വാഷിങ്ടൺ: ഇന്ത്യയില്‍ നിന്നുള്ള ടെക് ജീവനക്കാരുടെ ആശങ്കയ്ക്കിടെ, വിവാദമായ എച്ച്-1ബി വിസ നയത്തില്‍ വിശദീകരണവുമായി അമേരിക്ക. എച്ച്-1ബി വിസകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളര്‍ വാര്‍ഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു. ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂവെന്നും വര്‍ഷം തോറും ഈടാക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇതോടൊപ്പം നിലവിലെ എച്ച്-1ബി വിസ പുതുക്കുമ്പോള്‍ ഈ ഫീസ് നല്‍കേണ്ടതില്ലെന്നും കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി. നിലവിലെ വിസ ഉടമകള്‍ക്ക് അമേരിക്കയില്‍ താമസിക്കുന്നതിനും അമേരിക്കയില്‍ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എച്ച്-1ബി വിസകള്‍ പുതുതായി നല്‍കുന്നത് നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനമെന്നും അവര്‍ പറഞ്ഞു.
'ഇത് വാര്‍ഷിക ഫീസല്ല. ഇത് ഒറ്റത്തവണ ഫീസാണ്. പുതിയ വിസകള്‍ക്ക് മാത്രം, പുതുക്കലുകള്‍ക്ക് അല്ല, നിലവിലുള്ള വിസ ഉടമകള്‍ക്ക് അല്ല,'- കരോലിന്‍ ലെവിറ്റ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. 'ഇതിനകം എച്ച്-1ബി വിസ കൈവശമുള്ളവരും നിലവില്‍ രാജ്യത്തിന് പുറത്തുള്ളവരുമായവര്‍ക്ക് വീണ്ടും പ്രവേശിക്കുന്നതിന് 100,000 ഡോളര്‍ ഈടാക്കില്ല. എച്ച്-1ബി വിസ ഉടമകള്‍ക്ക് സാധാരണ ചെയ്യുന്ന അതേ പോലെ രാജ്യം വിടാനും വീണ്ടും പ്രവേശിക്കാനും കഴിയും,'- കരോലിന്‍ ലെവിറ്റ് പറഞ്ഞു.
ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ തുടങ്ങിയ പ്രത്യേക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനികളെ അനുവദിക്കുന്നതിന്റെ ഭാഗമായാണ് എച്ച്- വണ്‍ബി വിസ നല്‍കുന്നത്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് അനുവദിക്കുന്നത്. പക്ഷേ ആറ് വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. 2024-ല്‍ അമേരിക്ക ഏകദേശം 400,000 എച്ച്-1ബി വിസകള്‍ക്ക് അംഗീകാരം നല്‍കി. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും പുതുക്കലുകളായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates