Kerala

സൂര്യഗ്രഹണം : ശബരിമലയിൽ നിയന്ത്രണം; നട നാലു മണിക്കൂര്‍ അടച്ചിടും ; തീര്‍ത്ഥാടകരെ തടയും

മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍11.30 വരെ നട അടച്ചിടും

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമല:  സൂര്യഗ്രഹണം പ്രമാണിച്ച് ശബരിമലയിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തി. സൂര്യഗ്രഹണ ദിനമായ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറക്കും. 3.15 മുതല്‍  6.45 വരെ നെയ്യഭിഷേകം. ഉഷപൂജ കഴിച്ച് 7.30ന് നട അടയ്ക്കും. രാവിലെ 8.06 മുതല്‍ 11.13 വരെയാണ് സൂര്യഗ്രഹണം. ഗ്രഹണം കഴിഞ്ഞ് 11.30 ന് മാത്രമേ നട തുറക്കുകയുള്ളൂ. നട തുറന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. തുടര്‍ന്ന് ഒരു മണിക്കൂര്‍ സമയം അയ്യപ്പനെയ്യഭിഷേകം. കളഭാഭിഷേകം അതിന് ശേഷം ഉച്ചപൂജ.അത് കഴിഞ്ഞ് നട അടയ്ക്കും.

മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍11.30 വരെ നട അടച്ചിടും. അന്നുവൈകീട്ട് ശ്രീകോവില്‍ അഞ്ച് മണിക്കാവും തുറക്കുക. തങ്ക അങ്കി സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ അഞ്ചരയോടെ നടയില്‍ എത്തി ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിക്കും. 6 മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ സ്വീകരണം നല്‍കി ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25ന് തങ്ക അങ്കപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്ര തന്ത്രിയും  മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും.  തുടര്‍ന്ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും.

സൂര്യഗ്രഹണ ദിവസമായ 26ന് ശബരിമല തീര്‍ത്ഥാടകരെ പൊലീസ് വഴിയില്‍ നിയന്ത്രിക്കും. സന്നിധാനം അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരക്ക് നിയന്ത്രിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ വാഹനങ്ങളും തീര്‍ഥാടകരും നിറഞ്ഞു കഴിയുമ്പോഴാകും ശബരിമലയിലേക്ക് വരുന്ന തീര്‍ഥാടകരെ വഴിയില്‍ നിയന്ത്രിക്കുന്നത്.

സന്നിധാനത്തും നിലയ്ക്കലിലും തിരക്ക് കുറയുന്നത് അനുസരിച്ചു തീര്‍ഥാടകരെ ഘട്ടം ഘട്ടമായി കടത്തി വിടും. ക്രിസ്മസ്, തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന, മണ്ഡലപൂജ എന്നിവ അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതു കൊണ്ടാണു തീര്‍ഥാടകരെ നിയന്ത്രിക്കേണ്ടി വരുന്നതെന്ന് എസ്പി പറഞ്ഞു.

26ന് തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടക്കുന്ന ദിവസമാണ്. അന്നു തന്നെയാണ് സൂര്യഗ്രഹണവും. ഗ്രഹണത്തിനു ശേഷം ശുദ്ധിക്രിയ നടത്തി വീണ്ടും നട തുറക്കുന്നതിനിടെ നഷ്ടമാവുക അഞ്ചു മണിക്കൂര്‍ ദര്‍ശന സമയമാണ്. ഈ സമയത്ത് തീര്‍ഥാടകര്‍ സന്നിധാനത്ത് തടിച്ചു കൂടുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പമ്പയിലും കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതു കൊണ്ടാണു നിലയ്ക്കലില്‍ തീര്‍ഥാടകരെ തടയുന്നത്. 25ന് രാത്രിയില്‍ സന്നിധാനത്ത് തങ്ങുന്നവരുടെ എണ്ണം കണക്കാക്കി, 26ന് പുലര്‍ച്ചെ നാലു മുതല്‍ വഴിയില്‍ തീര്‍ഥാടകരെ തടയാനാണ് പൊലീസ് ആലോചിക്കുന്നത്. തിരക്കിന് അനുസരിച്ചായിരിക്കും തീര്‍ത്ഥാടകരെ മലചവിട്ടാന്‍ അനുവദിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT