Kerala

സൂര്യനെല്ലി: സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍ പിജെ കുര്യനെ രക്ഷിക്കാന്‍, ഇരയെ അപമാനിച്ചതിന് കേസെടുക്കണമെന്ന് സുജ സൂസന്‍ ജോര്‍ജ്   

അടുത്തൂണാകുമ്പോള്‍ ഉദ്യോഗത്തിലിരുന്നപ്പോഴുള്ള വീരകഥകള്‍ പറഞ്ഞ് ഞെളിയുക പലരുടെയും ഒരു വിനോദമാണ്. ഞാനൊരു വെടിയാലൊരു നരിയെ എന്ന മട്ടിലായിരിക്കും ഈ വീരസ്യങ്ങളൊക്കെ.

സമകാലിക മലയാളം ഡെസ്ക്

സൂര്യനെല്ലി കേസില്‍ സിബി മാത്യൂസിന്റെ വെളിപ്പെടുത്തലുകള്‍ പിജെ കുര്യനെ രക്ഷിക്കാനും സ്വയം പുകഴ്ത്തലിനും വേണ്ടിയാണെന്ന് സുജ സൂസന്‍ ജോര്‍ജ്. കേരളചരിത്രത്തിലെ ഏറ്റവും നീചമായ പെണ്‍വേട്ടയിലെ ഇരയെക്കുറിച്ച് സിബി മാത്യൂസ് നടത്തുന്ന പരാമര്‍ശങ്ങള്‍ ആ പാവത്തിനെ ഒരിക്കല്‍ കൂടെ ബലാത്സംഗം ചെയ്യുന്നതാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ മലയാളം മിഷന്‍ ഡയറക്ടര്‍ കൂടിയായ സുജ സൂസന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. ലൈംഗിക പീഡന കേസിലെ ഇരയെ അപമാനിക്കരുതെന്ന കീഴ് വഴക്കവും നിയമവും ലംഘിച്ച സിബി മാത്യൂസിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 

സുജ സൂസന്‍ ജോര്‍ജിന്റെ ഫെയസ് ബുക്ക് കുറിപ്പ്: 

അടുത്തൂണാകുമ്പോള്‍ ഉദ്യോഗത്തിലിരുന്നപ്പോഴുള്ള വീരകഥകള്‍ പറഞ്ഞ് ഞെളിയുക പലരുടെയും ഒരു വിനോദമാണ്. ഞാനൊരു വെടിയാലൊരു നരിയെ എന്ന മട്ടിലായിരിക്കും ഈ വീരസ്യങ്ങളൊക്കെ. അല്പം വിവാദം കൂടെ സംഘടിപ്പിക്കാനായാല്‍ പത്തു പുസ്തകം കൂടുതല്‍ വില്ക്കാം. കൂടെയുണ്ടായിരുന്നവരെ കുറ്റം പറയാനാണ് പരദൂഷണ സ്വാഭാവമുള്ള ഇത്തരം ആത്മപ്രശംസകള്‍ കൂടുതലും ശ്രമിക്കുന്നത്.
പക്ഷേ, പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തെ ഈ അടുത്തൂണ്‍ വിനോദം ബാധിക്കുമ്പോള്‍ അതൊരു ഗൌരവമുള്ള പ്രശ്‌നമാണ്.
അടുത്തൂണായ പൊലീസ് ഓഫീസര്‍ സിബി മാത്യൂസും നിര്‍ഭയം എന്നു പേരിട്ട പുസ്തകത്തില്‍ ഇതു തന്നെയാണ് ചെയ്യുന്നത്. സൂര്യനെല്ലി പെണ്‍കുട്ടി എന്നു വിളിക്കപ്പെടുന്ന സ്ത്രീയെക്കുറിച്ച്, കേരളചരിത്രത്തിലെ ഏറ്റവും നീചമായ ഒരു പെണ്‍വേട്ടയിലെ ഇരയെക്കുറിച്ച് ഇദ്ദേഹം നടത്തുന്ന ഉദീരണങ്ങള്‍ ആ പാവത്തിനെ ഒരിക്കല്‍ കൂടെ ബലാത്സംഗം ചെയ്യുന്നതായി.
അപമാനിതരായി, ഒറ്റപ്പെട്ട്, കള്ളക്കേസില്‍ കുടുക്കപ്പെട്ട് ഈ കുടുംബം കഴിഞ്ഞ പത്തൊമ്പത് വര്‍ഷം എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് ഇന്ന് കേരളത്തിനറിയാം. പതിനെട്ടു വര്‍ഷത്തിനു ശേഷം കുറേ പ്രതികളെങ്കിലും ശിക്ഷിക്കപ്പെട്ടപ്പോഴാണ് ഈ കുടുംബത്തിന് അല്പമെങ്കിലും നീതി കിട്ടിയത്. കേരളസമൂഹവും ഈ കുട്ടിയോടും കുടുംബത്തോടും കനിവ് കാട്ടിത്തുടങ്ങി.

സിബി മാത്യൂസിന്റെ പൊങ്ങച്ച പ്രഘോഷണങ്ങള്‍ അതെല്ലാം തകര്‍ത്തിരിക്കുന്നു. നിറം പിടിപ്പിച്ചതും ഊഹാപോഹങ്ങള്‍ നിറഞ്ഞതുമായ ആക്ഷേപിക്കല്‍ ഈ കുടുംബത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ജോലി സ്ഥലത്തും പൊതു സ്ഥലത്തും അവള്‍ വീണ്ടും അപഹസിക്കപ്പെടുന്നു.
ഈ കേസ് ഇനിയും തീര്‍ന്നിട്ടില്ലെന്ന് നിങ്ങളോര്‍ക്കണം. പക്ഷേ, സ്വയം പുകഴ്ത്തലിനും പി ജെ കുര്യനെ രക്ഷിച്ചെടുക്കാനും വേണ്ടി വലിയമനുഷ്യാവകാശ ലംഘനമാണ് ഈ മുന്‍ പൊലീസുകാരന്‍ ചെയ്തിരിക്കുന്നത്. ഒരു ലൈംഗിക പീഡന കേസിലെ ഇരയെ ഇങ്ങനെ വീണ്ടും അപമാനിക്കരുത് എന്ന് ഇന്ത്യയിലും ലോകമാകെയും നിലനില്ക്കുന്ന കീഴ്വഴക്കവും നിയമവുമാണ് സിബി മാത്യൂസ് ലംഘിച്ചിരിക്കുന്നത്.
സിബി മാത്യൂസിനെതിരെ ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്.

ഈ പെണ്‍കുട്ടിയെ ചുറ്റും കൂടി വീണ്ടും പരിഹസിക്കുന്ന സഹപ്രവര്‍ത്തകര്‍കരോടും ചുറ്റുപാടുമുള്ളവരോടും കൂടെ ഒരു വാക്ക്. നിങ്ങള്‍ ചെയ്യുന്നത് അക്രമവും ജോലിസ്ഥലത്തെ ലൈംഗിക പീഡനവുമാണ്. ഇത് നിറുത്തിയില്ലെങ്കില്‍ നിങ്ങള്‍ക്കെതിരെയും നടപടി എടുക്കേണ്ടി വരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT