ഗുരുവായൂർ: തൃശൂർ ജില്ല കലക്ടർ ടിവി അനുപമക്കെതിരെ ബിജെ.പി ബൗദ്ധിക സെൽ തലവന്‍ ടി.ജി മോഹൻദാസ് ഉന്നയിച്ച ആരോപണം വസ്തുതാവിരുദ്ധം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മോഹൻദാസ് കലക്ടർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. 'അനുപമ ക്രിസ്ത്യാനിയാണോ? ആണെങ്കിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ നിന്ന് രാജിവെക്കണം. ഇപ്പോൾ.. ഈ നിമിഷം...' എന്നായിരുന്നു ആദ്യ ട്വീറ്റ്. തൊട്ട് പിന്നാലെ 'തൃശൂർ ജില്ല കലക്ടർ എപ്പോഴും ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ സർക്കാർ പ്രതിനിധിയാണ്. അതിനാൽ തൃശൂർ ജില്ലയിൽ ഹിന്ദുവിനെ മാത്രമാണ് കലക്ടറായി വെക്കാറുള്ളത്' എന്നും കുറിച്ചു. മോഹൻദാസ് ചൂണ്ടിക്കാട്ടിയ കാര്യങ്ങളൊന്നും വസ്തുതാപരമല്ല.
തൃശൂരിൽ ഹിന്ദുവിനെ മാത്രമല്ല കലക്ടറായി നിയമിച്ചിട്ടുള്ളത്. അങ്ങനെയൊരു ഉത്തരവും സർക്കാർ ഇറക്കിയിട്ടില്ല. അനുപമ ദേവസ്വം ഭരണ സമിതിയിൽ നിന്ന് രാജിവെക്കണം എന്നാണ് ഒരു ആവശ്യം. എന്നാൽ ജില്ല കലക്ടർ ദേവസ്വം ഭരണ സമിതിയിൽ അംഗമല്ല. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പദവിയിൽ ആളില്ലാതെ വരുന്ന ഘട്ടങ്ങളിൽ കലക്ടർമാർക്ക് ചുമതല നൽകാറുണ്ട്. ഡോ. എം ബീന, എം.എസ് ജയ തുടങ്ങിയവരൊക്കെ അടുത്ത കാലത്ത് ഈ ചുമതല വഹിച്ചിട്ടുണ്ടെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ദേവസ്വം ചട്ടമനുസരിച്ച് ഡെപ്യൂട്ടി കലക്ടറുടെയോ, അതിനു മുകളിലുള്ളവരെയോ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തേക്ക് നിയോഗിക്കാം. സബ് കലക്ടർമാരായിരുന്ന ഹരിത വി കുമാര്‍, രേണു രാജ്, ഡെപ്യൂട്ടി കലക്ടർ കെബി ഗിരീഷ് എന്നിവരെല്ലാം അടുത്ത കാലത്ത് താൽക്കാലിക അഡ്മിനിസ്ട്രേറ്റർമാരായിരുന്നു.
ടിഒ സൂരജ്, ഡോ. വികെ ബേബി, പിഎം ഫ്രാൻസിസ് എന്നിവരെല്ലാം തൃശൂർ ജില്ല കലക്ടർ ആയിരുന്നു. സൂരജ് കലക്ടറായിരുന്ന കാലത്ത് കെ കരുണാകരൻ തന്നെ ഗുരുവായൂരിനെ ചൂണ്ടിക്കാട്ടി കലക്ടർ ഹിന്ദുവാകണമെന്ന വാദം ഉയർത്തിയിരുന്നു. എന്നാൽ അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ. ആൻറണി ആവശ്യം ചെവിക്കൊണ്ടില്ല. ഗുരുവായൂർ ദേവസ്വത്തിൽ എൻജിനീയറായ രമണിയാണ് അനുപമയുടെ മാതാവ്.
ശബരിമല വിഷയം ഉന്നയിച്ച് വോട്ട് ചോദിച്ചതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് അനുപമയ്ക്ക് എതിരെ വ്യാജ ആരോപണവുമായി ടിജി മോഹന്‍ദാസും സംഘപരിവാറും രംഗത്തെത്തിയത്.
അനുപമയുടെ ഫെയ്സ്ബുക്ക് പേജില്‍ തെറിവിളികളുമായി എത്തിയ സംഘപരിവാര്‍ അണികള്‍, കലക്ടറുടെ മതം പറഞ്ഞും അധിക്ഷേപം നടത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates