കൊച്ചി : സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ നടത്തിയ പ്രതികൂല പരാമര്‍ശങ്ങളും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു ജഡ്ജി ഷാജി പി ചാല മാറിയതിനാല്‍, ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രനും കക്ഷിചേരും. ഇതിനായി സുരേന്ദ്രന്‍ ഇന്ന് ഹര്‍ജി ഫയല്‍ ചെയ്യും.
സര്‍ക്കാര്‍ ഏല്‍പിച്ച പരിഗണനാവിഷയങ്ങള്‍ മറികടന്നാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ആക്ഷേപം. പരിഗണനാവിഷയങ്ങള്‍ വിപുലപ്പെടുത്തിയ കമ്മിഷന്‍ നടപടി നിയമപരമല്ല. കത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ സ്വേച്ഛാപരവും മൗലികാവകാശ ലംഘനവുമാണ്. തന്റെ പൊതുജീവിതത്തിനു കളങ്കമുണ്ടാക്കുന്ന പരാമര്‍ശമുള്‍പ്പെട്ട കത്തും റിപ്പോര്‍ട്ടും സഭയില്‍ വച്ചതോടെ പൊതുരേഖയുടെ ഭാഗമായി. തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ കമ്മിഷന്‍ മുന്‍പാകെ സരിത നിഷേധിച്ചിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിക്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തതായി സരിത അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലായിരിക്കെ സരിത എഴുതിയതെന്നു പറയപ്പെടുന്ന കത്ത് മാധ്യമപ്രവര്‍ത്തകന്‍ മുഖേനയാണു കമ്മിഷന്‍ മുന്‍പാകെയെത്തിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍, സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനു മുന്‍പേ സര്‍ക്കാര്‍ തിടുക്കപ്പെട്ടു നടപടി തീരുമാനിച്ചു വാര്‍ത്താക്കുറിപ്പ് ഇറക്കി. വിമര്‍ശനം ഉയര്‍ന്നപ്പോഴാണ്, നടപടി ഉത്തരവു സഹിതം റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവച്ചത്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാക്കാര്യങ്ങളും പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. വ്യാജക്കത്ത് അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് സ്വേച്ഛാപരമാണ്. കത്തിലെ ആരോപണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും നീക്കണം. കത്തിന്റെ ഉള്ളടക്കം രാഷ്ട്രീയ, മാധ്യമ ചര്‍ച്ചയ്ക്കും പ്രസിദ്ധീകരണത്തിനും വിഷയമാക്കുന്നതു വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി സുപ്രീംകോടതി അഭിഭാഷകനും, കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് ഹാജരാകുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates