തിരുവനന്തപുരം: സ്വദേശാഭിമാനി-കേസരി പുരസ്‌കാരദാനം ഇന്ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കും. 2017ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം, 2017ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ, 2018ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരം എന്നിവയാണ് ഇന്ന് നൽകുന്നത്. വൈകിട്ട് അഞ്ചുമണിക്ക് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡ് ദാനം നിർവഹിക്കുന്നത്.
സ്വദേശാഭിമാനി-കേസരി പുരസ്‌കാര ജേതാവ് ടി ജെ എസ് ജോര്‍ജ്, ഫോട്ടോഗ്രഫി സമഗ്ര സംഭാവന പുരസ്‌കാരജേതാവ് പി ഡേവിഡ് എന്നിവര്‍ മറുപടി പ്രസംഗം നടത്തും. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ സ്മരണാര്‍ഥമാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരുലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
ജനറല്‍ റിപ്പോര്‍ട്ടിങ്, വികസനോന്‍മുഖ റിപ്പോര്‍ട്ടിങ്, കാര്‍ട്ടൂണ്‍, ന്യൂസ് ഫോട്ടോഗ്രഫി, ടി.വി റിപ്പോര്‍ട്ടിങ്, ടി.വി ന്യൂസ് എഡിറ്റിങ്, ടി.വി ന്യൂസ് ക്യാമറ, ടി.വി ന്യൂസ് റീഡര്‍, ടി.വി അഭിമുഖം എന്നീ വിഭാഗങ്ങളിലാണ് മാധ്യമ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 2018ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡ് ജേതാക്കളായ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതവും സര്‍ട്ടിഫിക്കറ്റും ഫലകവുമാണ് സമ്മാനം. പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്.
സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങിന് അധ്യക്ഷത വഹിക്കും. മേയര്‍ വി.കെ. പ്രശാന്ത്, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, വീണാ ജോര്‍ജ്, ഡോ. ശശി തരൂര്‍ എം.പി എന്നിവര്‍ സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് വൈകിട്ട് മൂന്ന് മണിമുതല്‍ അവാര്‍ഡ് ജേതാക്കളും മാധ്യമവിദ്യാര്‍ഥികളുമായുള്ള സംവാദവും, തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ഒത്തുചേരലും സംഘടിപ്പിച്ചിട്ടുണ്ട്.
ഡോ. സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷനും പാര്‍വതി ദേവി, എന്‍. പി. രാജേന്ദ്രന്‍ എന്നിവര്‍ അംഗങ്ങളും ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് ടി ജെ എസ് ജോര്‍ജിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും സമകാലിക മലയാളത്തിന്റെയും എഡിറ്റോറിയല്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹത്തെ 2011ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഫ്രീ പ്രസ് ജേര്‍ണലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം, ഇന്റര്‍നാഷ്ണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ടിന് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യവീക്കിന്റെ സ്ഥാപക പത്രാധിപരായിരുന്നു. ഘോഷയാത്ര, വികെ കൃഷ്ണമേനോന്റെ ജീവചരിത്രം, ദി ലൈഫ് ആന്റ് ടൈംസ് ഓഫ് നര്‍ഗീസ്, ലെസണ്‍സ് ഓഫ് ജേര്‍ണലിസം- ദി സ്റ്റോറി ഓഫ് പോത്തന്‍ ജോസഫ് തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates