തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിപിഎം. പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ ഇനിയും അനിവാര്യമാണ്. എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി പ്രക്ഷോഭത്തിന് തയ്യാറാകണം. ഡിസംബര്‍ 16 ന് നടന്ന സമരത്തിന്റെ തുടര്‍ച്ചയാണ് ജനുവരി 26ന് നടക്കുന്ന മനുഷ്യ ചങ്ങല. എല്‍ഡിഎഫ് മുന്‍കൈയെടുത്തിട്ടുണ്ടെങ്കിലും ഈ പ്രശ്‌നത്തില്‍ യോജിക്കാവുന്ന എല്ലാവര്‍ക്കും ചങ്ങലയില്‍ പങ്കെടുക്കണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സംയുക്ത പ്രക്ഷോഭത്തെ എതിര്‍ത്ത കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് സങ്കുചിതമെന്നും സിപിഎം ആരോപിച്ചു.
ഇത്രയും ഗൗരവമായ സാഹചര്യത്തിലും സങ്കുചിതമായ സിപിഎം വിരുദ്ധ നിലപാട് മാത്രം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള്‍ കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത് ഖേദകരമാണ്. ശബരിമല പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധിയ്‌ക്കെതിരെ ആര്‍എസ്എസ്സുമായി യോജിച്ച് കര്‍മ്മസമിതിയില്‍ പ്രവര്‍ത്തിക്കാന്‍ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ത്യയെ നിലനിര്‍ത്താനുള്ള വിശാല പോരാട്ടത്തിന് സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് എത്രമാത്രം സങ്കുചിതമാണ്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി യോജിച്ച പ്രക്ഷോഭങ്ങളില്‍ എല്ലാവരും ഇനിയും ഒരുമിച്ച് നില്‍ക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. അതാണ് ഈ നാട് ആഗ്രഹിക്കുന്നത്.
ഈ കാഴ്ച്ചപ്പാടോടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റ് നേതാക്കളും പങ്കെടുത്ത് ഡിസംബര്‍ 16 ന് മഹാസത്യാഗ്രഹം സംഘടിപ്പിച്ചത്. കേരളീയ സമൂഹത്തിന് മാത്രമല്ല ഇന്ത്യന്‍ ജനതയ്ക്കും ഇത് വലിയ പ്രതീക്ഷയാണ് നല്‍കിയത്. ഇതിന് സഹായകരമായ പ്രതിപക്ഷ നേതാവിന്റെ സമീപനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മുസ്ലീംലീഗ് നേതൃത്വത്തിന്റേയും നിലപാടും ശ്രദ്ധേയവും ഇന്നത്തെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതുമാണ്. മറ്റ് പല കാര്യങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനായുള്ള അടിയന്തിര ചുമതല നിര്‍വ്വഹിക്കുന്നതില്‍ എല്ലാവരും കൈകോര്‍ക്കുകയാണ് വേണ്ടത്. മാറിയ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണ്.
മതപരമായ സംഘാടനത്തിലൂടെയും, മതചിഹ്നങ്ങള്‍ ഉപയോഗിച്ചും പ്രതിഷേധം സംഘടിപ്പിക്കുന്നത് ഐക്യത്തെ തകര്‍ക്കുമെന്നും സംഘപരിവാരത്തിന്റെ ഉദ്ദേശം നടപ്പിലാക്കാനും മാത്രമേ ഉതകൂവെന്നും പ്രസ്താവനയില്‍ പറയുന്നു. ഡിസംബര്‍ 16 ന്റെ തുടര്‍ച്ചയായാണ് ജനുവരി 26 ന്റെ മനുഷ്യചങ്ങലയെ കാണുന്നത്. ഇന്ത്യയെ രക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുള്ളതാണ് പൗരത്വഭേദഗതി നിയമത്തിനെതിരായ മനുഷ്യമഹാശൃംഖല. ഇത് വിജയിപ്പിക്കുന്നതിനായി പ്രചരണ, സംഘാടന പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി എല്ലാ ഘടകങ്ങളോടും അഭ്യര്‍ത്ഥിച്ചു.
ആധാര്‍ നടപ്പിലാക്കിയതോടെ ഇരട്ടിപ്പാണെന്ന് പറഞ്ഞ് ഒഴിവാക്കിയ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയായ ദിശയിലുള്ളതാണ്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ തയ്യാറെടുപ്പായാണ് ഇപ്പോള്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നത്. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച എല്ലാ നടപടികളും നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനും സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates