Kerala

ഹിന്ദു മുസ്ലിം കലാപമുണ്ടാക്കി ഹിന്ദുക്കളെ ഏകീകരിക്കാന്‍ ശ്രമം

സാമൂഹിക സംഘര്‍ഷമെന്നാല്‍ ഹിന്ദു -മുസ്ലിം കലാപം തന്നെയാണ്. കലാപത്തിലൂടെ ഹിന്ദുക്കളെ ഏകീകരിക്കാനാണ് ശ്രമം

സമകാലിക മലയാളം ഡെസ്ക്

കൊച്ച ി: ഹിന്ദു മുസ്ലിം കലാപമുണ്ടാക്കി ഹിന്ദുക്കളെ ഏകീകരിക്കാനാണ് ഹൈന്ദവ തീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍. ഗോരക്ഷകര്‍ സാമൂഹിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നു പറഞ്ഞത് പ്രധാനമന്ത്രിയാണ്. സാമൂഹിക സംഘര്‍ഷമെന്നാല്‍ ഹിന്ദു -മുസ്ലിം കലാപം തന്നെയാണ്. കലാപത്തിലൂടെ ഹിന്ദുക്കളെ ഏകീകരിക്കാനാണ് ശ്രമം. കേരളത്തിലെ ഒരു പ്രമുഖന്‍ അര്‍ത്തുങ്കല്‍ പള്ളി പൊളിച്ച് അവിടെ ക്ഷേത്രം പണിയണമെന്നു പറയുന്നത് എന്തുകൊണ്ടാണ്? പള്ളികളുടെയൊക്കെ താഴെ അമ്പലങ്ങളായിരുന്നുവെന്നു പറയുന്നതിനു പിന്നില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷം ഉണ്ടാക്കുക തന്നെയാണ് ലക്ഷ്യമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് രാഹുലിന്റെ പരാമര്‍ശം.

വാവര് ശിവഭൂതഗണമെന്ന കള്ളം

അര്‍ത്തുങ്കല്‍ പള്ളിയോ വാവര് പള്ളിയോ അല്ല, ഹിന്ദു തീവ്ര മനോഭാവം ഉണ്ടാകുന്നതിന്റെ കാരണങ്ങളാണ് വിഷയം. വാവര് പള്ളിയിലെ വാവര് വാപുരന്‍ എന്ന ശിവഭൂതഗണമാണെന്ന് എത്രയോ നാളുകളായി ഇവര്‍ കള്ളം പറയുന്നു. ഈ 'ഇവര്‍' എന്നു പറയുന്നത് എനിക്കു പരിചയമുള്ളവര്‍ തന്നെയാണ്, അതുകൊണ്ടാണ് ഞാന്‍ പേരുകള്‍ പറയാത്തത്. അവര്‍ പറയുന്നതെന്താ? ഹിന്ദു ഐഡന്റിറ്റിയെ ഒന്നിച്ചു നിര്‍ത്താന്‍ നമുക്ക് മുസ്‌ലിം അപരത്വം വേണം, ന്യൂനപക്ഷ അപരത്വം വേണം എന്നാണ്. ആ അപരത്വത്തിന് വാവര് വിഘാതമാണ്. അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദം വിഘാതമാണ്. ഹിന്ദുക്കളെ ഏകീകരിക്കാനും ഈ ഐഡന്റിറ്റിയെ ഇന്‍വോക്ക് ചെയ്യാനും മുസ്‌ലിങ്ങള്‍ വില്ലന്മാരാണെന്നു ചിത്രീകരിക്കണം. ഈയിടെ ചിലര്‍ പറഞ്ഞു, 2021-ല്‍ മലപ്പുറം പ്രത്യേക രാഷ്ട്രമാകും എന്ന്. നിങ്ങള്‍ക്കു വട്ടാണെന്നു ഞാന്‍ പറഞ്ഞു. 1921-നെ ഓര്‍മ്മിപ്പിക്കാനാണ് നൂറു വര്‍ഷം തികയുന്ന 2021-നെക്കുറിച്ചു പറയുന്നത്. ഹിന്ദുക്കള്‍ക്ക് ഐക്യം വേണം, ഒരു സമുദായത്തിന് അതിന്റെ കെട്ടുറപ്പ് വേണം. അതിനു മുന്നോട്ടു വയ്‌ക്കേണ്ട അജന്‍ഡ ആത്മീയ സാമൂഹിക പഠനം എന്ന ദര്‍ശനമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുസ്‌ലിങ്ങള്‍ക്കും ഞായറാഴ്ച രാവിലെ ക്രിസ്ത്യാനികള്‍ക്കുമെന്ന പോലെ ശനിയാഴ്ച വൈകുന്നേരമാകാം ഇത്. എവിടെയും വയ്ക്കാവുന്ന പോസിറ്റീവ് അജന്‍ഡയാണിത്. 

പെറ്റ തള്ള സഹിക്കാത്ത തള്ളുകള്‍

തീവ്ര ഹിന്ദുത്വവാദികളുടെ പ്രശ്‌നം സ്വന്തം കണ്ണിലെ കോലെടുക്കാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാന്‍ പോകും എന്നതാണ്. ഇത്തരം പ്രതിവാര കൂടിച്ചേരലുകള്‍ നമുക്കിനി എന്നാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ഈയിടെ ഒരു സമ്മേളനത്തില്‍ ഞാന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ എണീറ്റുനിന്നു പറഞ്ഞു, നമ്മള്‍ ഹിന്ദുക്കള്‍ എല്ലാ നിമിഷവും ദൈവത്തിനുവേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ് എന്ന്. ഞാന്‍ പറഞ്ഞു, സര്‍, ഈ പെറ്റതള്ള സഹിക്കാത്ത തള്ളുകൊണ്ടാണ് നമ്മള്‍ ഈ അവസ്ഥയിലെത്തിയതെന്ന്. ചുമ്മാ തള്ളാണ്. ഇടയ്ക്കിടയ്ക്ക് അഹംബ്രഹ്മാസ്മിയെന്നും തത്വമസിയെന്നും ലോകാസമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞാലൊന്നും ഒരു സമൂഹമോ സമുദായമോ ശരിയാകണമെന്നില്ല. ഹൈന്ദവ സമൂഹത്തിന് ഇത്തരമൊരു ദിവസം വേണമെന്നാണ് ആര്‍എസ്എസ്സിന്റേയും പ്രധാനപ്പെട്ട ഹിന്ദു സംഘടനകളുടേയും അമൃതാനന്ദമയി ദേവിയും രവി ശങ്കര്‍ജിയും അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗങ്ങളിലും ഞാന്‍ പറയാറുള്ളത്. 


ആര്‍എസ്എസിന് ഹിന്ദുക്കള്‍, നായന്മാര്‍ക്ക് ഹൈന്ദവര്‍

ഞാന്‍ കമ്യൂണിസ്റ്റുകാരുടെ പരിപാടികളിലൊക്കെ പോകാറുണ്ട്, കൈരളിയിലാണ് ജോലി ചെയ്തത്, കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ യുവജന കമ്മിഷനില്‍ സ്‌റ്റേറ്റ് കോര്‍ഡിനേറ്ററായിരുന്നു. ബിജെപി-ബിഡിജെഎസ് സഖ്യത്തിനു വേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 41 സ്ഥലങ്ങളില്‍ പോയി. കമ്യൂണിസ്റ്റുകാരുടെ വേദിയില്‍ പോകുമ്പോള്‍ അവര്‍ പറയും, ഞങ്ങള്‍ക്കു താങ്കളെ ഇഷ്ടമാണ്, അപ്പുറത്തു നില്‍ക്കുമ്പോഴും പറയുന്ന കാര്യങ്ങളില്‍ ന്യായമുണ്ടെന്നു തോന്നിയിട്ടുണ്ട്. പക്ഷേ, നമ്മുടെ വേദിയില്‍ ഹിന്ദുവെന്നു പറയരുത്. പകരം ജാതിമത ഭേദമന്യേ മനുഷ്യര്‍ എന്നേ പറയാവൂ. അതുകൊണ്ട് ഞാന്‍ അവരുടെ വേദിയില്‍ പറയും, കേരളത്തിലെ ഇരുപത്തിയാറര ശതമാനം മുസ്‌ലിം ജനവിഭാഗത്തില്‍ എട്ട് ശതമാനമാണ് ആത്മഹത്യ, 20-22 ശതമാനമുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍ 12 ശതമാനമാണ് ആത്മഹത്യ. ബാക്കിവരുന്ന 50 ശതമാനം മനുഷ്യരിലാണ് ജാതിമതഭേദമന്യേ 80 ശതമാനം ആത്മഹത്യയും നടക്കുന്നത്. കോണ്‍ഗ്രസ്സുകാരും പറയും നമ്മുടെ വേദിയില്‍ വരുമ്പോള്‍ ഹിന്ദുവെന്നു പറയരുത്. നമുക്ക് ബി.ജെ.പി ലൈനല്ല. പകരം ഭൂരിപക്ഷ സമുദായം എന്നേ പറയാവൂ. കേരളത്തിലെ 50 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ സമുദായങ്ങളില്‍ 20 ശതമാനമാണ് ആത്മഹത്യയെന്നും ബാക്കിവരുന്ന 50 ശതമാനം ഭൂരിപക്ഷ സമുദായങ്ങളിലാണ് 80 ശതമാനം ആത്മഹത്യയെന്നും അവരുടെ വേദിയില്‍ പറയും. ബി.ജെ.പിക്കാരുടെ വേദിയില്‍ പോകുമ്പോള്‍ നമ്മള്‍ അഭിമാനത്തോടെ പറയണം ഹിന്ദുക്കളാണ് എന്നൊക്കെ പൊതുവേ അവര്‍ പറയാറുെങ്കിലും മധ്യതിരുവിതാംകൂര്‍ വേദികളില്‍ വരുമ്പോള്‍ അവര്‍ പറയും, നമ്മള്‍ ഹിന്ദുക്കളൊക്കെത്തന്നെയാണെങ്കിലും മോദിജിക്ക് ഒരുപാട് ക്രിസ്ത്യാനികളുടേയും പള്ളീലച്ചന്മാരുടെയുമൊക്കെ പിന്തുണയുണ്ട്. അവര്‍ മോദിജിക്ക് വോട്ടു ചെയ്യാനും നില്‍ക്കുകയാണ്. പി.സി. തോമസ് വന്നു, ഭാവിയില്‍ കെ.എം. മാണിയും കെ.പി. യോഹന്നാനും വരെ നമ്മുടെ കൂടെ വന്നേക്കാം. അതുകൊണ്ട് ഹിന്ദുത്വം ഓവറായിട്ട് പറഞ്ഞ് ആരേയും അകറ്റേണ്ട. കുറച്ചു മയത്തില്‍ മോദിജി, വികസനം എന്നൊക്കെ പറഞ്ഞാല്‍ മതി. അപ്പോള്‍ ഹിന്ദു എന്നതിനു പകരം എന്തു പറയണമെന്നു ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ആര്‍ഷഭാരത സംസ്‌കാരം എന്നു പറഞ്ഞാല്‍ മതി. കേരളത്തിലെ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കഴിഞ്ഞാല്‍ ബാക്കിയുള്ള 50 ശതമാനം വരുന്ന ആര്‍ഷഭാരത സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരിലാണ് 80 ശതമാനം ആത്മഹത്യയെന്ന് അവരുടെ വേദിയില്‍ ഞാന്‍ പറയും. എന്‍.എസ്.എസ്സിന്റെ വേദിയില്‍ പോയാല്‍ അവിടുത്തെ നേതാക്കള്‍ പറയുന്നത്, ഹൈന്ദവര്‍ എന്നാണ് പറയേത് എന്നാണ്. എന്‍.എസ്.എസ്സുകാരായ നായന്മാര്‍ ഹൈന്ദവരെന്നും ആര്‍.എസ്.എസ്സുകാര്‍ ഹിന്ദുക്കളെന്നും പറയും. അത്രേയുള്ളു വ്യത്യാസം എന്നാണ് ഹിന്ദുക്കളും ഹൈന്ദവരും തമ്മിലുള്ള വ്യത്യാസം എന്താണെന്നു ചോദിച്ചാല്‍ മറുപടി. എന്‍.എസ്.എസ്സുകാരായ നായന്മാര്‍ ഹിന്ദു സമൂഹം എന്നു പറയുമ്പോള്‍ ആര്‍.എസ്.എസ്സുകാര്‍ ഹിന്ദു സമാജം എന്നു പറയും. വെള്ളാപ്പള്ളി സാറിന്റെ വേദികളില്‍, കണിച്ചുകുളങ്ങരയില്‍ ഞാന്‍ മൂന്നുനാല് പ്രാവശ്യം പ്രഭാഷണത്തിനു പോയിട്ടുണ്ട്. ഞാന്‍ ഈ കണക്ക് കൊടുത്തിട്ട് അത് ബി.ഡി.ജെ.എസ്‌സിന്റെ എല്ലാ പോസ്റ്ററുകളിലും അടിച്ചിട്ടുണ്ട്. അദ്ദേഹവും ഒപ്പമുള്ളവരും പറയുന്നത്, നമ്പൂരി മുതല്‍ നായാടി വരെയുള്ളവരിലാണ് നമ്മുടെ ഈ 80 ശതമാനം ആത്മഹത്യ പോലുള്ള പ്രശ്‌നങ്ങള്‍ എന്നു പറയണമെന്നാണ്. 

അഖില ഹാദിയയുടെ അച്ഛനെ ഹിന്ദുത്വ തീവ്രവാദികള്‍ കുത്തിപ്പൊക്കുന്നു
 

(വിഡിയോ എടുത്ത) കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല എന്നു പൊലീസ് തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ അനുമതിയോടെ എടുത്ത വീഡിയോ എന്റെ കൈയിലുണ്ട്. അതില്‍ അശോകന്‍ ചിരിച്ചുകൊണ്ടാണിരിക്കുന്നത്. എല്ലാവരുടേയും അഭിമുഖം എടുത്തിട്ടുണ്ട്. മൊബൈലിലാണ് എടുത്തത്. കാര്യം എന്താണെന്നുവച്ചാല്‍, അഖിലാ ഹാദിയയുടെ അച്ഛനെ തീവ്ര ഹിന്ദുത്വ വാദികള്‍ കുത്തിപ്പൊക്കുകയാണ്. അദ്ദേഹത്തെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് പരാതി കൊടുപ്പിച്ചത്. അവരുടെ ഏറ്റവും വലിയ ദേഷ്യം തട്ടമിട്ട അഖിലാ ഹാദിയയുടെ ചിത്രം ഞാന്‍ കൊടുത്തു എന്നതാണ്. അത് മുസ്‌ലിം തീവ്രസ്വരക്കാര്‍ക്കു പ്രചോദനമാകും എന്നാണ് വാദം. നോക്കൂ, രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതി ജഡ്ജി ആര്‍വി രവീന്ദ്രന്‍ വരില്ലേ, അല്ലെങ്കില്‍ എന്നായാലും സുപ്രീംകോടതിയില്‍ മൊഴി കൊടുക്കുമല്ലോ. എത്രകാലം കള്ളം പറയും? അച്ഛന്‍ അമ്പലത്തില്‍ പോകാറില്ലായിരുന്നല്ലോ, ദൈവ വിശ്വാസിയായിരുന്നില്ലല്ലോ എന്ന് അഖിലാ ഹാദിയ ചോദിക്കുന്നത് എന്റെ വീഡിയോയിലുണ്ട്. അച്ഛനു ഇഷ്ടമുള്ള പാത അച്ഛന്‍ തെരഞ്ഞെടുത്തില്ലേ എന്ന്. അഖിലാ ഹാദിയ അടക്കം എല്ലാ കുട്ടികള്‍ക്കും ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടമെത്തുമ്പോള്‍ ഒരു ആത്മീയമായ ശൂന്യത ഉാകും. ഈ ആത്മീയശൂന്യത നികത്താന്‍ ഹിന്ദു സമൂഹത്തില്‍ പ്രത്യേകിച്ചൊരു മെക്കാനിസമില്ല. അതുകൊണ്ടാണ് സത്യം എന്ന് അവര്‍ കാണുന്ന രീതിയിലേക്കു തേടിപ്പോകുന്നത്. ഇളയരാജയുടെ മകന്‍ മതം മാറിപ്പോയല്ലോ. അദ്ദേഹം പണം വാങ്ങിപ്പോയതല്ലല്ലോ, ലവ് ജിഹാദല്ലല്ലോ എന്നു ഞാന്‍ തീവ്ര ഹിന്ദുത്വക്കാരോട് ചോദിച്ചു. കൃത്യമായി പറഞ്ഞാല്‍, ക്രിസ്ത്യന്‍ കുട്ടികളും മുസ്‌ലിം കുട്ടികളും നാലോ അഞ്ചോ വയസ്സ് മുതല്‍ ആഴ്ചയില്‍ ഒരു ദിവസം പരിശുദ്ധ ഖുര്‍ആനോ വിശുദ്ധ ബൈബിളോ പഠിച്ച് പതിനെട്ടു വയസ്സാകുമ്പോള്‍ ആയിരം മണിക്കൂറോളം ആത്മീയ വിദ്യാഭ്യാസം അവര്‍ക്കു കിട്ടുന്നു. ഹിന്ദു കുട്ടികള്‍ക്ക് അതു ലഭിക്കുന്നില്ല. ഗീത പഠിച്ചാലും ബൈബിളോ ഖുര്‍ആനോ പഠിച്ചാലും പ്രശ്‌നമില്ല. എന്തെങ്കിലും പഠിക്കുമ്പോള്‍ അവിടെ നമ്മള്‍ ചിന്തിക്കുന്നു, തര്‍ക്കിക്കുന്നു, മഹാന്മാരുടെ ജീവിതത്തില്‍നിന്നു മാതൃകകള്‍ ഉള്‍ക്കൊള്ളുന്നു. ഇങ്ങനെ മാതൃകകളില്ലാത്ത, കേട്ടറിവോ കറിവോ ചിന്താ അറിവോ ഇല്ലാത്ത ശൂന്യതയിലാണ് ആളുകള്‍ വിഭിന്നമായി പോകുന്നത്. ഇതിനെ അഭിമുഖീകരിക്കാതെ നമ്മുടെ സംസ്‌കാരം മഹത്തരമാണെന്നും ഇടയ്ക്കിടെ ആര്‍ഷഭാരത സംസ്‌കാരമെന്നും പറഞ്ഞുകൊണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല. ആര്‍ഷഭാരത സംസ്‌കാരത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷേ, അഹംബ്രഹ്മാസ്മി എന്നു വെറുതേ പറഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ല.

കുമ്മനം അതു പറയില്ല

സംഘ്പരിവാറിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഈ തീവ്രതയുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല. തീവ്രതയുള്ളവരുണ്ട്. പക്ഷേ, ബഹുഭൂരിപക്ഷം ആളുകളും ബഹുസ്വരതയെ അംഗീകരിക്കുന്നവരാണ്. കുമ്മനം ചേട്ടന്‍ (കുമ്മനം രാജശേഖരന്‍) വാവര് പള്ളിയുടെ ആളുകളെ വിളിച്ച് ആദരിച്ചല്ലോ. ക്‌ളിമ്മീസ് ബാവയെ കപ്പോള്‍ അദ്ദേഹം കാല് തൊട്ടു വണങ്ങിയല്ലോ. കുമ്മനം അടക്കമുള്ളവര്‍ക്ക് ഈ പ്രശ്‌നമില്ല. താഴേത്തട്ടിലേക്ക് ഇത് എത്തിയിട്ടില്ല. അതാണ് നിര്‍ണായക വിഷയം. അര്‍ത്തുങ്കല്‍ പള്ളി മുന്‍പു ശിവക്ഷേത്രമായിരുന്നുവെന്നു പറയുന്നതു പച്ചക്കള്ളമാണ്. സാമൂഹിക സംഘര്‍ഷമുണ്ടാക്കാനാണ് ഇതു പറയുന്നത്. കുമ്മനമോ സി.കെ. പത്മനാഭനോ പി.എസ്. ശ്രീധരന്‍ പിള്ളയോ ഇതു പറയില്ലെന്നുറപ്പാണ്. ക്രിസ്ത്യാനികളെ കൂടെ നിര്‍ത്താന്‍ മത്സരിച്ചു ശ്രമിക്കുന്നതിനിടെ മോദിജിയും ഇത് അംഗീകരിക്കില്ല. ഒരുപാട് നല്ല നേതാക്കള്‍ അതു പറയില്ല. അതിതീവ്ര ഹിന്ദുത്വക്കാരാണ് ഇതു പറയുന്നത്. അവിടെ വേറെ ക്ഷേത്രം പണിയണമെങ്കില്‍ ആകാമല്ലോ. അതിനു പകരം ക്രിസ്ത്യന്‍ പള്ളിയുടേയും മുസ്‌ലിം പള്ളിയുടേയും മുകളില്‍കയറി ഹിന്ദു ഐക്യം ഉണ്ടാക്കേതില്ല. ഹിന്ദു അമ്പലങ്ങളുടെ താഴെ, മുസ്‌ലിം പള്ളികളുടെ താഴെ, ക്രിസ്ത്യന്‍ പള്ളികളുടേയും ബുദ്ധ വിഹാരങ്ങളുടേയും താഴെ ഇന്ത്യയുടെ മണ്ണാണ് എന്ന നിലപാടാണ് വേണ്ടത്. ആ മണ്ണില്‍ ചവിട്ടിനില്‍ക്കുന്നവര്‍ ബഹുസ്വരതയോടെ പോകണം.

അല്‍ രാഹുല്‍ ഈശോ തങ്ങള്‍

ഗൗരവമുള്ള വിമര്‍ശനങ്ങള്‍ക്കു ഞാന്‍ മറുപടി പറയാറുണ്ട്. വളരെ സില്ലിയായ വിമര്‍ശനങ്ങളും വരാറുണ്ട്. ക്രിസ്ത്യാനികള്‍ ഫണ്ട് ചെയ്യുന്ന ശ്രീലങ്കന്‍ ബുദ്ധിസ്റ്റാണ് ഞാനെന്ന് വിമര്‍ശിച്ചവരുണ്ട്. എന്നെ ശാഖയിലൊന്നും കിട്ടില്ലെന്നും അതിനു കാരണമായി പറയുന്നു. ഒരുപക്ഷേ, ആര്‍.എസ്.എസ്‌സുകാരെക്കാള്‍ കൂടുതല്‍ അവരുടെ വേദികളില്‍ പോയിട്ടുള്ളയാളാണ് ഞാന്‍. ഹിന്ദുത്വത്തെക്കുറിച്ചു പറയുന്നയാളുമാണ്. ശ്രീലങ്കന്‍ ബുദ്ധിസ്‌റ്റെന്നു പറഞ്ഞവര്‍ ഇപ്പോള്‍ ഐ.എസാണ് ഞാനെന്നുകൂടി പറയുന്നുണ്ട്. ബി.ജെ.പിയുടെ പ്രമുഖയായ ഒരു ഓണ്‍ലൈന്‍ വാൡയര്‍ എന്നെ പരിഹസിച്ചു വിശേഷിപ്പിച്ചത് അല്‍ രാഹുല്‍ ഈശോ തങ്ങള്‍ എന്നാണ്. ഞാന്‍ ചെറുപ്രായത്തില്‍ വൈ.എം.സി.എയുടെ യൂത്തുവിങ് സെക്രട്ടറിയായിരുന്നിട്ടു്. നമ്മുടെ നാടിന്റെയൊരു മഹത്വമാണത്. ഹിന്ദുവായ എനിക്ക് യംഗ്‌മെന്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ യൂത്ത് വിങ് ഭാരവാഹിയാകാന്‍ കഴിയുന്നു. ഇതു ലോകത്തൊരിടത്തും സാധിക്കില്ല. ശബരിമലയില്‍ ഇപ്പോഴും വാവരുടെ പച്ചപ്പട്ട് വച്ചിട്ടുണ്ട്. വിഗ്രഹാരാധന മുസ്‌ലിങ്ങള്‍ക്ക് അനുവദനീയമല്ലാത്തതുകൊണ്ട് വാവരുടെ പ്രതീകമായാണ് പട്ട്. നമ്മള്‍ ലോകത്തെ പഠിപ്പിച്ച ഏറ്റവും വലിയ മൂല്യം ഇതാണ്. ഈ സൗഹാര്‍ദ്ദം. ജൂതന്മാര്‍ക്ക് യേശുവിനെ രക്ഷകനായി മനസ്സിലാക്കാന്‍ കഴിയാതെ പോയതുപോലെയാണ് തീവ്ര ഹിന്ദുത്വക്കാര്‍ക്ക് ഗാന്ധിജിയെ മനസ്സിലാകാതെ പോയത് എന്നു ഞാന്‍ ആര്‍.എസ്.എസ്സുകാരുടെ വേദിയില്‍ പറയാറുണ്ട്. 

രാഹുല്‍ ഈശ്വറുമായി പിഎസ് റംഷാദ് നടത്തിയ അഭിമുഖം പുതിയ ലക്കം സമകാലിക മലയാളം വാരികയില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT