കോഴിക്കോട്: സഹ മെമ്പർ ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കൂടരഞ്ഞി പഞ്ചായത്തിലെ സിപിഎം അംഗം കെ എസ് അരുൺകുമാർ രാജിവെച്ചു.വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കും പാർട്ടിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാഞ്ഞതിൽ മനംനൊന്താണ് രാജിയെന്ന് അരുൺകുമാർ ചൂണ്ടിക്കാട്ടി. തന്റെ പ്രവൃത്തിയിൽ വോട്ടർമാർ ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ച് അരുൺകുമാർ ഫെയ്സ്ബുക്കിൽ കുറിപ്പും പങ്കുവെച്ചു.
കഴിഞ്ഞമാസം 27ന് നടന്ന ഭരണസമിതി യോഗത്തിൽ ഒരംഗം തന്നെ ജാതിപരമായി അധിക്ഷേപിച്ചെന്നാണ് അരുൺകുമാറിന്റെ പരാതി. പാർട്ടിക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വായ്മൂടി കെട്ടി ബാനറും പിടിച്ചാണ് അരുൺകുമാർ ഭരണസമിതി യോഗത്തിനെത്തിയത്. തുടർന്ന് രാജി സമർപ്പിക്കുകയായിരുന്നു.
'വോട്ടര്‍മാര്‍ ക്ഷമിക്കണം ,മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണ്... സഹ മെമ്പര്‍ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്‍വിഷയത്തില്‍ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാന്‍ മെമ്പര്‍ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി...ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു'- എന്നിങ്ങനെയാണ് രാജിവെച്ച ശേഷം അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
വിഷയത്തിൽ പാർട്ടി നേതൃത്വത്തെ തള്ളിപ്പറയാൻ താൻ തയാറല്ലെന്ന് അരുൺകുമാർ പിന്നീട് പ്രതികരിച്ചു.പരാതി പരിഹരിക്കാൻ പാർട്ടി നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ, എന്നെ ജാതിപരമായി അധിക്ഷേപിച്ചതിന് ദൃക്സാക്ഷിയായ പാർട്ടി അംഗം പിന്നീട് തള്ളിപ്പറഞ്ഞു. ഇതിന്റെ മാനസിക പ്രയാസം അലട്ടുന്നുണ്ട്. കള്ളം പറയുന്ന സഹപ്രവർത്തകരുമായി സഹകരിച്ച് മുന്നോട്ടുപോകാൻ പ്രയാസമുള്ളതിനാലാണ് രാജി വെക്കുന്നത്’ -അരുൺകുമാർ പറഞ്ഞു. 
രണ്ടുകൂട്ടരെയും വിളിച്ച് പ്രശ്നം പരിഹരിച്ചതാണെന്നും ഇപ്പോൾ അരുണിന്റെ രാജിയിലേക്ക് നയിച്ച സാഹചര്യങ്ങൾ അറിയില്ലെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. ഒരുമാസം മുമ്പാണ് കൂടരഞ്ഞി പഞ്ചായത്തിെൻറ ഭരണം സിപിഎമ്മിന് ലഭിക്കുന്നത്. എൽഡിഎഫ്-7, യുഡിഎഫ്-6 എന്നതാണ് കക്ഷിനില. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates