കൊച്ചി: ഹെല്‍മറ്റ് ഇല്ലാത്ത ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി. ട്രാഫിക് നിയമലംഘകരെ പിടിക്കാന്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഇത് സംബന്ധിച്ച് 2002ലെ ഡിജിപി സര്‍ക്കുലര്‍ പാലിക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
മലപ്പുറം രണ്ടാത്താണി സ്വദേശിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. രണ്ടാത്തണി സ്വദേശി ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്രചെയ്തപ്പോള്‍ പൊലീസ് കൈകാണിച്ചിരുന്നു. ആ സമയത്ത് വണ്ടി നിര്‍ത്താതെ പോയപ്പോള്‍ മറ്റൊരു വാഹനത്തിനിടിച്ച് വലിയ അപകടം സംഭവിച്ചിരുന്നു. ഇതേതുടര്‍ന്ന് രണ്ടത്താണി സ്വദേശി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തിയപ്പോഴാണ് സുപ്രധാനമായ നിര്‍ദ്ദേശം ഉണ്ടായത്.
ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടികൂടരുത്. റോഡിലേക്ക് കയറിനിന്ന് ഗതാഗതം തടയുന്ന സമ്പ്രാദായം ഒഴിവാക്കണം. ഇത് തടയാനായി നൂതനമാര്‍ഗങ്ങള്‍ ഉണ്ട്. ക്യാമറകള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനും ഇവരില്‍ നിന്ന് പിഴ ഈടാക്കാനും കഴിയും.2002ലെ ഡിജിപിയുടെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായത്.
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നാല് വയസ്സിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തിരുന്നത്. ഈ നിയമം അതേപടി നടപ്പാക്കണമെന്നാണ് ഹൈക്കോടതി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates