തിരുവനന്തപുരം : യുപിഎസ്‌സിയുടെ സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷ ഞായറാഴ്ച ( ഒക്ടോബർ നാല് ) നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. കേരളത്തിൽ നിന്നു മുപ്പതിനായിരത്തോളം അപേക്ഷകരാണുളളത്. കോവിഡ് പശ്ചാത്തലത്തിൽ വിശദ മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്കും പരീക്ഷാ നടത്തിപ്പിനുളള ജീവനക്കാർക്കും അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷാ കേന്ദ്രത്തിലെത്താം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുളളവർക്കും യാത്ര ചെയ്യാം. കെഎസ്ആർടിസി, കൊച്ചി മെട്രോ അടക്കമുളളവ സർവീസ് നടത്തും.
പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, ഡിജിറ്റൽ/ സ്മാർട് വാച്ചുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ തുടങ്ങിയവ അനുവദിക്കില്ല. ഇതുറപ്പാക്കാൻ എല്ലാ കേന്ദ്രങ്ങളിലും പൊലീസിനെ നിയോഗിക്കും. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപു ഹാളിലേക്ക് പ്രവേശനം നൽകും. കൃത്യമായ സാമൂഹിക അകലം പാലിച്ചേ പരീക്ഷാ ഹാളിലേക്കും പുറത്തേക്കുമുളള യാത്ര അനുവദിക്കൂ.
ആർക്കെങ്കിലും പനിയോ, ചുമയോ, തുമ്മലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ഇൻവിജിലേറ്ററെ അറിയിക്കണം. ഇവർക്കു പരീക്ഷ എഴുതാൻ പ്രത്യേക മുറി അനുവദിക്കും. പരീക്ഷ നടക്കുന്നതിനു 10 മിനിറ്റ് മുൻപ് മുഖ്യ പ്രവേശന കവാടം അടയ്ക്കും. അതിനു ശേഷം പ്രവേശനം അനുവദിക്കില്ല. എല്ലാവരും മുഖാവരണം ധരിക്കണം. തിരിച്ചറിയലിനായി ഇൻവിജിലേറ്റർ ആവശ്യപ്പെടുമ്പോൾ മാത്രമേ മുഖാവരണം മാറ്റേണ്ടതുളളൂ. സാനിറ്റൈസർ കയ്യിൽ കരുതാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates