Kerala

ശബരിമല ഒറ്റപ്പെട്ടു; ഉരുള്‍പൊട്ടല്‍ ഭീഷണി; യാത്ര ഒഴിവാക്കണമെന്ന് ഭക്തര്‍ക്ക് കര്‍ശന നിര്‍ദ്ദേശം; 

ശബരിമല ഒറ്റപ്പെട്ടു - ഉരുള്‍പൊട്ടല്‍ ഭീഷണി - യാത്ര ഒഴിവാക്കണമെന്ന് ഭക്തര്‍ക്ക് കര്‍ശന നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശം.  ശബരിമലയും പമ്പയും പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുള്‍പ്പൊട്ടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പമ്പയിലും ശബരിമലയിലും ജോലിക്കെത്തിയിരിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരും തൊഴിലാളികളും സുരക്ഷിതരാണ്.ഇവരുടെ ബന്ധുക്കള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ വെള്ളത്തിനടിയിലാണ്.പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാര്‍ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. കാനനപാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പമ്പയിലേക്കുള്ള ബസ്സ് സര്‍വ്വീസ് കെ.എസ് ആര്‍ ടി സി നിര്‍ത്തിവച്ചു.പമ്പ മുതല്‍ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപന്തലും വിശ്രമകേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും  ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. 

കൊമ്പു പമ്പാ ഡാമിന്റെ ഷട്ടറുകള്‍ കൂടുതലായി തുറന്നിട്ടുണ്ട്. പമ്പയില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വെള്ളത്തിനടിയിലായിരിക്കുകയാണ്. വൈദ്യുതി ബന്ധവും ഫോണ്‍ ബന്ധവും തകരാറിലായിട്ടുണ്ട്.   പൊലീസ് പമ്പയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പാതകള്‍ അടച്ചിട്ടു.എല്ലായിടത്തും മുന്നറിയിപ്പ് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് പോലീസിനോടും ജില്ലാഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പഭക്തരുടെ ജീവനുംസുരക്ഷയും കണക്കിലെടുത്തുള്ള നിര്‍ദ്ദേശവും മുന്നറിയിപ്പും എല്ലാ അയ്യപ്പഭക്തരും പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.പമ്പയിലേക്ക് വരുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞ് തിരിച്ചയക്കാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരും പമ്പയിലെ അപകടകരമായ സാഹചര്യം മാറിയ ശേഷം അയ്യപ്പ ദര്‍ശനത്തിനെത്തുന്നതാകും ഉചിതമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു.  

ശബരിമലയില്‍ മേല്‍ശാന്തിയും സഹായികളും ദേവസ്വം ജീവനക്കാരും മാളികപ്പുറം മേല്‍ശാന്തിയും നിലവില്‍ താമസിക്കുന്നുണ്ട്.മൊബൈല്‍ ടവറുകളില്‍ സിഗ്‌നലുകള്‍ ലഭ്യമല്ലാത്തതിനാല്‍ പമ്പയിലും ശബരിമലയിലും വാര്‍ത്താ വിനിമയത്തിന് തടസ്സം നേരിടുന്നുണ്ട്.ശക്തമായ മഴയും ജലത്തിന്റെ കുത്തൊഴുക്കും കാരണം ക്ഷേത്ര തന്ത്രിക്ക് ശബരിമലയില്‍ എത്താനായിട്ടില്ല. തന്ത്രിയും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും അടങ്ങുന്ന സംഘം കഴിഞ്ഞദിവസം വണ്ടിപ്പെരിയാര്‍ പുല്‍മേട് വഴി സന്നിധാനത്തെത്താന്‍ ശ്രമം നടത്തിയിരുന്നു.എന്നാല്‍ പ്രതികൂല കാലാവസ്ഥ യാത്രയ്ക്ക് ഉപ്പുതറയില്‍ തടസ്സം സൃഷ്ടിച്ചു.  വൈകുന്നേരത്തോടെ  ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ  ശബരിമലയിലേക്ക് പ്രവേശിക്കാനാണ് ഇവരുടെ ശ്രമം. 

ക്ഷേത്ര മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ നിറപ്പുത്തരി പൂജ ശബരിമലയില്‍ നടന്നു.പതിവ് പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്രനട  രാത്രി 10 ന് ഹരിവരാസനം പാടി അടയ്ക്കും. ചിങ്ങമാസപൂജയ്ക്കായി വ്യാഴാഴ്ച്ച വൈകിട്ട് ക്ഷേത്ര നട വീണ്ടും തുറക്കും. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17 മുതല്‍ 21 വരെ ക്ഷേത്രനട തുറന്നിരിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT