കൊച്ചി : കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. പൊലീസ് അന്വേഷണം ഫലപ്രദമാണെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. കേസിന്റെ ഫയല്‍ അടക്കമുള്ള എല്ലാ രേഖകളും തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. സിബിഐക്ക് വേണമെങ്കില്‍ ഫ്രഷ് കേസായി പരിഗണിച്ച് അന്വേഷണം നടത്താമെന്നും കോടതി ഉത്തരവിട്ടു.
ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കേന്ദ്രഏജന്‍സിയുടെ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ആവശ്യം കോടതി അംഗീകരിച്ചു. ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചാണ് സര്‍ക്കാര്‍ വാദം തള്ളി കേസ് സിബിഐക്ക് വിട്ടത്.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി വിലയിരുത്തി. ആദ്യഘട്ടത്തില്‍ ഏതാനും പ്രതികളെ പിടികൂടിയെങ്കിലും ആയുധങ്ങളും വാഹനങ്ങളും അടക്കം കണ്ടെടുത്തിരുന്നില്ല. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ശേഷമാണ് ആയുധങ്ങള്‍ പൊലീസ് കണ്ടെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് ഒന്നിന് ബൈജു എന്ന പ്രതി അറസ്റ്റിലായി. ഷുഹൈബ് വധം രാഷ്ട്രീയ കൊലപാതകമല്ല, ബൈജുവുമായി ഷുഹൈബിനുള്ള വ്യക്തി വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
ഷുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ തയ്യാറെന്ന് വാദത്തിനിടെ സിബിഐ കോടതിയെ അറിയിച്ചിരുന്നു. കോടതി പറഞ്ഞാല്‍ കേസ് ഏറ്റെടുക്കാം. കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ല. എന്നാല്‍ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കോടതി തീരുമാനിച്ചാല്‍, കേസ് ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്നാണ് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
കേസില്‍ വാദം കേള്‍ക്കവെ സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കണ്ണൂരിലെ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്തുവരാറില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ കയ്യിലുണ്ടായിട്ടും പൊലീസ് ഒന്നും ചേദിച്ചറിഞ്ഞില്ല. അന്വേഷണം ഫലപ്രദമാണോയെന്ന് സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates