളും നോവല്‍ തിരോധാനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് വ്യക്തമാക്കേണ്ട അടിയന്തര സാഹചര്യമാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

SCROLL FOR NEXT